Sunday, September 16, 2007

ശ്രീമദ്‌ ഭഗവദ്‌ഗീത 2- 16-20

16.
നാസതോ വിദ്യതേഭാവോ നാഭാവോ വിദ്യതേ സതഃ
ഉഭയോരപി ദൃഷ്ടോന്തസ്ത്വനയോസ്തത്വദര്‍ശിഭിഃ

അസതഃ = അസത്തിന്‌ - ഇല്ലാത്തതിന്‌
ഭാവഃ ന വിദ്യതേ = ഉണ്മ ഇല്ല
സതഃ അഭാവഃ ന (വിദ്യതേ)= ഉള്ളതിന്‌ ഇല്ലായ്മയും ഇല്ല
അനയോ ഉഭയോ = ഇവയുടെ രണ്ടിന്റേയും
അന്തഃ = നിശ്ചയം
തത്വദര്‍ശിഭിഃ ദൃഷ്ടഃ=ബ്രഹ്മജ്ഞാനികളാല്‍ യഥാര്‍ത്ഥമായി അറിയപ്പെട്ടിരിക്കുന്നു.

"ഇല്ലാത്തതുണ്ടാകയില്ലയല്ലൊ ഇല്ലാതെ പോകയില്ലുള്ളതൊന്നും " എന്ന പദ്യശകലം ഈ വരികളുടെ ആദ്യത്തെ പാദം തര്‍ജ്ജമയാണ്‌.
17.
അവിനാശി തു തദ്വിദ്ധി യേന സര്‍വമിദം തതം
വിനാശമവ്യയസ്യാസ്യ ന കശ്ചിത്‌ കര്‍തുമര്‍ഹസി

ഇദം ജഗത്‌ യേന തതം = ഈ ജഗത്ത്‌ യതൊന്നിനാല്‍ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ
തത്‌ അവിനാശി വിദ്ധി = ആ വസ്തു നാശമില്ലാത്തതാണ്‌ എന്നറിയുക.
അവ്യയസ്യ അസ്യ = നശിക്കാത്ത അതിന്റെ
വിനാശം കര്‍ത്തും ന കശ്ചിത്‌ അര്‍ഹതി = നാശമുണ്ടാക്കുവാന്‍ ആരും സമര്‍ഥരല്ല.

ജഗത്ത്‌ എന്ന ബ്രഹ്മാണ്ഡം മുഴുവനും അതു മാത്രമാണ്‌ അതിനു നാശമില്ല ഒരിക്കലും, അതിനെ നശിപ്പിക്കുവാന്‍ ആരും സമര്‍ത്ഥരും അല്ല.

18.

അന്തവന്ത ഇമേ ദേഹാ നിത്യസ്യോക്താഃ ശരീരിണഃ
അനാശിനോപ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത

അപ്രമേയസ്യ അനാശിനഃ നിത്യസ്യ അസ്യ ഇമേ ദേഹാഃ = അളവില്ലാത്തവനായ, നാശമില്ലാത്തവനായ നിത്യനായ ഇവന്റെ ഈ ശരീരം
അന്തവന്തഃ = നാശമുള്ളവയാണ്‌.
തസ്മാത്‌ ഭാരത യുദ്ധ്യസ്വ = അതുകൊണ്ട്‌ അല്ലയോ ഭാരത, നീ യുദ്ധം ചെയ്യുക.
ധര്‍മ്മാധര്‍മ്മങ്ങള്‍ നിര്‍വഹികുന്ന ശരീരത്തിനു മാത്രമേ നാശം ഉള്ളു. ആത്മാവ്‌ നിത്യനാണ്‌ അതു കൊണ്ട്‌ നീ യുദ്ധം ചെയ്തു കൊള്ളൂ എന്ന്‌ ഭഗവാന്‍ അനുവാദം കൊടുക്കുന്നു.

19.
യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം
ഉഭൗ തൗ ന വിജാനീതോ നായം ഹന്തി ന ഹന്യതേ

യഃ ഏനം ഹന്താരം വേത്തി = ആര്‌ ഇവനേ കൊല്ലുന്നവനെന്നു കരുതുന്നു
യഃ ച ഏനം ഹതം മന്യതേ = ആര്‌ ഇവനേ മരിച്ചു എന്നു കരുതുന്നുവോ
തൗ ഉഭൗ = അവര്‍ രണ്ടു കൂട്ടരും
ഏനം ന വിജാനീതഃ = ഇവനെ അറിയുന്നില്ല
അയം ന ഹന്തി ന ഹന്യതേ = ഇവന്‍ കൊല്ലുന്നുമില്ല , കൊല്ലപ്പെടുന്നുമില്ല

20.
ന ജായതേ മ്രീയതേ വാ കദാചിത്‌
നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ
അജോ നിത്യ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ

അയം ന ജായതേ ന മ്രീയതേ വാ = ഈ ആത്മാവ്‌ ജനിക്കുന്നില്ല മരിക്കുന്നുമില്ല
ന ഭൂത്വാ ഭൂയഃ ന ഭവിതാ = ഇല്ലാതായിട്ട്‌ വീണ്ടും ഉണ്ടാകുന്നതും അല്ല
അജഃ = ജനിക്കാത്തതും
നിത്യഃ = നശിക്കാത്തതും
ശാശ്വതഃ = എല്ലാക്കാലവും നിലനില്‍ക്കുന്നതും
പുരാണഃ = നിത്യനൂതനനും ആണ്‌.
ശരീരേ ഹന്യമാനേ ന ഹന്യതേ = ഇവന്‍ ശരീരം നശിക്കുമ്പോള്‍ നശിക്കുന്നില്ല

ശ്രീമദ്‌ ഭഗവദ്‌ഗീത 2 - 8-15

8 - ന ഹി പ്രപശ്യാമി മമാപനുദ്യാ-
ദ്യഛോകമുഛോഷണമിന്ദ്രിയാണാം
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം

ഇന്ദ്രിയാണാം ഉഛോഷണം മമ യത്‌ ശോകം = എന്റെ ഇന്ദ്രിയങ്ങളേ വിഷമിപ്പിക്കുന യാതൊരു ദുഃഖമാണോ എനിക്കുള്ളത്‌
തത്‌ യത്‌ അപനുദ്യാത്‌ = അതിനെ യതൊന്ന്‌ നശിപ്പിക്കുമോ
തത്‌ ന ഹി പ്രപശ്യാമി = അത്‌ ഞാന്‍ അറിയുന്നില്ല
ഭൂമൗ അസപത്നം = ഭൂമിയില്‍ ശത്രുക്കളില്ലാത്തതും
സമൃദ്ധം രാജ്യം = സമ്പല്‍സമൃദ്ധവുമായ രാജ്യമോ
സുരാണാം ആധിപത്യം അവാപ്യ അപി = ദേവന്മാരുടെ ആധിപത്യം കൂടി കിട്ടിയാല്‍ പോലും

കഠോപനിഷത്തില്‍ നചികേതസ്സ്‌ യമധര്‍മ്മനോടു ചോദിച്ച കാര്യം വിശദീകരിച്ചപ്പോഴും നാം ഇതു തന്നെ കണ്ടു. സര്‍വസമ്പല്‍സമൃദ്ധമായ ത്രിലോകചക്രവര്‍ത്തിയായി, തനിക്കിഷ്ടമുള്ള കാലത്തോളം ജീവിച്ചു കൊള്ളാനുള്ള അനുവാദം ആണ്‌ യമന്‍ വച്ചു നീട്ടിയത്‌. എന്നാല്‍ അതു വേണ്ട, തനിക്ക്‌ ആത്മജ്ഞാനം മതി എന്ന്‌ നചികേതസ്സ്‌ പറഞ്ഞു. എന്നാല്‍ ഇവിടെ അര്‍ജ്ജുനന്‌ തനിക്ക്‌ വേണ്ടത്‌ ഇതൊന്നും അല്ല എന്നറിയാം , പക്ഷെ എന്താണ്‌ വേണ്ടത്‌ എന്നറിയില്ല താനും. അതുകൊണ്ട്‌ പരമഗുരുവായ ശ്രീകൃഷ്ണഭഗവാനെ ആശ്രയം പ്രാപിച്ചിരിക്കുന്നു തനിക്കു വേണ്ടത്‌ ഉപദേശിച്ചുതന്നാലും എന്നപേക്ഷിക്കുന്നു.

9. ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരംതപഃ
ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ

ഗുഡാകേശഃ = അലസത ഇല്ലാത്തവന്‍
പരംതപഃ = ശത്രുവിനെ ദുഃഖിപ്പിക്കുന്നവന്‍
ഹൃഷീകേശം ഗോവിന്ദം = ഇന്ദ്രിയപ്രേരകനായ ഗോവിന്ദനോട്‌
ഏവം ന യോത്സ്യേ ഇതി ഉക്ത്വാ = ഇപ്രകാരം യുദ്ധം ചെയ്യുകയില്ല എന്നു പറഞ്ഞിട്ട്‌
തൂഷ്ണീം ബഭൂവ ഹ = വെറുതേ ഇരുന്നു

10. തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത
സേനയോരുഭയോര്‍മ്മദ്ധ്യേ വിഷീദന്തമിദം വചഃ

രണ്ടു സൈന്യങ്ങളുടെയും മധ്യത്തില്‍ വിഷാദത്തോടു കൂടി ഇരിക്കുന്ന അവനോട്‌ ശ്രീകൃഷ്ണന്‍ ചിരിച്ചു കൊണ്ട്‌ ഇങ്ങനെ പറഞ്ഞു

11. അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ

അശോച്യാന്‍ = ദുഃഖിക്കാന്‍ അര്‍ഹരല്ലാത്തവരെ കുറിച്ച്‌
ത്വം അന്വശോച = നീ ദുഃഖിക്കുന്നു.
പ്രജ്ഞാവാദാന്‍ ഭാഷസേ ച = പണ്ഡിതന്മാരെ പോലെ സംസാരിക്കുകയും ചെയ്യുന്നു.
പണ്ഡിതാഃ = പണ്ഡിതന്മാര്‍
ഗതാസൂന്‍ അഗതാസൂന്‍ ച ന അനുശോചന്തി = മരിച്ചവരെ കുറിച്ചും മരിക്കാത്തവരെ കുറിച്ചും ദുഃഖിക്കാറില്ല.

ഇവിടം മുതലാണ്‌ യഥാര്‍ഥ ഗീതാപ്രവചനം. പരമാര്‍ത്ഥം എന്താണ്‌ , നമ്മുടെ അല്‍പബുദ്ധിയില്‍ കാണുന്നതും തോന്നുന്നതും എന്താണ്‌ എന്നുള്ള വസ്തുതകള്‍ ഭഗവാന്‍ ഇവിടം മുതല്‍ വിശദീകരിക്കുകയാണ്‌.
അര്‍ജ്ജുനന്റെ വാദങ്ങള്‍ കേട്ടാല്‍ പണ്ഡിതന്മാരുടെ വാക്കുകള്‍ പോലെ തോന്നാം, എന്നാല്‍ യഥാര്‍ത്ഥജ്ഞാനികള്‍ മരിച്ചവരെ കുറിച്ചോ , മരിക്കാത്തവരെ കുറിച്ചോ ദുഃഖിക്കുന്നവരല്ല , അര്‍ജ്ജുനന്‍ ഇവിടെ ദുഃഖിക്കുന്നു.

ദേഹത്തില്‍ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ്‌ ജ്ഞാനികള്‍. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത്‌ ആത്മാവിന്റെ ഉടുപ്പുമാറല്‍ മാത്രമാണ്‌- തങ്ങള്‍ നിത്യനായ ആത്മാവാണ്‌ എന്ന്‌ അനുഭവത്തില്‍ അറിഞ്ഞ അവര്‍ക്ക്‌ അതുകാരണം തന്നെ മരണം എന്ന അവസ്ഥയില്‍ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകള്‍ ഇനിയങ്ങോട്ട്‌ വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോള്‍ വെറുതേ വേണ്ടാത്ത രീതിയില്‍ ദുഃഖിക്കുകയാണ്‌, ഇവര്‍ മരിച്ചു പോകും എന്നോര്‍ത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല.

12. ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ സര്‍വേ വയമിതഃ പരം
അഹം ജാതു ന ആസം ഇതി ന = ഞാന്‍ ഒരുകാലത്തിലും ഇല്ലാതിരുന്നിട്ടില്ല
ത്വം ഇമേ ജനാധിപാഃ ( ച )= നീയും ഈ രാജാക്കന്മാരും (ഒക്കെ അതു പോലെ തന്നെ ഇല്ലാതിരുന്നിട്ടില്ല)
സര്‍വേ വയം ഇതഃ പരം ന ഭവിഷ്യാമ ഇതി ച ന = ഇനി മേലിലും നാമെല്ലാവരും തന്നെ ഇല്ലാതിരിക്കുകയും ഇല്ല

ഇതാണ്‌ യാഥാര്‍ത്ഥ്യം. ഇതെല്ലാം ഉള്ളതാണ്‌ , ഇല്ലാതാകുകയും ഇല്ല. പക്ഷെ ആത്മജ്ഞാനം ഇല്ലാത്തവര്‍ ദേഹത്തില്‍ ആത്മാവിനെ സങ്കല്‍പിച്ച്‌ ദേഹനാശത്തില്‍ ദുഃഖിക്കുന്നു. അതു കൊണ്ട്‌ ഭഗവാന്‍ പറയുന്നു ഞാനോ നീയോ ഇക്കാണുന്ന രാജാക്കന്മാരോ എല്ലാം തന്നെ പണ്ടുണ്ടായിരുന്നവരും ഇപ്പോള്‍ ഉള്ളവരും ഇനി ഉണ്ടായിരിക്കുന്നവരും ആണ്‌, അല്ലാതെ, ഇല്ലാതെ പോകുന്നില്ല.

13. ദേഹിനോസ്മിന്‍ യഥാ ദേഹേ കൗമാരം യൗവനം ജരാ
തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി

ഈ ദേഹത്തില്‍ എപ്രകാരം ദേഹാഭിമാനിയായ ആത്മാവിന്‌ കൗമാരം, യൗവനം വാര്‍ധക്യം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുന്നുവോ അതു പോലെ തന്നെ അന്യശരീരപ്രാപ്തിയും ഉണ്ടാകുന്നു. ധൈര്യശാലികള്‍ ഈ വിഷയത്തില്‍ മോഹിക്കുന്നില്ല

14. മാത്രാസ്പര്‍ശാസ്തു കൗന്തേയ ശീതോഷ്ണദുഃഖദഃ
ആഗമാപായിനോനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത

മാത്രാസ്പര്‍ശാ തു ശീതോഷ്ണസുഖദുഃഖദാഃ = മാത്രകളും സ്പര്‍ശങ്ങളും ശീതവും ഉഷ്ണവും പോലെ സുഖം ദുഃഖം എന്നിവയെ ഉണ്ടാക്കുന്നവയാണ്‌
ആഗാമാപായിനഃ= വന്നു പോകുന്നവയാണ്‌
അനിത്യാഃ = അനിത്യങ്ങളാണ്‌
ഭാരത താം തിതിക്ഷസ്വ = അല്ലയോ ഭാരത അതിനെ സഹിച്ചാലും

നിത്യമായ തത്വം ആത്മാവായതിനാല്‍ അതിന്‌ ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള ബന്ധം കൊണ്ട്‌ ശീതോഷ്ണസുഖദുഃഖാദികള്‍ ദേഹത്തില്‍കൂടി അനുഭവ്പ്പെടുന്നതു പോലെ ഇതും സഹിച്ചേ മതിയാകൂ.

15. യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷര്‍ഷഭ
സമദുഃഖസുഖം ധീരം സോമൃതത്വായ കല്‍പതേ

പുരുഷര്‍ഷഭ= അല്ലയോ പുരുഷശ്രേഷ്ഠ
സമദുഃഖസുഖം ധീര,ം = സുഖത്തിലും ദുഃഖത്തിലും ഒരേപോലെ ഇരിക്കുന്ന ധീരനായ
യം പുരുഷം = യാതൊരു പുരുഷനെ
ഏതേ ന വ്യഥയന്തി = ഇവ ദുഃഖിപ്പിക്കുന്നില്ലയോ
സഃ അമൃതത്വായ കല്‍പതേ = അവന്‍ മോക്ഷാര്‍ഹനാകുന്നു.

സുഖം ദുഃഖം എന്നിവ സാധാരണ മനുഷ്യര്‍ക്ക്‌ വ്യത്യസ്തങ്ങള്‍ ആണ്‌. എന്നാല്‍ ആര്‍ക്കാണൊ ഈ രണ്ട്‌ അവസ്ഥകളിലും ഒരേ പോലെ വര്‍ത്തിക്കുവാന്‍ കഴിയുന്നത്‌ അവന്‍ മോക്ഷത്തിന്‌ അര്‍ഹനാകുന്നു

Wednesday, May 23, 2007

ഭഗവത്‌ ഗീത - സ്വാമി സ്വപ്രഭാനന്ദമഹാരാജിന്റെ വാക്യങ്ങള്‍

ഭഗവത്‌ ഗീതയുടെ ആമുഖമായ പ്രസക്തഭാഗം ഇനി കേവലം 3 ശ്ലോകങ്ങളേ ഉള്ളു. ഇത്രയും ഭാഗത്തെ ആസ്പദമാക്കിയാണ്‌ ആചാര്യ ശ്രീശങ്കരസ്വാമികള്‍ ഗീതാഭാഷ്യത്തിന്‌ ഉപോദ്ഘാതം രചിച്ചത്‌. അതില്‍ തന്നെ വ്യക്തമാക്കുന്നു പലരുടെയും വ്യാഖ്യാനങ്ങള്‍ ഗീതയുടെ ഉദ്ദിഷ്ട അര്‍ത്ഥത്തിനു നിരക്കാത്തവ ആയിരുനു എന്ന്‌ . ‌ എന്റെ ജ്യേഷ്ടന്റെ ഗീതാ-ഭാഗവത പഠനത്തിന്‌ കൊയിലാണ്ടി ശ്രീ രാമകൃഷ്ണാശ്രമമഠാധിപതി സ്വാമി സ്വപ്രഭാനന്ദ മഹരാജ്‌ എഴുതിയ അവതാരിക താഴെ കാണുക.
-------------------------------------------------------
അവതാരിക

സര്‍വോപനിഷദോ ഗാവോ
ദോഗ്ദ്ധാ ഗോപാലനന്ദനഃ
പാര്‍ത്ഥോ വത്സ സുധീര്‍ഭോക്താ
ദുഗ്ദ്ധം ഗീതാമൃതം മഹത്‌

(എല്ലാ ഉപനിഷത്തുകളുമാകുന്നു പശുക്കള്‍. അവയുടെ കറവക്കാരനാന്‌ ശ്രീ കൃഷ്ണനാകുന്നു. ഇവിടുത്തെ കന്നുകുട്ടി പൃഥാപുത്രനായ അര്‍ജ്ജുനന്‍ ആകുന്നു. ശോഭനബുദ്ധിയുള്ള മനുഷ്യനാണ്‌ ഭോക്താവ്‌. മഹത്തായ ഗീതാമൃതമാകുന്നു ഉപനിഷത്‌ പശുക്കളുടെ പാല്‌) എന്ന ശ്ലോകം വളരെ പ്രസിദ്ധമാണല്ലൊ.ഈ ഗീതാമൃതത്തിന്‌ ഭാഷ്യമെഴുതുന്നതിന്‌ മുമ്പ്‌ ശ്രീശങ്കരന്‍ അതിനൊരു ഉപോദ്ഘാതം രചിച്ചിട്ടുണ്ട്‌. അത്‌ വളരെ പ്രസിദ്ധവും പ്രസക്തവും ആയ കാര്യങ്ങള്‍ മാത്രം ഉള്‍ക്കൊണ്ടതുമാണ്‌. ഉപനിഷത്‌ സാരസംഗ്രഹഭൂതമായ ഗീതാമൃതത്തെ പലരും വ്യാഖ്യാനിച്ചിട്ടുണ്ട്‌. ആ വ്യാഖ്യാനങ്ങളില്‍ പല പാളിച്ചകളും വ്യാഖ്യാതാക്കളുടെ പോരായ്മ കൊണ്ട്‌ സംഭവിച്ചു പോയിട്ടുള്ളതു കൊണ്ട്‌ അതു പരിഹരിക്കാനാണ്‌ ശ്രീ ശങ്കരന്‍ ഗീതാഭാഷ്യം എഴുതിയത്‌ എന്നും അദ്ദേഹം ആ ഉപോദ്ഘാതത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വേദോക്തങ്ങളായ പ്രവൃത്തിധര്‍മ്മവും നിവൃത്തിധര്‍മ്മവും അനുഷ്ഠാതാക്കളുടെ സ്വാര്‍ത്ഥബുദ്ധി കൊണ്ട്‌ പലവിധത്തിലും അധഃപതിച്ചു പോയിട്ടുണ്ട്‌ എന്നും ശ്രീശങ്കരന്‍ പറഞ്ഞു. അതുകൊണ്ട്‌ ആധുനിക കാലത്ത്‌ മനുഷ്യരുടെ ജീവിതവിജയത്തിന്‌ അനുഷ്ഠേയമായതെന്തെന്ന്‌ നിര്‍ണ്ണയിക്കാന്‍ ഭഗവത്ഗീതാപഠനം വളരെ സഹായിക്കും. ശ്രെമദ്‌ ഭഗവത്‌ഗീതയുടെ മഹത്വത്തെ കുറിച്ച്‌ ശ്രീ പരം,ഏസ്വരന്‍ പാര്‍വതിക്കുപദേശിച്ചു കൊടുത്തിട്ടുണ്ട്‌.(പത്മപുരാണം 103- 199 അദ്ധ്യായങ്ങള്‍) അതു കേട്ട ശേഷമാണ്‌ പാര്‍വതിക്ക്‌ ശ്രീകൃഷ്ണകഥ കേള്‍ക്കുവാന്‍ താല്‍പര്യമുണ്ടായത്‌. അപ്പോള്‍ പരമശിവന്‍ ശ്രീപാര്‍വതിക്ക്‌ ഉപദേശിച്ചതാണ്‌ ഭാഗവതഗ്രന്ധങ്ങളില്‍ ചേര്‍ക്കപ്പെട്ടു കാണുന്ന പത്മപുരാണാന്തര്‍ഗ്ഗതമായ ഭാഗവതമാഹാത്മ്യം. എന്നാല്‍ എന്തുകാരണം കൊണ്ടാണ്‌ ഭാഗവതമാഹാത്മ്യത്തില്‍ നിന്നും ശ്രീപാര്‍വത്യുവാച , ഈശ്വര ഉവാച എന്നഭാഗങ്ങള്‍ നീക്കപ്പെട്ടത്‌
എന്നകാര്യം ശ്രദ്ധാലുക്കളേ വളരെ ആശ്ചര്യപ്പെടുത്തുന്നു. അതും കൂടി ഭാഗവതമാഹാത്മ്യത്തില്‍ ഉണ്ടായിരുന്നു എങ്കില്‍ ശ്രീകൃഷ്ണോപ്പദേശം കുറെക്കൂടി വ്യക്തമായി ഗ്രഹിക്കുവാന്‍ സഹായകമായേനേ. കാരണം രണ്ടു ഗ്രന്ഥങ്ങളിലേയും ആചാര്യന്‍ ശ്രീകൃഷ്ണന്‍ തന്നെ. രണ്ടിലേയും ശിഷ്യന്മാര്‍ ശ്രീകൃഷ്ണസഖരും. ഒന്നില്‍ അര്‍ജ്ജുനന്‍ മേറ്റ്തില്‍ ഉദ്ധവന്‍. അദ്യം അര്‍ജ്ജുനനാണ്‌ ഉപദേശീക്കപ്പെട്ടത്‌, അതാണ്‌ ശ്രീമദ്‌ ഭഗവത്‌ ഗീത. രണ്ടാമതാണ്‌ ഉദ്ധവനുപദേശിക്കപ്പെട്ടത്‌. അത്‌ ഭാഗവതം പതിനൊന്നാം സ്കന്ധത്തിലേ ഉപദേശങ്ങളും. "യുദ്ധക്കളത്തില്‍ വച്ച്‌ അര്‍ജ്ജുനന്‍ എന്നോടു ചോദിച്ചപ്പോള്‍ ഉത്തരമായി പറഞ്ഞതു തന്നെ ഞാനിപ്പോള്‍ ഉദ്ധവരോട്‌ പറയാം" , എന്ന്‌ ഭഗവാന്‍ പറഞ്ഞത്‌ ഭാഗവതത്തില്‍ കാണുന്നു ( ഭാഗവതം 11- 16-8) ഗീതയില്‍ നാലാമദ്ധ്യായത്തില്‍ പല യജ്ഞങ്ങളുമുപദേശിക്കപ്പെട്ടു. അതിനു ശേഷം അതിനോട്‌ ബന്ധപ്പെട്ട പല കാര്യങ്ങളും പ്രാസംഗികമായി പറഞ്ഞു. അവസാനം-

"സര്‍വധര്‍മ്മാന്‍ പരിത്യജ്യ മാമേകം ശരണം വ്രജ" എന്ന്‌

"അനുഷ്ഠിക്കാന്‍ വിഷമമുണ്ടെന്ന്‌ തോന്നാവുന്ന മറ്റ്‌ എല്ലാ ധര്‍മ്മങ്ങളേയും വിട്ടിട്ട്‌ നീ എന്നെ തന്നെ ശരണം പ്രാപിച്ചോളൂ , എല്ലാ പാപങ്ങളില്‍ നിന്നും (എല്ലാ ദുഃഖങ്ങളില്‍ നിന്നും) മുക്തനാക്കാം" ഈ ശരണാഗതിയാണ്‌ കലികാലത്തിലെ സാധകര്‍ക്കു വേണ്ടി ഭഗവാന്‍ ഉപദേശിച്ചത്‌ എന്ന സാധകന്റെ അനുഭവം ഗ്രന്ഥകര്‍ത്താവിനും ഉണര്‍വുണ്ടാക്കിയിരിക്കുന്നു. ശ്രീകൃഷ്ണഭഗവാന്റെ വാക്കില്‍ നിന്നാണ്‌ സാധകനില്‍ ഈ ഉണര്‍വുണ്ടായത്‌. ഭാഗവതധര്‍മ്മത്തിലേക്ക്‌ സാധകരെ എത്തിക്കുന്ന ഒരു കൈവിളക്കാണ്‌ ഭഗവത്‌ ഗീത എന്ന്‌ അദ്ദേഹം വിശ്വസിക്കുന്നുമുണ്ട്‌. അതുള്‍ക്കൊണ്ടാണ്‌ ഗ്രന്ഥകാരന്‍ ഗീതാപരിചിന്തനം നടത്തിയിരിക്കുനതും. വിഷയമഹത്വം കൊണ്ട്‌ ഭാഷാശൈലി ലളിതമല്ലെങ്കിലും ശ്രദ്ധിച്ചു വായിച്ചാല്‍ ഹൃദ്യമാണ്‌ സുഗ്രാഹ്യമാണ്‌. പ്രയോജനപ്രദമാണ്‌. ആദ്ധ്യാത്മിക വിഷയമായതു കൊണ്ട്‌ ചില ആശയങ്ങളുടെ ആവര്‍ത്തനം-
ആവര്‍ത്തിച്ചുള്ള പ്രതിപാദനം - ദോഷമല്ല പ്രയോജനകരം തന്നെ.ഈ ഗ്രന്ഥം സജ്ജനസമ്മതിക്കര്‍ഹമാണെന്ന്‌ തോന്നിയതു കൊണ്ട്‌ ഇത്രയും കുറിച്ചു എന്നു മാത്രം. ഈ ഗ്രന്ഥം പരീക്ഷകര്‍ക്കും, ചിന്താലുക്കള്‍ക്കും സാധകര്‍ക്കും പ്രയോജനപ്പെടട്ടെ എന്നാശംസിക്കുന്നു.
ശ്രീ സ്വപ്രഭാനന്ദസ്വാമി മഹരാജ്‌
(മഠാധിപതി, ശ്രീരാമകൃഷ്ണാശ്രമം കൊയിലാണ്ടി)

Tuesday, May 22, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 2 - 7

7. കാര്‍പ്പണ്യദോഷോപഹതസ്വഭാവഃ
പൃച്ഛാമി ത്വാം ധര്‍മ്മസമ്മൂഢചേതാഃ
യച്ഛ്രേയഃ സ്യാന്നിശ്ചിതം ബ്രൂഹി തന്മേ
ശിഷ്യസ്നേഹം ശാധി മാം ത്വാം പ്രപന്നം


കാര്‍പ്പണ്യദോഷോപഹതസ്വഭാവഃ
= കാര്‍പ്പണ്യം (അജ്ഞാനം) എന്ന ദോഷത്താല്‍ നശിപ്പികപ്പെട്ട സ്വഭവത്തോടു കൂടിയ
ധര്‍മ്മസമ്മൂഢചേതാഃ = ധര്‍മ്മാധര്‍മ്മനഗള്‍ എന്താണെന്നു തിരിച്ചറിയാത്തവനായ (ഞാന്‍)
ത്വാം പൃച്ഛാമി= അങ്ങയോട്‌ ചോദിക്കുന്നു
മേ യഠ്‌ ശ്രേയഃ സ്യാത്‌ = എനിക്ക്‌ ശ്രേയസ്കരമായത്‌ യാതൊന്നാണ്‌
തത്‌ മേ നിശ്ചിതം ബ്രൂഹി = അതെനിക്കു നിശ്ഛയമാകുംവണ്ണം പറഞ്ഞു തന്നാലും.
അഹം തേ ശിഷ്യഃ = ഞാന്‍ അവിടുത്തേ ശിഷ്യനാകുന്നു
ത്വാം പ്രപന്നം മാം ശാധി= അങ്ങയേ പ്രാപിച്ചിരിക്കുന്ന എന്നെ ശാസിച്ചാലും-( പഠിപ്പിച്ചാലും)കയറില്‍ പാമ്പിനെ കാണുന്നതു പോലെ ആത്മാവല്ലാത്തവയില്‍ ആത്മാവിനെ കാണുകയും , യാഥാര്‍ഥജ്ഞാനം ഇല്ലാതിരിക്കുകയും ചെയ്യുന്നതാണ്‌ കാര്‍പ്പണ്യം എന്നു പറയുന്നത്‌.

അര്‍ജ്ജുനന്‌ സ്വയം ആ അവസ്ഥ മനസ്സിലായി. തനിക്‌ യഥാര്‍ത്ഥ ജ്ഞനം ലഭിക്കണം എന്നുള്ള ആശയും ഉണ്ടായി. ഐഹികമായ സുഖ ഭോഗങ്ങളില്‍ താല്‍പര്യമില എന്നു മാത്രമല്ല, ആത്യന്തികമായ കൈവല്ല്യമാണ്‌ റ്റനിക്കു വേണ്ടത്‌ എന്നും മനസ്സിലായി.

അങ്ങനെ ഉള്ള ഒരു സാധകന്‌ അതു ലഭിക്കണം എങ്കില്‍ ഗുരുവിന്റെ സഹായം ആവശ്യമാണ്‌. ബ്രഹ്മജ്ഞാനിയായ ഗുരുവിനെ കണ്ടെത്തി ശരണം പ്രാപിക്കുന്നതിന്‌ ഇവിടെ അര്‍ജ്ജുനന്‌ യാതൊരു ബുദ്ധിമുട്ടുമില്ല - തന്റെ മുന്നില്‍ നില്‍ക്കുന്നത്‌ സാക്ഷാല്‍ ശ്രീകൃഷ്ണഭഗവാനാണ്‌ അതു കൊണ്ട്‌ അര്‍ജ്ജുനന്‍ നേരിട്ട്‌ പറയുന്നു ഞാനിതാ അവിടത്തെ ശരണം പ്രാപിച്ചിരിക്കുന്നു. എനിക്ക്‌ ശ്രേയസ്കരമായത്‌ എന്താണ്‌ എന്ന്‌ നിശ്ചയമാകും വണ്ണം ഉപദേശിച്ചാലും.

Monday, May 21, 2007

ശ്രീമല്‍ ഭഗവത്ഗീത 2 - 6

6. ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമ
സ്തേവസ്ഥിതാഃ പ്രമുഖേ ധാര്‍ത്തരാഷ്ട്രാഃ

കതരത്‌ ഗരീയഃ =ഏതാണ്‌ ശ്രേഷ്ഠം എന്ന്‌
വയം ന വിദ്മഃ = ഞങ്ങള്‍ അറിയുന്നില്ല
യദ്വാ വയം ജയേമ = ഞങ്ങള്‍ ജയിക്കുമോ അതോ
യദി വാ നഃ ജയേയുഃ = ഞങ്ങളേ ജയിക്കുമോ
ഏതത്‌ അപി ന വിദ്മ= ഇതും അറിയുവാന്‍ വയ്യ
യാന്‍ ഹത്വാ ന ജിജീവ്ഷാമ = ആരേ കൊ ന്നിട്ട്‌ ജീവിക്കുവാന്‍ തന്നെ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലയോ
തേ ധാര്‍ത്തരാഷ്ട്രാഃ = ആ ധൃതരാഷ്ട്രപുത്രന്മാര്‍
പ്രമുഖേ അവസ്ഥിതാഃ = മുന്നില്‍ നില്‍ക്കുന്നു.

അര്‍ജ്ജുനന്‍ ആകെ സംശയത്തിലാണ്‌.

യുദ്ധം ചെയ്യുന്നവരില്‍ ഒരു കൂട്ടരേ വിജയിക്കൂ. എന്നാല്‍ രണ്ടു കൂട്ടര്‍ക്കും ഗുണമുണ്ട്‌. മരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പോകും ജയിക്കുന്നവര്‍ക്ക്‌ രാജ്യം ലഭിക്കും. അപ്പോള്‍ ഇതില്‍ ഏതാണ്‌ നല്ലത്‌ എന്നു സംശയം.
യുദ്ധത്തില്‍ ഞങ്ങള്‍ ജയിക്കുമോ അതോ അവര്‍ ജയിക്കുമോ ഇതും അറിയില്ല.
തങ്ങള്‍ ജയിക്കുകയാണെങ്കില്‍ ആ വിജയികളുടെ ജീവിതം കാണുവാന്‍ ധൃതരാഷ്ട്രപുത്രന്മാര്‍ ഉണ്ടാകുകയില്ലല്ലൊ.- പിന്നെ അതിലെന്ത്‌ രസം. എന്നല്ല അവരെ കൊ ന്നിട്ട്‌ ജീവിക്കുവാന്‍ പോലും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ഇത്രയും ആയപ്പോള്‍ അര്‍ജ്ജുനന്‍ ആകെ എന്തു പറഞ്ഞു എന്നു നോക്കാം-

"ന കാംക്ഷേ വിജയം" - ഈ യുദ്ധത്തില്‍ വിജയിച്ച്‌ ഐഹിക സുഖഭോഗം ആഗ്രഹിക്കുന്നില്ല - അത്‌ പ്രേയസ്സ്‌ ആണ്‍` തനിക്കിഷ്ടം ശ്രേയസ്സാണ്‌ പ്രേയസ്സല്ല.

പാരലൗകിക സുഖവും താന്‍ ഇഷ്ടപ്പെടുന്നില്ല എന്ന്‌ -"അപി ത്രൈലോക്യരാജ്യസ്യ ഹേതോ" എന്ന വാക്കുകള്‍ കൊണ്ട്‌ പറഞ്ഞു.

"നരകേനിയതം വാസഃ" ഈ ശരീരത്തില്‍ നിന്നും വേറുീട്ട്‌ ഒരാത്മാവുണ്ടെന്നും സൂചിപ്പിച്ചു.
ശമം, ദമം,ലോഭമില്ലായ്മ, ക്ഷമ എന്നിവ ക്രമേണ "രാജ്യം കൊണ്ടെന്തു ഫലം", "സുഖഭോഗങ്ങള്‍ എന്തിനായി" , "അവര്‍ ദോഷം കാണുന്നില്ലെങ്കിലും നമ്മള്‍ കാണണ്ടേ
", അതാണെനിക്ക്‌ ക്ഷേമകരം" എന്നീ വാക്കുകളാല്‍ അര്‍ജ്ജുനന്‍ തനിക്കുള്ളതായി സൂചിപ്പിക്കുന്നു. ആ സ്ഥിതിയിലുള്ളവര്‍ക്ക്‌ ഒരു ഉത്തമഗുരുവാണ്‌ ആവശ്യം.

അപ്പോള്‍ അടുത്തതായി ശ്രേഷ്ഠനായ ഒരു ഗുരുവിന്റെ സഹയമാണ്‌ അദ്ദേഹത്തിന്റെ ഈ സംശയനിവാരണത്തിനായി വേണ്ടത്‌. അതിന്നായി അദ്ദേഹം ഭഗവാന്‍ ശ്രീകൃഷ്ണനെ ആശ്രയിക്കുന്നു എന്ന്‌ അടുത്ത ശ്ലോകത്തില്‍ പറയുന്നു.

Sunday, May 20, 2007

ശ്രീമല്‍ ഭഗവത്ഗീത 2 - 1-5

വിദ്യാഭ്യാസം നേടിയവനായ അര്‍ജ്ജുനന്‍ , അതിനേ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാതെ, വിഷാദഗ്രസ്തനായി, വിഡ്ഢിത്തം പുലമ്പുന്നതു കേട്ട്‌ ആത്മജ്ഞാനം ക്രമേണ ഉപദേശിക്കുന്ന ഭഗവാന്റെ വക്കുകള്‍ ഇനി തുടങ്ങുന്നു.
രണ്ടാമദ്ധ്യായം

സഞ്ജയ ഉവാച = സഞ്ജയന്‍ പറഞ്ഞു

1. തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണ്ണാകുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ

തഥാ കൃപയാ ആവിഷ്ടം = അങ്ങനെ കാരുണ്യം നിറഞ്ഞ
വിഷീദന്തം = വിഷാദിച്ചിരിക്കുന്ന
അശ്രുപൂര്‍ണ്ണാകുലേക്ഷണം = കണ്ണുനീരണിഞ്ഞ കണ്ണുകളോടു കൂടിയ
തം = അവനോട്‌
മധുസൂദനഃ ഇദം വാക്യം ഉവാച = കൃഷ്ണന്‍ ഈ വാക്കുകള്‍ പറഞ്ഞു.

ശ്രീഭഗവാനുവാച= ഭഗവാന്‍ പറഞ്ഞു.

2. കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജ്ജുന
3.ക്ലൈബ്യം മാ സ്മ ഗമ പാര്‍ത്ഥ നൈതത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗര്‍ബ്ബല്യം ത്യക്തോത്തിഷ്ഠ പരംതപ

ഹേ അര്‍ജ്ജുന = അല്ലയോ അര്‍ജ്ജുന
വിഷമേ = ഈ വിഷമത്തില്‍
അനാര്യജുഷ്ടം = ശ്രേഷ്ടന്മാര്‍ സ്വീകരിക്കാത്ത
അസ്വര്‍ഗ്ഗ്യം = സ്വര്‍ഗ്ഗപ്രാപ്തിദായകമല്ലാത്ത
അകീര്‍ത്തികരം = കീര്‍ത്തി നശിപ്പിക്കുന്ന
ഇദം കശ്മലം = ഈ മാലിന്യം
കുത ത്വാ സമുപസ്ഥിതം = എങ്ങനെ നിന്നെ ബാധിച്ചു?

പരംതപ പാര്‍ത്ഥ = ശത്രുക്കളെ തപിപ്പിക്കുന്ന പാര്‍ത്ഥ
ക്ലൈബ്യം മ സ്മ ഗമ = അധൈര്യത്തെ പ്രാപിക്കാതെ.
ക്ഷുദ്രം ഹൃദയദൗര്‍ബല്ല്യം ത്യക്ത്വാ ഉത്തിഷ്ഠ = നിസ്സാരമായ ഹൃദയദൗര്‍ബല്ല്യം കളഞ്ഞിട്ട്‌ എഴുനേല്‍ക്കുക

ഇവിടെ കൃഷ്ണനെ ഭഗവാന്‍ എന്നാണ്‌ സംബോധന ചെയ്തിരിക്കുന്നത്‌-
"ഐശ്വര്യസ്യ സമഗ്രസ്യ ധര്‍മ്മസ്യ യശസഃ ശ്രിയഃ
വൈരാഗ്യസ്യാഥ മോക്ഷസ്യ ഷണ്ണാം ഭഗ ഇതീരണാ"
ഐശ്വര്യം, ധര്‍മ്മം, യശസ്സ്‌, ശ്രീ, വൈരാഗ്യം , മോക്ഷം, ഇവ തടസ്സമില്ലാതെ നിത്യവും ആരിലിരിക്കുന്നുവോ അവനാണ്‌ ഭഗവാന്‍ എന്ന്‌ ലക്ഷണം.

ഭഗവാന്‍ അര്‍ജ്ജുനനോട്‌
സ്വധര്‍മ്മപരിപാലനത്തിന്റെ ഉപേക്ഷ കൊണ്ടുണ്ടാകുന്ന നഷ്ടങ്ങള്‍ പറഞ്ഞു കൊടുത്ത്‌ കര്‍മ്മത്തിലേക്ക്‌ തിരികെ കൊണ്ടു വരുവാനായി തുടങ്ങുന്നു.

ആളുകള്‍ കര്‍മ്മം ചെയ്യുന്നത്‌ എന്തെങ്കിലും ഉദ്ദേശം വച്ചായിരിക്കും. പറയില്ലേ

"പ്രയോജനമനുദ്ദിശ്യ ന മന്ദോപി പ്രവര്‍ത്തതേ"

മണ്ടനാണെങ്കില്‍ പോലും ഒരു കാര്യം ചെയ്യുന്നു എങ്കില്‍ അതിന്‌ പിന്നില്‍ എന്തെങ്കിലും പ്രയോജനത്തിനുള്ള ആഗ്രഹമുണ്ടാകും എന്ന്‌. അപ്പോള്‍ പിന്നെ ബുദ്ധിമാന്മാരുടെ കാര്യം പറയാനുണ്ടോ?

മോക്ഷത്തിന്‌ വേണ്ടീ, സ്വര്‍ഗ്ഗപ്രാപ്തിക്കു വേണ്ടി., കീര്‍ത്തിക്കുവേണ്ടി ഇങ്ങനെ ഏതെങ്കിലും ഒന്നിനു വേണ്ടിയാണ്‌ നീ ഇങ്ങനെ യുദ്ധം ചെയ്യാതിരിക്കുന്നത്‌ എങ്കില്‍ അത്‌ വ്യര്‍ത്ഥമാണ്‌.

കാരണം സ്വധര്‍മ്മത്തെ അനുഷ്ഠിക്കാത്തവര്‍ക്ക്‌ മോക്ഷലബ്ധിയില്ല. നീ ഇവിടെ ക്ഷത്രിയനാണ്‌ ക്ഷത്രിയന്റെ സ്വധര്‍മ്മത്തില്‍ പെടുന്നതാണ്‌ യുദ്ധം അതില്‍ നിന്നും പിന്തിരിഞ്ഞാല്‍ നിനക്ക്‌ മോക്ഷം ലഭിക്കില്ല.

ഇനി യുദ്ധത്തില്‍ പിന്തിരിഞ്ഞോടുന്ന ഭീരുക്കള്‍ക്കുള്ളതല്ല സ്വര്‍ഗ്ഗം, അപ്പോള്‍ അതും നിനക്കു ലഭിക്കില്ല.

സാക്ഷാല്‍ പരമശിവനോടു പോലും യുദ്ധം ചെയ്ത്‌ അദ്ദേഹത്തെ സന്തോഷിപ്പിച്ചവനായ നീ യുദ്ധത്തെ ഭയന്നോടി പോയി എന്ന ദുഷ്കീര്‍ത്തിയായിരിക്കും നിനക്കു ലഭിക്കുക അപ്പോള്‍ കീര്‍ത്തിയും കിട്ടുകയില്ല.

അതുകൊണ്ട്‌ ഇപ്പോള്‍ നിന്നെ ബാധിച്ചിരിക്കുന്ന ഈ ധൈര്യക്കുറവിനെ വിവേകം കൊണ്ട്‌ ജയിച്ച്‌ നീ നിന്റെ ധര്‍മ്മം നിറവേറ്റേണ്ടിയിരിക്കുന്നു. അതിന്‌ വേണ്ടി എഴുനേല്‍ക്കുക.

അര്‍ജ്ജുന ഉവാച = അര്‍ജ്ജുനന്‍ പറഞ്ഞു
4. കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണം ച മധുസൂദന
ഇഷുഭിഃ പ്രതിയോല്‍സ്യാമി
പൂജാര്‍ഹാവരിസൂദന

ഹേ അരിസൂദന മധുസൂദന = അല്ലയോ ശത്രുഹന്താവായ കൃഷ്ണാ
അഹം സംഖ്യേ = ഞാന്‍ യുദ്ധത്തില്‍
പൂജാര്‍ഹൗ ഭീഷ്മം ദ്രോണം ച = പൂജക്കര്‍ഹരായ ഭീഷ്മരേയും ദ്രോണരേയും
കഥം ഇഷുഭിഃ പ്രതിയോല്‍സ്യാമി= എങ്ങനെ ബാണങ്ങളെ കൊണ്ട്‌ എതിരിടും?

അര്‍ജ്ജുനന്‍ തന്റെ സംശയം ഓരോന്നായി ചോദിക്കുന്നു . ഭീഷ്മര്‍, ദ്രോണര്‍ ഇവര്‍ പൂജ്യരാണ്‌; ഒരാള്‍ പിതാമഹനാണ്‌ ഒരാള്‍ ഗുരുവാണ്‌ അപ്പോള്‍ രണ്ടു പേരും ഗുരുക്കന്മാര്‍ തന്നെ.
ഗുരുവിനോട്‌ "ഹും" എന്നോ "ത്വം" എന്നോ പറയുന്നത്‌ പോലും പാപമാണ്‌ . എങ്കില്‍ അവര്‍ക്കുനേരേ അമ്പെയ്യുന്നത്‌ മഹാപാപമാകില്ലേ?
അതുകൊണ്ട്‌ ഭകതരുടെ കാമക്രോധാദി ശത്രുക്കളേ നശിപ്പിച്ച്‌ അവര്‍ക്ക്‌ സല്‍ഗതി നല്‍കുന്ന ഭഗവാനേ എന്നേ ഈ അധര്‍മ്മത്തില്‍ നിന്നും പിന്തിരിപ്പിച്ച്‌ രക്ഷിക്കണേ.

5. ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍
ശ്രേയോ ഭോക്തും ഭൈക്ഷമപീഹ ലോകെ
ഹത്വാര്‍ത്ഥാകാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ദ്ധാന്‍

മഹാനുഭാവാന്‍ ഗുരൂന്‍ അഹത്വാ = മഹത്തായ അനുഭാവമുള്ള ഗുരുക്കന്മാരേ വധിക്കാതെ
ഇഹ ലോകേ = ഈ ലോകത്തില്‍
ഭൈക്ഷം അപി = ഭിക്ഷാന്നം പോലും
ഭോക്തും ശ്രേയഃ = കഴിക്കുന്നതാണ്‌ ശ്രേഷ്ഠം
അര്‍ത്ഥകാമാന്‍ തു ഗുരൂന്‍ ഹത്വാ = എന്നാല്‍ അര്‍ഥകാമന്മാരായ ഗുരുക്കന്മാരേ കൊ ന്നിട്ട്‌
രുധിരപ്രദിഗ്ദ്ധാന്‍ ഭോഗാന്‍ = ആ രക്തം പുരണ്ട ഭോഗങ്ങളേ
ഇഹ ഏവ ഭുഞ്ജീയ = ഇവിടെ തന്നെ ഭുജിക്കേണ്ടി വരും

സ്വധര്‍മ്മം എന്ന നിലയില്‍ നിന്നും കാര്യസാധ്യത്തിനു വേണ്ടിയുള്ള ഒരു സാധാരണ കര്‍മ്മമായി യുദ്ധത്തെ തരം താഴ്ത്തിയ അര്‍ജ്ജുനന്‍ പറയുന്നു- ഗുരുക്കന്മാരെ കൊല്ലാതെ ഇരുന്നാല്‍ പരലോകപ്രാപ്തിക്കു തടസ്സമില്ലല്ലൊ. ജീവിതം വല്ല ഭിക്ഷ യാചിച്ചും കഴിച്ചുകൂട്ടാം. അര്‍ത്ഥകാമസ്വരൂപന്മാരായ ഗുരുക്കന്മാരേ വധിച്ചിട്ട്‌ കിട്ടുന്ന സുഖം അവരുടെ ചോര പുരണ്ടതായതിനാല്‍ അതിന്റെ പാപഫലം ആയിരിക്കും ഈ ലോകത്തില്‍ തന്നെ അനുഭവിക്കേണ്ടി വരിക.

എന്നാല്‍ ഭീഷ്മര്‍ ദ്രോണര്‍ എന്നിവര്‍ മഹാനുഭാവന്മാരാണ്‌. മഹത്തായ അനുഭാവമുള്ളവര്‍ എന്നാല്‍ ഈശ്വരതുല്യര്‍ -

" ധര്‍മ്മവ്യതിക്രമോ ദൃഷ്ട ഈശ്വരാണാം ച സാഹസം
തേജീയസാം ന ദോഷായ വഹ്നേ സര്‍വഭുജോ യഥാ" -

അവര്‍ ചെയ്യുന്ന കര്‍മ്മങ്ങളൊന്നും അവരെ ബാധിക്കുകയില്ല

മഹാഭാരതത്തില്‍ പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത്‌ ഭീഷ്മര്‍ മൗനിയായിരുന്നതിനെ കുറിച്ചും പ്രായമുള്ള ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ മുട്ടു ന്യായങ്ങള്‍ പറഞ്ഞ്‌ ഭീഷ്മരെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത്‌ കാണാം.

അദ്ദേഹം "ദേ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്‌-" ശക്തന്‍ ചെയ്യുന്നതാണ്‌ ധര്‍മ്മം" എന്നര്‍ത്ഥം വരുന്ന ഒരു ശ്ലോകം ആണ്‌ ഏറിയാല്‍ കിട്ടുക " ആ വാക്യത്തിന്റെ മറവില്‍ ഭീമന്‍ എന്തു കൊണ്ട്‌ കൈകാര്യം ചെയ്തില്ല" എന്നും ചോദിക്കും.

പക്ഷെ അതല്ലായിരുന്നു ശരി - അതു കൊണ്ടല്ലേ അവര്‍, അധര്‍മ്മം അധികരിക്കുമ്പോള്‍ അധര്‍മ്മികളെ കൊല്ലാന്‍ ഞാന്‍ വരും എന്നു പ്രഖ്യാപിച്ച കൃഷ്ണന്റെ എതിര്‍ ചേരിയിലായി പോയത്‌ - അവരെ ഒക്കെ കൊല്ലാന്‍ വേണ്ടി കൃഷ്ണന്‍ വരേണ്ടി വന്നത്‌?

ശ്രീമല്‍ ഭഗവത്ഗീത 1 - 40 - 47

40. കുലക്ഷയേ പ്രണശ്യന്തി കുലധര്‍മ്മാഃ സനാതനാഃ
ധര്‍മ്മേ നഷ്ടേ കുലം കൃല്‍സ്നമധര്‍മ്മോഭിഭവത്യുതഃ

സനാതനാഃ കുലധര്‍മ്മാഃ = സനാതനമായ കുലധര്‍മ്മങ്ങള്‍
കുലക്ഷയേ പ്രണശ്യന്തി = കുലക്ഷയത്തില്‍ നശിക്കുന്നു
ധര്‍മ്മേ നഷ്ടേ = ധര്‍മ്മം നഷ്ടമാകുമ്പോള്‍
കൃല്‍സ്നം കുലം = കുലത്തേ മുഴുവന്‍
അധര്‍മ്മഃ അഭിഭവതി ഉതഃ = അധര്‍മ്മം ദുഷിപ്പിക്കും, നിശ്ചയം.

41. അധര്‍മ്മാഭിഭവാല്‍ കൃഷ്ണ പ്രദുഷ്യന്തി കുലസ്ത്രിയഃ
സ്ത്രീഷു ദുഷ്ടാസു വാര്‍ഷ്ണേയ ജായതേ വര്‍ണ്ണസങ്കരഃ

ഹേ കൃഷ്ണ = അല്ലയോ കൃഷ്ണാ
അധര്‍മ്മാഭിഭവാല്‍ = അധര്‍മ്മം വ്യാപിക്ക നിമിത്തം
കുലസ്ത്രിയഃ പ്രദുഷ്യന്തി= കുലസ്ത്രീകള്‍ പിഴക്കുന്നു.
ഹേ വാര്‍ഷ്ണേയ = അല്ലയോ വൃഷ്ണികുലോല്‍ഭവാ
സ്ത്രീഷു ദുഷ്ടാസു = സ്ത്രീകള്‍ പിഴക്കുമ്പോള്‍
വര്‍ണ്ണസങ്കരഃ ജായതേ = വര്‍ണ്ണസങ്കരം - ജാതിക്കലര്‍പ്പ്‌ ഉണ്ടാകുന്നു.

42. സങ്കരോ നരകായൈവ കുലഘ്നാനാം കുലസ്യ ച
പതന്തി പിതരോ ഹ്യേഷാം ലുപ്തപിണ്ഡോദകക്രിയാഃ

കുലഘ്നാനാം ഏഷാം പിതരഃ = കുലഹാനി വരുത്തിയവരായ ഇവരുടെ പിതൃക്കള്‍
ലുപ്തപിണ്ഡോദകക്രിയാഃ = പിണ്ഡദാനാദിക്രിയകള്‍ കിട്ടാതെ
നരകേ പതന്തി = നരകത്തില്‍ പതിക്കും
സങ്കരഃ കുലസ്യ നരകായ ഏവ = അങ്ങനെ വര്‍ണ്ണസങ്കരം കുലത്തിന്റെ നരകത്തിനായി തന്നെ ഭവിക്കും.

43. ദോഷൈരേതൈഃ കുലഘ്നാനാം വര്‍ണ്ണസങ്കരകാരകൈഃ
ഉത്സാദ്യന്തേ ജാതിധര്‍മ്മാഃ കുലധര്‍മ്മാശ്ച ശാശ്വതാഃ

കുലഘ്നാനാം = കുലനാശം വരുത്തുന്നവരുടെ
വര്‍ണ്ണസങ്കരകാരകൈഃ ഏതൈഃ ദോഷൈഃ = വര്‍ണ്ണസങ്കരം ഉണ്ടാക്കുന്ന ഈ ദോഷങ്ങളാല്‍
ശാശ്വതാഃ ജാതിധര്‍മ്മാഃ = ശാശ്വതങ്ങളായ ജാതിധര്‍മ്മങ്ങള്‍
ഉത്സാദ്യന്തേ = നശിപ്പിക്കപ്പെടുന്നു.

44. ഉത്സന്നകുലധര്‍മ്മാണാം മനുഷ്യാണാം ജനാര്‍ദ്ദന
നരകേനിയതം വാസോ ഭവതീത്യനുശുശ്രുമ

ഹേ ജനാര്‍ദ്ദന = അല്ലയോ ജനാര്‍ദ്ദന
ഉത്സന്നകുലധര്‍മ്മാണാം = കുലധര്‍മ്മങ്ങളെ നശിപ്പിക്കുന്ന
മനുഷ്യാണാം = മനുഷ്യര്‍ക്ക്‌
നരകേ അനിയതം വാസ ഇതി അനുശുശ്രുമ = അനന്തമായ നരകവാസം ഉണ്ടാകും എന്ന്‌ ആചാര്യനില്‍ നിന്ന്‌ കേട്ടിട്ടുണ്ട്‌.

45. അഹോ ബത മഹല്‍പാപം കര്‍ത്തും വ്യവസിതാ വയം
യദ്രാജ്യസുഖലോഭേന ഹന്തും സ്വജനമുദ്യതാഃ

അഹോ ബത = മഹാ കഷ്ടം
വയം = നമ്മള്‍
മഹല്‍ പാപം കര്‍ത്തും വ്യവസിതാഃ = കൊടിയ പാപം ചെയ്യാന്‍ തുനിഞ്ഞുവല്ലൊ.
യത്‌ രാജ്യസുഖലോഭേന = എന്തുകൊണ്ടെന്നാല്‍ രാജ്യസുഖത്തിനു വേണ്ടി
സ്വജനം ഹന്തും ഉദ്യതാഃ= സ്വജനങ്ങളേ കൊല്ലുവാന്‍ പുറപ്പെട്ടല്ലൊ.

46. യദി മാമപ്രതീകാരമശസ്ത്രം ശസ്ത്രപാണയഃ
ധാര്‍ത്തരാഷ്ട്രാഃ രണേ ഹന്യുസ്തന്മേ ക്ഷേമതരം ഭവേത്‌

അപ്രതീകാരം അശസ്ത്രം മാം = പ്രതികാരം ചെയ്യാത്തവനും, ആയുധം ധരിക്കാത്തവനുമായ എന്നെ
ശസ്ത്രപാണയഃ ധാര്‍ത്തരാഷ്ട്രാഃ = അസ്ത്രം എടുത്ത ധൃതരാഷ്ട്രപുത്രന്മാര്‍
രണേ ഹന്യു യദി = യുദ്ധത്തില്‍ കൊല്ലുകയാണെങ്കില്‍
തത്‌ = അത്‌
മേ ക്ഷേമതരം ഭവേത്‌ = എനിക്കു കൂടൂതല്‍ ശ്രേയസ്കരമാകും

സഞ്ജയ ഉവാച = സഞ്ജയന്‍ പറഞ്ഞു

47. ഏവമുക്ത്വാര്‍ജ്ജുനഃ സംഖ്യേ രഥോപസ്ഥേ ഉപാവിശല്‍
വിസൃജ്യ സശരം ചാപം ശോകസംവിഗ്നമാനസഃ

അര്‍ജ്ജുനഃ = അര്‍ജ്ജുനന്‍
സംഖ്യേ = യുദ്ധത്തില്‍
ഏവം ഉക്ത്വാ -= ഇപ്രകാരം പറഞ്ഞിട്ട്‌
ശോകസംവിഗ്നമാനസഃ= ദുഃഖിതനായി
സശരം ചാപം വിസൃജ്യ = വില്ലും അമ്പും ഉപേക്ഷിച്ച്‌
രഥോപസ്ഥേ ഉപാവിശല്‍ = തേരിനുള്ളില്‍ ഇരുന്നു.

മേല്‍പറഞ്ഞ വാദഗതികള്‍ അവതരിപ്പിച്ചിട്ട്‌ യുദ്ധം ചെയ്യേണ്ടതില്ല എന്നു തീരുമാനിച്ച്‌ അര്‍ജ്ജുനന്‍ വില്ലും അമ്പും ഉപേക്ഷിച്ച്‌ തേര്‍ത്തട്ടില്‍ ഇരുന്നു.

ഇതി ശ്രീമല്‍ ഭഗവത്ഗീതാസൂപനിഷല്‍സു ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ അര്‍ജ്ജുനവിഷാദയോഗോ നാമ പ്രഥമോധ്യായഃ

Friday, May 18, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 37 - 39

37. തസ്മാന്നാര്‍ഹാ വയം ഹന്തും
ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ
സുഖിനഃ സ്യാമ മാധവ

തസ്മാത്‌ = അതു കൊണ്ട്‌
സ്വബാന്ധവാന്‍ ധാര്‍ത്തരാഷ്ട്രാന്‍ ഹന്തും = തന്റെ ബന്ധുക്കളായ ധൃതരാഷ്ട്രപക്ഷക്കാരെ കൊല്ലുവാന്‍
വയം ന അര്‍ഹാഃ= നമ്മള്‍ അര്‍ഹരല്ല.
ഹി = എന്തു കൊണ്ടെന്നാല്‍
സ്വജനം ഹത്വാ = സ്വജനഗളെ കൊ ന്നിട്ട്‌
(വയം) കഥം സുഖിനഃ സ്യാമ = നാം എങ്ങനെ സുഖമുള്ളവരാകും?

38. യദ്യപ്യേതേ ന പശ്യന്തി
ലോഭോപഹതചേതസഃ
കുലക്ഷയകൃതം ദോഷം
മിത്രദ്രോഹേ ച പാതകം

ഏതേ ലോഭോപഹതചേതസഃ = ഇവര്‍ (ധൃതരാഷ്ട്രപക്ഷക്കാര്‍) രാജ്യം ധനം എന്നിവയിലുള്ള ആര്‍ത്തി നിമിത്തം വിചാരശൂന്യരായിട്ട്‌
കുലക്ഷയകൃതം ദോഷം = കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷവും
മിത്രദ്രോഹേ പാതകം ച = മിത്രങ്ങളെ ഉപദ്രവിക്കുനതിലുള്ള ദോഷവും
യദ്യപി ന പശ്യന്തി= കാണുന്നില്ലെങ്കിലും

39. കഥം ന ജ്ഞേയമസ്മാഭിഃ
പാപാദസ്മാന്നിവര്‍ത്തിതും
കുലക്ഷയകൃതം ദോഷം
പ്രപശ്യദ്ഭിര്‍ജ്ജനാര്‍ദ്ദന

പ്രപശ്യദ്ഭിഃ അസ്മാഭിഃ = നല്ലവണ്ണം കാണൂന്നവരായ നമ്മളാല്‍
അസ്മാത്‌ പാപാത്‌ = ഈ പാപകര്‍മ്മത്തില്‍ നിന്നും
നിവര്‍ത്തിതും കഥം ന ജ്ഞേയം = പിന്തിരിയേണ്ടതാണെന്ന്‌ എന്തു കൊണ്ട്‌ അറിയേണ്ടതല്ല?


എതിരാളികള്‍ വിചാരശൂന്യത നിമിത്തം ധനത്തില്‍ ആര്‍ത്തി കയറി ദോഷം ചെയ്യുന്നു എന്നു കരുതി വിവേകികളായ നമ്മള്‍ ആ തെറ്റു ചെയ്യാന്‍ പാടുണ്ടോ?
കുലക്ഷയം ആണ്‌ ഇവിടെ അര്‍ജ്ജുനന്‍ കാണുന്ന കാരണം .

ഇവിടെ വര്‍ണ്ണാശ്രമങ്ങളെ പറ്റി ഭഗവാന്‍ കൃഷ്ണന്റെ സങ്കല്‍പ്പവും അര്‍ജ്ജുനന്‍ അതിനെ മനസ്സിലാക്കിയിരിക്കുന്നതും എങ്ങനെ വ്യത്യാസപെടുന്നു എന്നും കാണാം.

ജന്മം കൊണ്ട്‌ അല്ല വര്‍ണ്ണം ഉണ്ടാകുന്നത്‌ - അത്‌ കര്‍മ്മം, ഗുണം എന്നിവ കൊണ്ടാണ്‌ എന്ന്‌ മേലില്‍ ഭഗവാന്‍ പറയും - ബ്രാഹ്മണനു ജനിച്ചാല്‍ ബ്രാഹ്മണനാവില്ല - അതിന്‌ അതിന്റേതായ ഗുണവും കൂടി വേണം

കുലക്ഷയം കുലക്ഷയം എന്ന്‌ പറഞ്ഞു കഴിഞ്ഞ്‌ വര്‍ണ്ണസംകരം വീണ്ടും വീണ്ടും അര്‍ജ്ജുനന്‍ പറയുന്നു

ഇന്ന്‌ ഏറ്റവും വിമര്‍ശനത്തിന്‌ വിധേയമായിരിക്കുന്ന മനുസ്മൃതിയില്‍ പോലും പറയുന്നു -
ഗുണോല്‍കൃഷ്ടത കൊണ്ട്‌ ജാതി പരിവൃത്തിയില്‍ ശൂദ്രനും ബ്രാഹ്മണനാകും , അതു പോലെ ഗുണഹീനത്വം കൊണ്ട്‌ ബ്രാഹ്മണനും ശൂദ്രനാകും എന്ന്‌.

ജന്മം കൊണ്ടാണ്‌ ജാതി ഉണ്ടാകുന്നത്‌ എങ്കില്‍ ഈ വാചകങ്ങള്‍ക്ക്‌ എവിടെയാണ്‌ സാംഗത്യം?

അപ്പോള്‍ ബ്രാഹ്മണത്വം എന്നതും ശൂദ്രത്വം എന്നതും ഓരോരോ കുടുംബത്തില്‍ പിറക്കുന്നതു കൊണ്ട്‌ സ്‌ഇദ്ധിക്കുന്ന പേരുകളല്ല- അത്‌ മനുഷ്യന്റെ സ്വഭാവത്തിലും , കര്‍മ്മത്തിലും പ്രകടമാകുന്ന ഗുണങ്ങളെ ആശ്രയിച്ച്‌ സിദ്ധിക്കുന്ന നിലവാരമാണ്‌.

കുലം എന്നത്‌ ജനിച്ച കുടുംബമോ, മാതാപിതാക്കള്‍ ആരാണെന്നോ നോക്കി അല്ല അളക്കുന്നത്‌. അത്‌ സ്വഭാവത്തിന്റെ അളവുകോലാണ്‌- ചാണക്യന്‍ പറയുന്നത്‌ നോക്കുക-

"ആചാരഃ കുലമാഖ്യാതി
ദേശമാഖ്യാതി ഭാഷണം
സംഭ്രമഃ സ്നേഹമാഖ്യാതി
വപുരാഖ്യാതി പോഷണം"

അവനവന്റെ ആചാരങ്ങളാണ്‌ - അവനവന്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളുടെ ഉല്‍കൃഷ്ടതയോ അപകൃഷ്ടതയോ നോക്കിയാണ്‌ കുലം മനസ്സിലാക്കേണ്ടത്‌.
"നല്ല കുടുംബത്തില്‍ നായും ജനിക്കും " എന്ന പഴഞ്ചൊല്ലും ഇക്കാരണം കൊണ്ടു തന്നെ ആണുണ്ടായത്‌.

ഇതൊക്‌കെ മാറ്റി ഒരു കുടുംബത്തില്‍ ജനിച്ചാല്‍ അവന്‍ ബ്രാഹ്മണനായി എന്നും മറ്റൊരു കുടുംബത്തില്‍ ജനിച്ചാല്‍ ശൂദ്രനാണെന്നും ഒക്കെ ഉള്ള തിരിമറികള്‍ അന്നു തന്നെ ഉണ്ടായിരുന്നിരിക്കണം അതു കൊണ്ടല്ലേ അര്‍ജ്ജുനന്റെ വായില്‍ നിന്നും ഇതു പോലെയുള്ള ജല്‍പനങ്ങള്‍ വന്നത്‌.

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 31-36

31. നിമിത്താനി ച പശ്യാമി വിപരീതാനി കേശവ
ന ച ശ്രേയോനുപശ്യാമി ഹത്വാ സ്വജനമാഹവേ

ഹേ കേശവ= അല്ലയോ കേശവാ
വിപരീതാനി നിമിത്താനി പശ്യാമി = വിപരീതങ്ങളായ ലക്ഷണങ്ങള്‍ കാണുന്നു.
ആഹവേ = യുദ്ധത്തില്‍
സ്വജനം = ബന്ധുക്കളേ
ഹത്വാ = കൊ ന്നിട്ട്‌
ശ്രേയഃ ന അനുപശ്യാമി ച= കീര്‍ത്തി ഒന്നും ഉണ്ടാകുമെന്നും തോന്നുന്നില്ല.

ഒരു ശുദ്ധ അന്ധവിശ്വാസി ആയി സംസാരിക്കുന്നു അര്‍ജ്ജുനന്‍. (ഇതു മാത്രമല്ല സമൂഹത്തില്‍ കാണുന്ന പല അനാചാരങ്ങളും അര്‍ജ്ജുനന്‍ പിന്നീട്‌ എടുത്തു വിളമ്പുന്നുണ്ട്‌-) പല്ലി വീണ്‍ആല്‍ പല്ലി ചിലച്ചാല്‍ എന്നു തുടങ്ങി പലതും നാമിക്കാലത്ത്‌ TV യില്‍ കൂടി വരെ പറഞ്ഞു ഭയപ്പെടുത്തുന്നതു കേള്‍ക്കാറുണ്ട്‌. അതേ പോലെ ഇടത്തു കണ്ണു തുടിച്ചു തുടങ്ങിയ ലക്ഷണങ്ങള്‍ അര്‍ജ്ജുനന്‍ കാണുന്നു അത്രെ. അതു കൊണ്ട്‌ യുദ്ധം ചെയ്യുവാന്‍ പാടില്ലത്രേ.

ഇതു പോലെയുള്ള ദുര്‍വ്യാഖ്യാനങ്ങള്‍ അര്‍ഥമില്ലാത്തവയാണെന്ന്‌ പറയുവാന്‍ അര്‍ജ്ജുനനേ ഒരു ഉപാധിയാക്കി അദ്ദേഹത്തെക്കൊണ്ട്‌ പറയിക്കുകയാണ്‌ വ്യാസന്‍ ചെയ്തിരിക്കുന്നത്‌.
അടുത്തതായി അര്‍ജ്ജുനന്റെ വാദം സ്വജനങ്ങളേ കൊ ന്നിട്ട്‌ യാതൊരു കീര്‍ത്തിയും ഉണ്ടാകുന്നതായി താന്‍ കാണുന്നില്ല എന്നതാണ്‌

32. ന കാംക്ഷേ വിജയം കൃഷ്ണ ന ച രാജ്യം സുഖാനി ച
കിം നോ രാജ്യേന ഗോവിന്ദ കിം ഭോഗൈര്‍ജീവിതേന വാ

ഹേ കൃഷ്ണ = അല്ലയോ കൃഷ്ണാ
(അഹം) വിജയം, രാജ്യം സുഖാനി ച = ഞാന്‍ വിജയത്തേയോ, രാജ്യത്തേയോ, സുഖങ്ങളേയോ
ന കാംക്ഷേ = ആഗ്രഹിക്കുന്നില്ല.
ഹേ ഗോവിന്ദ = അല്ലയോ ഗോവിന്ദാ
നഃ = ഞങ്ങള്‍ക്ക്‌
രാജ്യേന ഭോഗൈഃ ജീവിതേന വാ= രാജ്യം കൊണ്ടോ, സുഖഭോഗങ്ങളെ കൊണ്ടോ ഈ ജീവിതം കൊണ്ടോ പോല്‍ം എന്തു പ്രയോജനം?

അടുത്തതായി അര്‍ജ്ജുനന്റെ വാദം സ്വജനങ്ങളേ കൊ ന്നിട്ട്‌ യാതൊരു കീര്‍ത്തിയും ഉണ്ടാകുന്നതായി താന്‍ കാണുന്നില്ല എന്നതാണ്‌

ഇത്രയും കാലമായി കാട്ടില്‍ താമസിച്ച്‌ ഫലമൂലാദികള്‍ ഭക്ഷിച്ച്‌ നടക്കുന്ന ഞങ്ങള്‍ക്ക്‌ ബന്ധുക്കളേ എല്ലാം കൊന്നൊടുക്കി ഈ രാജ്യം നേടി അതില്‍ ഇരുന്നാല്‍ എന്തു സുഖം ആണ്‌ ഉണ്ടാകുക?. ഇവിടെ ഗോവിന്ദ എന്നാണ്‌ സംബോധന- ഇന്ദ്രിയങ്ങളേ അറിഞ്ഞവന്‍ എന്നര്‍ഥം വരും - അതായത്‌ ഞങ്ങള്‍ക്ക്‌ സുഖ്ലോലുപത ഇല്ലെന്ന്‌ നേരത്തേ തന്നെ അറിയാവുന്നവനാണ്‌ കൃഷ്ണന്‍ - അപ്പോള്‍ പിന്നെ യുദ്ധം ചെയ്തു രാജ്യം നേടുന്നതെന്തിന്‌? യുദ്ധം വേണ്ട തന്നെ എന്ന്‌ സൂചിപ്പിക്കുന്നു.

33. യേഷാമര്‍ത്ഥേ കാംക്ഷിതം നോ
രാജ്യം ഭോഗാഃ സുഖാനി ച
തേ ഇമേവസ്ഥിതാ യുദ്ധേ
പ്രാണാംസ്ത്യക്ത്വാ ധനാനി ച

യേഷാം അര്‍ത്ഥേ = യാവര്‍ക്കുവേണ്ടി
നഃ = നമ്മളാല്‍
രാജ്യം ഭോഗാഃ സുഖാനി ച കാംക്ഷേ = രാജ്യം, ഭോഗവസ്തുക്കള്‍, സുഖങ്ങള്‍ ഇവ ആഗ്രഹിക്കപ്പെടുന്നുവോ
തേ ഇമേ = ആ ഇവര്‍
പ്രാണാന്‍ ധാനാനി ച ത്യക്ത്വാ = ജീവനേയും , ധനത്തേയും എല്ലാം ഉപേക്ഷിച്ച്‌
യുദ്ധേ അവസ്ഥിതാഃ = യുദ്ധത്തിന്‌ തയ്യാറായി നില്‍ക്കുന്നു.

നമുക്ക്‌ ജീവിതത്തിനായി രാജ്യം , ഭോഗവസ്തുക്കള്‍, ധനം ഇവ ആവ്‌അ ശ്യമില്ല, മരിച്ചു കഴിഞ്ഞാലും ഇവ ആവശ്യമില്ല. പിന്നെ ഇവയൊക്കെ നേടുന്നത്‌ മറ്റുള്ളവര്‍ക്കു വേണ്ടി ആണ്‌.
അപ്പോള്‍ ആ ബന്ധുക്കളെല്ലവരും ചാകാനായി നിന്നു കഴിഞ്ഞാല്‍ പിന്നെ യുദ്ധം ചെയ്തു വിജയിച്ചിട്ടു തന്നെ എന്തു കാര്യം?

34. ആചാര്യാഃ പിതരഃ പുത്രാസ്തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൗത്രാഃ സ്യാലാഃ സംബന്ധിനസ്തഥാ

ആചാര്യാഃ പിതരഃ പുത്രാഃ തഥാ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൗത്രാഃ സ്യാലാഃ സംബന്ധിനഃ തഥാ = ആചാര്യന്മാര്‍, പിതാക്കന്മാര്‍, പുത്രന്മാര്‍, പിതാമഹന്മാര്‍, അമ്മാവന്മാര്‍, ശ്വശുരന്മാര്‍, പൗത്രന്മാര്‍, സ്യാലന്മാര്‍ സംബന്ധികള്‍ എന്നിങ്ങനെ അടുത്ത ബന്ധുകളാണ്‌ ഈ നിരന്നു നില്‍ക്കുന്നവര്‍ അതു കോണ്ടും ഇവരെ ഒന്നും കൊന്ന്‌ യുദ്ധം ജയിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന്‌.

35. ഏതാന്‍ന ഹന്തുമിച്ഛാമി
ഘ്നതോപി മധുസൂദന
അപി ത്രൈലോക്യരാജ്യസ്യ
ഹേതോ കിന്നു മഹീപതേ

ഹേ മധുസൂദന = അല്ലയോ മധുസൂദനാ
ഘ്നതഃ അപി = ഹനിക്കുന്നവരാണെങ്കിലും
ത്രൈലോക്യരാജ്യസ്യ ഹേതോ അപി = മൂന്നു ലോകങ്ങളുടെയും ആധിപത്യത്തിനു വേണ്ടി പോലും
ഏതാന്‍ ഹന്തും ന ഇച്ഛാമി = ഇവരെ കൊല്ലാന്‍ ആഗ്രഹിക്കുന്നില്ല.
മഹീപതേ കിം നു = പിന്നെ ഈ രാജ്യത്തിനു വേണ്ടി ചെയ്യില്ലെന്നു പറയണോ

മൂന്നു രാജ്യങ്ങളും തനിക്കു ലഭിക്കും എന്നായാല്‍ പോലും ഇപ്പറഞ്ഞ ആളുകളെ കൊല്ലുക പോയിട്ട്‌ കൊല്ലണം എന്ന്‌ ആഗ്രഹിക്കുക പോലും ഇല്ല, പിന്നെ ആണൊ ഈ ഒരു രാജ്യത്തിനു വേണ്ടി?
അര്‍ജ്ജുനന്‍ ഒരു തികഞ്ഞ വൈരാഗിയെ പോലെ സംസാരിക്കുന്നു.

36. നിഹത്യ ധാര്‍ത്തരാഷ്ട്രാന്നഃ
കാ പ്രീതിഃ സ്യാജ്ജനാര്‍ദ്ദന
പാപമേവാശ്രയേദസ്മാന്‍
ഹത്വൈതാനാതതായിനഃ

ഹേ ജനാര്‍ദ്ദന = അല്ലയോ ജനാര്‍ദ്ദനാ
ധാര്‍ത്തരാഷ്ട്രാന്‍ നിഹത്യ = ധാര്‍ത്തരാഷ്ട്രന്മാരേ കോന്നിട്ട്‌
നഃ ഞങ്ങള്‍ക്ക്‌
കാ പ്രീതിഃ = എന്തു സന്തോഷമാണ്‌
സ്യാത്‌ =ഉണ്ടാകുക
ഏതാന്‍ ആതതായിനഃ = ആതതായികളായ ഇവരേ
ഹത്വാ = കോന്നിട്ട്‌
അസ്മാന്‍ പാപം ഏവ ആശ്രയേത്‌ = ഞങ്ങളേ പാപം തന്നെ ഗ്രസിക്കും

നേരത്തേ പറഞ്ഞു ആചാര്യന്മാരും പിതാക്കന്മാരും മറ്റും മറ്റും , അവരെ കൊല്ലാന്‍ സാധിക്കില്ല എന്ന്‌. അതു ശരി എന്നാല്‍ ധൃതരാഷ്ട്ര പുത്രന്മാര്‍ അങ്ങനെ അല്ലല്ലൊ. അവര്‍ നിങ്ങളേ എല്ലാതരത്തിലും ദ്രോഹിക്കുകയും പലവിധത്തിലും കൊല്ലാന്‍ ശ്രമിച്ചവരും അല്ലേ? അവരെ കൊന്നുകൂടേ എന്നാണെങ്കില്‍ അതും വയ്യ. സഹോദരന്മാരാണവര്‍ , അവരെ കൊ ന്നിട്ട്‌ ജീവിക്കുന്നതില്‍ എന്ത്‌ സന്തോഷം ?
മുമ്പു പറഞ്ഞതു പോലെ ക്ഷണികമായ ഈ ലോകജീവിതത്തിനേ മൂഢന്മാരേ വിലവയ്ക്കൂ.

ഇവിടെ ആതതായി എന്നൊരു പദം പ്രയോഗിച്ചിട്ടുണ്ട്‌.

"അഗ്ന്‍ഇദോ ഗരദശ്ചൈവ ശസ്ത്രപാണീര്‍ധനാപഹഃ
ക്ഷേത്രദാരാപഹാരീ ച ഷഡേതേ ആതതായിനഃ"

പുരക്കു തീ വയ്ക്കുന്നവന്‍, വിഷം കൊടുക്കുന്നവന്‍, ആയുധം ധരിച്ചു കൊല്ലാന്‍ വരുന്നവന്‍, ധനം അപഹരിക്കുന്നവന്‍, കൃഷി, ഭാര്യ ഇവയെ അപഹരിക്കുന്നവന്‍ എന്നീ ആറു പേരാണ്‌ ആതതായികള്‍.

അര്‍ഥശാസ്ത്രപ്രകാരം ഇവര്‍ വധാര്‍ഹരാണ്‌ ഇവരെ കൊല്ലുന്നതില്‍ പാപമില്ല എന്നര്‍ത്ഥം. എന്നാല്‍ പോലും താന്‍ അതിനു തയാറല്ല.

Thursday, May 17, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 26- 30

മനുഷ്യന്റെ സമസ്തദോഷങ്ങള്‍ക്കും കാരണം 'പ്രജ്ഞാപരാധം" ആണ്‌ എന്ന്‌ ആയുര്‍വേദം പരയുന്നു.
"
ധീധൃതിസ്മൃതി വിഭൃഷ്ടഃ കര്‍മ്മ യത്‌ കുരുതേശുഭം
പ്രജ്ഞാപരാധം തം വിദ്യാല്‍ സര്‍വദോഷപ്രകോപനം"

ധീ = ബുദ്ധി, ധൃതി= ധാരണാശക്തി സ്മൃതി = ഓര്‍മ്മശക്തി
ഇവയേ ഭ്രംശിച്ചു കൊണ്ട്‌- ഇവക്കനുസൃതമല്ലാതെ
യല്‍ അശുഭം കര്‍മ്മ കുരുതേ = യാതൊരു അശുഭകര്‍മ്മങ്ങളേ അനുഷ്ടിക്കുന്നുവോ
തം പ്രജ്ഞാപരാധം വിദ്യാല്‍ = അതിനേ പ്രജ്ഞാപരാധം എന്നറിയണം.
തത്‌ സര്‍വദോഷപ്രകോപനം= അത്‌ ശാരീരങ്ങള്‍ഉം മാനസികങ്ങളുമായ എല്ലാദോഷങ്ങളേയും കോപിപ്പിക്കുന്നു.

ഇവിടെ ദോഷങ്ങള്‍ എന്നു പറയുന്നത്‌ സത്വം രജസ്‌ തമസ്‌ എന്ന മാനസിക ദോഷങ്ങളും വാതം പിത്തം കഫം എന്ന ശാരീരിക ദോഷങ്ങളുമാണ്‌. എല്ലാവിധ ദുഃഖങ്ങള്‍ക്കും കാരണം ഇതാണ്‌.

മനുഷ്യന്റെ മാനസികവ്യാപാരങ്ങളെ മറ്റു സാഹചര്യങ്ങള്‍ എങ്ങനെ ഒക്കെ തകരാറിലാക്കും എന്ന്‌ രണ്ടാം അദ്ധ്യായത്തിലൊ വിശദമായി പറയാന്‍ പോകുന്നുണ്ട്‌. അത്‌ പക്ഷേ ഈ പേരിലല്ലെന്നു മാത്രം.

"സംഗാല്‍ സഞ്ജായതേ കാമഃ കാമാല്‍ ക്രോധോഭിജായതേ--" എന്നു തുടങ്ങി

സംഗം കൊണ്ട്‌ കാമം, കാമം കൊണ്ട്‌ ക്രോധം എന്നു തുടങ്ങി പ്രജ്ഞാപരാധത്തേ തന്നെ വിശദീകരിക്കുന്ന ആ ഭാഗം ഇവിടെ തുടങ്ങുന്നു.

അര്‍ജ്ജുനന്‌ തന്റെ കൃത്യനിര്‍വഹണത്തിനോട്‌ വിരക്തി തോന്നുവാന്‍ തുടങ്ങുന്നതും അതിനെ തന്റേതായ ന്യായങ്ങള്‍ കൊണ്ട്‌ സമര്‍ട്‌ഹ്ഥിക്കുന്നതും നമുക്ക്‌ നോക്കാം.

26.തത്രാപശ്യല്‍ സ്ഥിതാന്‍ പാര്‍ത്ഥഃ
പിതൃനഥ പിതാമഹാന്‍
ആചാര്യാന്‍ മാതുലാന്‍ ഭ്രാതൃന്‍
പുത്രാന്‍ പൗത്രാന്‍ സഖീംസ്തഥാ
27. ശ്വശുരാന്‍ സുഹൃദശ്ചൈവ
സേനയോരുഭയോരപി.

അഥ = അനന്തരം
പാര്‍ഥഃ = അര്‍ജ്ജുനന്‍
ഉഭയോഃ സേനയോഃ അപി = രണ്ടു സൈന്യങ്ങളിലും
സ്ഥിതാന്‍ = നില്‍ക്കുന്ന
പിതൃന്‍ പിതാമഹാന്‍ = പിതൃക്കളേയും , പിതാമഹന്മാരേയും
ആചാര്യാന്‍ മാതുലാന്‍ = ആചാര്യന്മാരേയും അമ്മാവന്മാരേയും
ഭ്രാതൃന്‍ = സഹോദരന്മാരേയും
പുത്രാന്‍ പൗത്രാന്‍ സഖീന്‍= പുത്രന്മാരേയും പൗത്രന്മാരേയും
സഖി മാരേയും
ശ്വശുരാന്‍ = സുഹൃദഃ ച = ഭാര്യാപിതാക്കന്മാരേയും സുഹൃത്തുക്കളേയും
അപശ്യത്‌= കണ്ടു.

രണ്ടു സൈന്യങ്ങളിലും നില്‍ക്കുന്നവരെല്ലാം അച്ഛന്മാരും മക്കളും , അമ്മാവന്മാരും സുഹൃത്തുക്കളും മറ്റു ബന്ധുത്വമുള്ളവരും മാത്രമാണ്‌. ഇവരാണ്‌ തമ്മില്‍ തല്ലി ചാകാന്‍ പോകുന്നത്‌ എന്ന സത്യം അര്‍ജ്ജുനന്‍ കാണുന്നു.

താന്‍ സമീക്ഷ്യ സ കൗന്തേയഃ
സര്‍വാന്‍ ബന്ധൂനവസ്ഥിതാന്‍
28. കൃപയാ പരയാവിഷ്ടോ
വിഷീദന്നിദമബ്രവീത്‌

സഃ കൗന്തേയഃ = ആ കുന്തീ പുത്രന്‍ -അര്‍ജ്ജുനന്‍
അവസ്ഥിതാന്‍ = നില്‍ക്കുന്ന
താന്‍ സര്‍വാന്‍ ബന്ധൂന്‍ = ആ എല്ലാ ബന്ധുക്കളേയും
സമീക്ഷ്യ = നല്ലവണ്ണം കണ്ടിട്ട്‌
പരയാ കൃപയാ ആവിഷ്ട = കൃപാപരവശനായി
വിഷീദന്‍ = വിഷാദത്തെ പ്രാപിച്ചവനായി
ഇദം അബ്രവീത്‌ = ഇങ്ങനെ പറഞ്ഞു.

യുദ്ധം ചെയ്യാനൊരുങ്ങി നില്‍ക്കുന്ന ബന്ധുജനങ്ങളേ കണ്ടതോടു കൂടി യുദ്ധത്തിന്റെ ഭീകരതയേയും ഇവര്‍ എല്ലാവരും കൊല്ലപ്പേടുമല്ലൊ എന്ന ആശങ്കയും മറ്റും ഉടലെടുത്ത അര്‍ജ്ജുനന്‌ മനസ്സു വിഷമിച്ചു. അതിനാല്‍ അദ്ദേഹം കൃഷ്ണനോട്‌ പ്രകാരം പറഞ്ഞു.

ദൃഷ്ട്വേമം സ്വജനം കൃഷ്ണ
യുയുത്സും സമുപസ്ഥിതം
29.സീദന്തി മമ ഗാത്രാണി
മുഖം ച പരിശുഷ്യതി.
വേപഥുശ്ച ശരീരേ മേ
രോമഹര്‍ഷശ്ച ജായതേ

കൃഷ്ണ =അല്ലയോ കൃഷ്ണാ
ഇമം സമുപസ്ഥിതം യുയുത്സും സ്വജനം ദൃഷ്ട്വാ = ഈ ബന്ധുക്കള്‍ യുദ്ധത്തിനു തയ്യാറായി നില്‍ക്കുന്നതു കണ്ടിട്ട്‌
മമ ഗാത്രാണി സീദന്തി = എന്റെ ശരീരം തളരുന്നു.
മുഖം പരിശുഷ്യതി = തൊണ്ട വരളുന്നു
മേ ശരീരേ വേപഥുഃ രോമഹര്‍ഷഃ ച ജായതേ = എന്റെ ശരീരത്തില്‍ വിറയലും രോമഹര്‍ഷവും ഉണ്ടാകുന്നു.

30. ഗാണ്ഡീവം സ്‌രംസതേ ഹസ്താല്‍
ത്വക്‌ ചൈവ പരിദഹ്യതേ
ന ച ശക്നോമ്യവസ്ഥാതും
ഭ്രമതീവ ച മേ മനഃ

ഗാണ്ഡീവം ഹസ്താല്‍ സ്രംസതേ = ഗാണ്ഡീവം കയ്യില്‍ നിന്നും വഴുതി പോകുന്നു.
ത്വക്‌ പരിദഹ്യതേ = തൊലി പൊള്ളുന്നു.
അവസ്ഥാതും ന ശക്നോമി = നില്‍ക്കാന്‍ സാധിക്കുന്നില്ല
മനഃ ഭ്രമതി ഇവ= തല കറങ്ങുന്നു

സ്വജനങ്ങളെന്ന ഭാവം മനസ്സില്‍ ഉണ്ടായതോടു കൂടി അര്‍ജ്ജുനന്‌ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ലക്ഷണങ്ങള്‍ മുകളില്‍ പറഞ്ഞു. അവസാനം നില്‍ക്കുവാന്‍ പോലും ത്രാണിയില്ലാതായി.
എത്ര തന്നെ കേമനായ മനുഷ്യനാണെങ്കിലും ചില സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ തളര്‍ന്നു പോകും. അതിന്റെ മൂല കാരണം എന്താണ്‌ അതില്‍ നിന്നും ഒരു മോചനം സാധ്യമാണൊ എന്നൊക്കെ അന്വേഷിക്കുകയാണിവിടെ. അടുതതായി അര്‍ജ്ജുനന്‍ യുദ്ധം ചെയ്യാതിരിക്കുവാന്‍ ഉള്ള തന്റേതായ വിശദീകരണങ്ങള്‍ നല്‍കുന്നു.

Wednesday, May 16, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 22-25

22. യാവദേതാന്‍ നിരീക്ഷേഹം
യോദ്ധുകാമാനവസ്ഥിതാന്‍
കൈര്‍മ്മയാ സഹ യോദ്ധവ്യ-
മസ്മിന്‍ രണസമുദ്യമേ

അസ്മിന്‍ രണസമുദ്യമേ = ഈ യുദ്ധത്തില്‍
കൈഃ സഹ മയാ യോദ്ധവ്യം= ആരോടൊക്കെയാണോ എനിക്കു യുദ്ധം ചെയ്യേണ്ടി വരിക
യോദ്ധുകാമാന്‍ ഏതാന്‍ = യുദ്ധം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഇവരെ
യാവത്‌ അഹം നിരീക്ഷേ = എവിടെ നിന്നാല്‍ എനിക്കു നല്ലവണ്ണം കാണുവാന്‍ സാധിക്കുമോ
(താവത്‌ രഥം സ്ഥാപയ= അവിടെ രഥം നിര്‍ത്തിയാലും)

23. യോല്‍സ്യമാനാനവേക്ഷേഹം
യ ഏതേത്ര സമാഗതാഃ
ധാര്‍ത്തരഅഷ്ട്രസ്യ ദുര്‍ബുദ്ധേര്‍
യുദ്ധേ പ്രിയചികീര്‍ഷവഃ

ദുര്‍ബുദ്ധേഃ ധാര്‍ത്തരാഷ്ട്രസ്യ = ദുര്‍ബുദ്ധിയായ ദുര്യോധനന്‌
പ്രിയചികീര്‍ഷവഃ = പ്രിയം ചെയ്യുന്നവരായ
അത്ര സമാഗതാഃ = ഇവിടെ കൂടിയിട്ടുള്ള
യേ ഏതേ = ഇവര്‍ ആരൊക്കെയാണോ
യോല്‍സ്യമാനാന്‍ (താന്‍) യുദ്ധംചെയ്യുന്നവ്രായ അവരെ
അഹം അവേക്ഷേ = ഞാന്‍ കാണട്ടെ.

സഞ്ജയ ഉവാച = സഞ്ജയന്‍ പറഞ്ഞു

24. ഏവമുക്തോ ഹൃഷീകേശോ
ഗുഡാകേശേന ഭാരത
സേനയോരുഭയോര്‍മ്മദ്ധ്യേ
സ്ഥാപയിത്വാ രഥോത്തമം

25. ഭീഷ്മദ്രോണപ്രമുഖതഃ
സര്‍വേഷാം ച മഹീക്ഷിതാം
ഉവാച പാര്‍ത്ഥ പശ്യൈതാന്‍
സമവേതാന്‍ കുരൂനിതി

ഭാരത = അല്ലയോ ഭാരത (അല്ലയോ ധൃതരാഷ്ട്രരേ)
ഗുഡാകേശേന = അര്‍ജ്ജുനനാല്‍
ഏവം ഉക്തഃ = ഇപ്രകാരം പറയപ്പെട്ട
ഹൃഷീകേശഃ =കൃഷ്ണന്‍
ഉഭയോ സേനയോ
ഭീഷ്മദ്രോണപ്രമുഖതഃ സര്‍വേഷാം ച മഹീക്ഷിതാം മദ്ധ്യേ = രണ്ടു സേനകളുടെയും ഭീഷ്മര്‍ ദ്രോണര്‍ തുടങ്ങി സര്‍വ രാജാക്കന്മാരുടെയും മദ്ധ്യത്തിലായി
രഥം സ്ഥാപയിത്വാ= രഥത്തെ നിര്‍ത്തിയിട്ട്‌
പാര്‍ത്ഥ= അല്ലയോ അര്‍ജ്ജുനാ
സമവേതാന്‍ കുരൂന്‍ പശ്യ ഇതി ഉവാച= കൂടിയിട്ടുള്ള കുരുക്കളെ കണ്ടാലും എന്നു പറഞ്ഞു

യുദ്ധഭൂമിയിലെത്തിയ അര്‍ജ്ജുനന്‌ വിഷാദമുണ്ടായിരുന്നു എന്നും അതിനുള്ള മരുന്നായിട്ടാണ്‌ ഗീത ഉപദേശിച്ചത്‌. എന്നാല്‍ ഇവിടെ നോക്കുക.

അര്‍ജ്ജുനന്‌ യാതൊരു വിഷാദവുമില്ല, എന്നു മാത്രവുമല്ല നല്ല ഉഷാറിലും ആണ്‌. തനിക്കെതിരേ പോരാടുവാനും, ദുര്യോധനന്‌ പ്രിയം ചെയ്യുവാനും ആരൊക്കെ ആണ്‌ അണി നിരന്നിരിക്കുന്നത്‌ എന്നു വിശദമായി കാണുവാന്‍ തന്നെയാണ്‌ രഥം മദ്ധ്യത്തില്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നത്‌. ഇവിടെ അര്‍ജ്ജുനനെ പറയുവാന്‍ ഉപയോഗിച്ച വാക്ക്‌ ശ്രദ്ധിച്ചുവോ?"ഗുഡാകേശന്‍ " എന്നു പറഞ്ഞാല്‍ ഗുഡാകയെ അത്‌ആയത്‌ നിദ്രയെ അതിജീവിച്ചവന്‍ - നിദ്ര എന്നതു കൊണ്ട്‌ ഇവിടെ തമോഗുണത്തെ മുഴുവനും ഉദ്ദേശിച്ചിരിക്കുന്നു.

അങ്ങനെ ഏറ്റവും വീര്യവാനായി നിന്ന അര്‍ജ്ജുനനാണ്‌ പിന്നീട്‌ വിഷാദത്തിനടിമപ്പെടുന്നത്‌. ഈ വിഷാദം വരാനുള്ള കാരണവും അതിനുള്ള ആത്യന്തികമായ നിവാരണവും ആണ്‌ ഭഗവത്‌ ഗീത എന്ന മഹത്‌ ഗ്രന്ഥത്തിന്റെ വിഷയം

സഞ്ജയന്‍ ഇത്തവണ ധൃതരാഷ്ട്രരെ വിളിക്കുന്നത്‌ ഭാരത എന്നാണ്‌. ധൃത രാഷ്ട്രര്‍ എന്ന വാക്കിനു തന്നെ അര്‍ഥം രാഷ്ട്രത്തെ ധരിച്ചിരിക്കുന്നവന്‍ എന്നാണ്‌ അതു മാറ്റി ഭാരതനാകുവാന്‍ - ഭാരതത്തിന്റെ മുഴുവന്‍ നിലനില്‍പ്പിനു വേണ്ടി പ്രവര്‍ത്തിക്കുന്നവന്‍- ഉള്ള; ഒരു യുദ്ധം ഒഴിവാക്കാനുള്ള സന്മനസ്സു കാണിക്കുന്നു എങ്കില്‍ കാണിക്കുവാന്‍ പറയുന്നു എന്നു തോന്നുന്നു.
കൃഷ്ണനെ വിളിക്കുവാന്‍ ഉപയോഗിച്ചത്‌ ഇപ്പോഴും ഇന്ദ്രിയനിയന്താവ്‌ എന്നര്‍ഥം വരുന്ന ഹൃഷീകേശന്‍ എന്നു തന്നെ.

സംസ്കൃതത്തില്‍ സന്ദര്‍ഭത്തിനനുസരിച്ച്‌ പല പല പര്യായപദങ്ങളുപയോഗിച്ചായിരിക്കും ഓരോ കാര്യം പറയുന്നത്‌. ഒരു വാക്കിന്‌ പല പര്യായപദങ്ങളുണ്ടെങ്കിലും അതിനെല്ലാം ഒരേ അര്‍ത്ഥമായിരിക്കില്ല. വിശിഷ്ടാര്‍ത്ഥങ്ങള്‍ വേണ്ടിടത്ത്‌ അതിനനുസരിച്ച പദം പ്രയോഗിക്കുന്നു .

Tuesday, May 15, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 14 -21

14. തതഃ ശ്വേതൈര്‍ഹയൈര്യുക്തേ
മഹതി സ്യന്ദനേ സ്ഥിതൗ
മാധവഃ പാണ്ഡവശ്ചൈവ
ദിവ്യൗ ശംഖൗ പ്രദധ്മതുഃ

തതഃ = അനന്തരം
ശ്വേതൈഃ ഹയൈഃ യുക്തേ= വെളുത്ത കുതിരകളോട്‌ കൂടിയ
മഹതി സ്യന്ദനേ സ്ഥിതൗ = മഹത്തായ തേരില്‍ സ്ഥിതരായ
മാധവഃ പാണ്ഡവഃ ച = കൃഷ്ണനും അര്‍ജ്ജുനനും
ദിവ്യൗ ശംഖൗ പ്രദധ്മതുഃ = ദിവ്യങ്ങളായ ശംഖുകളെ മുഴക്കി.

കൗരവപക്ഷത്തു നിന്നുള്ള ശംഖുനാദം മുഴങ്ങിയപ്പോള്‍ അതിനു മറുപടിയെന്നോണം പാണ്ഡവപക്ഷത്തുള്ള കൃഷ്ണാര്‍ജ്ജുനമാര്‍ ത്‌അങ്ങളുടെ ശംഖൂതി.
നാലു വെള്ളകുതിരകളെ പൂട്ടിയ തേരിലാണ്‌ അര്‍ജ്ജുനന്‍ ഇരിക്കുന്നത്‌ ശൈബ്യം, സുഗ്രീവം, വലാഹകം, മേഘപുഷ്പം എന്നിവയാണ്‌ ആ കുതിരകള്‍.ശ്രീ കൃഷ്ണന്‍ ആണ്‌ തേരാളി.

15. പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ
പൗണ്ഡ്രം ദധ്മൗ മഹാശംഖം ഭീമകര്‍മ്മാ വൃകോദരഃ
ഹൃഷീകേശന്‍=ശ്രീകൃഷ്ണന്‍
പാഞ്ചജന്യം = പാഞ്ചജന്യം എന്ന ശംഖിനേയും
ധനഞ്ജയഃ = അര്‍ജ്ജുനന്‍
ദേവദത്തം = ദേവദത്തം എന്ന ശംഖിനേയും
ഭീമകര്‍മ്മാ വൃകോദര = മഹത്തായ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഭീമന്‍
പൗണ്ഡ്രം മഹാശംഖം = പൗണ്ഡ്രം എന്ന ശംഖിനേയും
ദധ്മൗ = മുഴക്കി
ഹൃഷീകേശന്‍ എന്നാല്‍ സര്‍വ ഇന്ദ്രിയങ്ങളേയും ഹൃദയത്തില്‍ ഇരുന്നു കൊണ്ട്‌ പ്രേരിപ്പിക്കുന്നവന്‍ എന്നര്‍ത്ഥം.
16. അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ടിരഃ
നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൗ

രാജാ യുധിഷ്ടിരഃ = യുധിഷ്ടിര രാജാവ്‌
അനന്തവിജയം =അനന്തവിജയം എന്നശംഖിനേയും
നകുലഃ സഹദേവഃ ച = നകുലനും സഹദേവനും
സുഘോഷമണിപുഷ്പകൗ = സുഘോഷം മണിപുഷ്പകം എന്നിവയേയും മുഴക്കി

17. കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ
18.ദ്രുപദോ ദ്രൗപദേയാശ്ച സര്‍വശഃ പൃഥിവീപതേ
സൗഭദ്രശ്ച മഹാബാഹുഃ ശംഖാന്‍ ദധ്മുഃ പൃഥക്‌ പൃഥക്‌

പരമേഷ്വാസഃ കാശ്യഃ = മഹത്തായ വില്ലുള്ള കാശിരാജന്‍
മഹാരഥഃ ശിഖണ്ഡീ = മഹാരഥനായ ശിഖണ്ഡി
ധൃഷ്ടദ്യുമ്നഃ വിരാടഃ അപരാജിതഃ സാത്യകി = ധൃഷ്ടദ്യുമ്നന്‍ വിരാടന്‍ അപരാജിതനായ സാത്യകി
ദ്രുപദഃ ദ്രൗപദേയാഃ = ദ്രുപദനും ദ്രൗപദിയുടെ അഞ്ചു പുത്രന്മാരും
സൗഭദ്ര്അഃ = അഭിമന്യുവും
പൃഥക്‌ പൃഥക്‌ ശംഖാന്‍ ദധ്മുഃ = വെവ്വേറേ ശംഖു മുഴക്കി.

19. സ ഘോഷോ ധാര്‍ത്തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത്‌
നഭശ്ച പൃഥിവീം ചൈവ തുമുലോ വ്യനുനാദയത്‌

തുമുലഃ സ ഘോഷഃ = അതിഭയങ്കരമായ ആശബ്ദം
നഭഃ പൃഥിവീം ച വ്യനുനാദയത്‌ = ആകാശത്തേയും ഭൂമിയേയും പ്രതിധ്വനിപ്പിച്ച്‌
ധാര്‍ത്തരാഷ്ട്രാണാം ഹൃദയാനി വ്യദാരത്‌ = ധൃതരാഷ്ട്രപക്ഷക്കാരുടെ ഹൃദയങ്ങളേ പീഡിപ്പിച്ചു.
ആദ്യം ധൃതരാഷ്ട്രപക്ഷക്കാരുടെ ശംഖധ്വനി വളരെ ഭയങ്കരമായിരുന്നു എന്നു പറഞ്ഞു എങ്കിലും അത്‌ പാണ്ഡവപക്ഷക്കാരെ ഭയപ്പെടുത്തിയതായ്‌ഇ പറഞ്ഞില്ല, എന്നാല്‍ ഇവിടെ തിരിച്ചാണ്‌ ആ ശബ്ദം കേട്ട്‌ ധൃതരാഷ്ട്രരുടെ ആളുകള്‍ ഭയപ്പെടുക തന്നെ ചെയ്തു.

20. അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ
21. ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ
അര്‍ജ്ജുന ഉവാച
സേനയോരുഭയോര്‍മ്മധ്യേ രഥം സ്ഥാപയ മേച്യുത

മഹീപതേ = അല്ലയോ രാജാവേ
അഥ = അനന്തരം
കപിധ്വജഃ പാണ്ഡവഃ = ഹനുമാന്‍ കൊടിയടയാളമായുള്ള അര്‍ജ്ജുനന്‍
ശസ്ത്രസമ്പാതേ പ്രവൃത്തേ (സതി)= അസ്ത്രപ്രയോഗത്തിനു തയ്യാറായ അവസരത്തില്‍
ധനുഃ ഉദ്യമ്യ = വില്ലുയര്‍ത്തിയിട്ട്‌
ഹൃഷീകേശം ഇദം വാക്യം ആഹ = കൃഷ്ണനോട്‌ ഈ വാക്കുകള്‍ പറഞ്ഞു.
അച്യുത = അല്ലയോ അച്യുതാ (ഏതു കാലത്തിലും സ്ഥാനഭ്രംശം ഇല്ലാത്തവന്‍ - എല്ലാകാലത്തും ഒരുപോലെ നിലനില്‍ക്കുന്നവന്‍)
മേ രഥം = എന്റെ രഥം
സേനയോഃ ഉഭയോഃ മധ്യേ സ്ഥാപയ= രണ്ടു സേനകളുടേയും മധ്യത്തിലായി നിര്‍ത്തിയാലും

രണ്ടു സൈന്യങ്ങളും യുദ്ധത്തിനൊരുങ്ങി നില്‍ക്കുന്നു രണ്ടു കൂട്ടരുടേയും ശംഖു നാദവും മുഴങ്ങി. അടുത്തത്‌ യുദ്ധമാണ്‌. ഈ അവസരത്തിലാണ്‌ തന്റെ പക്ഷക്കാരും എതിരാളികളും ആരൊക്കെയാണ്‌ എന്ന്‌ അവസാനമായി ഒന്നു കൂടി കാണുന്നതിനായി അര്‍ജ്ജുനന്‍ ആഗ്രഹിക്കുന്നത്‌.

ഒരു പുനര്‍വിചിന്തനം ആവശ്യമായിരുന്നു എങ്കില്‍ അതിനുള്ള അവസാന അവസരമാണ്‌ ഇത്‌. യുദ്ധം തുടങ്ങി കഴിഞ്ഞാല്‍ പിന്നീട്‌ പശ്ചാത്തപിച്ചിട്ടു കാര്യമില്ല. അതിനു വേണ്ടി അര്‍ജ്ജുനന്‍ ഹൃഷീകേശനായ കൃഷ്ണനോട്‌- സര്‍വേന്ദ്രിയങ്ങളുട്വെയും പ്രവര്‍ത്തകനഅയ കൃഷ്ണനോട്‌ തന്റെ രഥം രണ്ടു സേനകളൂടേയും മധ്യത്തില്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നത്‌.

അവിടെ സംബോധന ചെയ്യുന്നതോ അച്യുതാ എന്ന്‌ - അവന്‍ ചിരകാലം ച്യുതി ഇല്ലാത്തവനാണ്‌ - നിത്യനാണ്‌ അവന്റെ ആശ്രയമാണ്‌ അര്‍ജ്ജുനന്‍ സ്വീകരിച്ചിരിക്കുന്നതും. അതിനാല്‍ അര്‍ജ്ജുനന്‌ ഭയത്തിന്‌ അവകാശമില്ല, അത്‌ അദ്ദേഹത്തിന്‌ അറിയുകയും ചെയ്യാം -അതുകൊണ്ടാണ്‌ ഈ സംബോധന.

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 10,11,12,13

10. അപര്യാപ്തം തദസ്മാകം ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷാം ബലം ഭീമാഭിരക്ഷിതം

അസ്മാകം ബലം (യത്‌)നമ്മുടെ സൈന്യം യാതൊന്നോ
അപര്യാപ്തം തത്‌= അളവില്ലാത്ത അത്‌
ഭീഷ്മാഭിരക്ഷിതം = ഭീഷ്മരാ രക്ഷിക്കപ്പെട്ട്‌
പര്യാപ്തം (ഭവതി) = സമര്‍ഥമായിത്തീരും.
ഭീമാഭിരക്ഷിതം = ഭീമനാല്‍ രക്ഷിക്കപെട്ടത്‌ (പാണ്ഡവസൈന്യം)
പര്യാപ്തം അപര്യാപ്തം( ഭവതി)=അല്‍പമാകയാല്‍ അസമര്‍ഥമായിത്തീരുകയും ചെയ്യും.

സൈന്യബലം കൊണ്ട്‌ നമ്മുടെ സൈന്യം വളരെ കൊഒടൂതലാണ്‌ അത്‌ ഭീഷ്മരാല്‍ രക്ഷിക്കപെട്ടതുമാണ്‌ അതു കൊണ്ട്‌ വിജയം നമുക്കു തന്നെയാകും.

11. അയനേഷു ച സര്‍വേഷു യഥഭാഗമവസ്ഥിതാഃ
ഭീഷ്മമേവാഭിരക്ഷന്തു ഭവന്തഃ സര്‍വ ഏവ ഹി

ഹി= എന്നാല്‍
ഭവന്തഃ സര്‍വേ = ഭവാന്മാര്‍ എല്ലാവരും
യഥാഭാഗം അവസ്ഥിതാഃ = അവരവരുടെ സ്ഥാനങ്ങളില്‍ ശരിയായി നിലയുറപ്പിച്ച്‌
സര്‍വേഷു അയനേഷു = എല്ലാ സ്ഥാനങ്ങളിലും
ഭീഷ്മം ഏവ അഭിരക്ഷന്തു = ഭീഷ്മപിതാമഹനെ തന്നെ രക്ഷിക്കണം.

ദ്രോണരെ മാത്രം പുകഴ്തിയാല്‍ പോര പിന്നെയോ ഭീഷ്മരാണ്‌ ബലവാന്‍ എന്നറിയാവുന്ന ദുര്യോധനന്‍ ഭീഷ്മരേ സുഖിപ്പിക്കുന്നു. ഭെഷ്മര്‍ നഷ്ടപ്പെട്ടാല്‍ യുദ്ധ്‌അം നഷ്ടപെട്ടു എന്ന് തോന്നിയ ദുര്യോധനന്‍, യുദ്ധതന്ത്രത്തില്‍ ആചാര്യനെ പോലും ഉപദേശിക്കാന്‍ തുടങ്ങുന്ന മൂഢനല്ലേ എന്നും നമുക്കു സംശയിക്കാം.

12. തസ്യ സഞ്ജനയന്‍ ഹര്‍ഷം കുരുവൃദ്ധഃ പിതാമഹഃ
സിംഹനാദം വിനദ്യോച്ചൈഃ ശംഖം ദധ്മൗ പ്രതാപവാന്‍

പ്രതാപവാന്‍ കുരുവൃദ്ധഃ പിതാമഹഃ= പ്രതാപശാലിയായ, കുരുവൃദ്ധന്‍ ഭീഷ്മാചാര്യന്‍
തസ്യ ഹര്‍ഷം സഞ്ജനയന്‍= ദുര്യോധനന്‌ സന്തോഷം ഉണ്ടാക്കുന്ന തരത്തില്‍
സിംഹനാദം ഉച്ചൈഃ വിനദ്യ= ഉറക്കെ സിംഹനാദം പുറപ്പെടുവിച്ചിട്ട്‌
ശംഖം ദധ്മൗ = ശംഖ്‌ ഊതി

13. തതഃ ശംഖാശ്ച ഭേര്യശ്ച പണവാനകഗോമുഖാഃ
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തുമുലോഭവത്‌

തതഃ ശംഖാശ്ച ഭേഋയശ്ച പണവാനകഗോമുഖാഃ= അനന്തരം ശംഖങ്ങളും, ഭേരികളും, പണവം , ആനകം, ഗോമുഖം തുടങ്ങി പല വാദ്യങ്ങളും
സഹസൈവാഭ്യഹന്യന്ത = പെട്ടെന്നു തന്നെ മുഴങ്ങി
സ ശബ്ദസ്തുമുലോഭവത്‌= ആ ശബ്ദം സര്‍വത്ര നിറഞ്ഞു

Monday, May 14, 2007

ശ്രീമദ്‌ ഭഗവത്‌ ഗീത- contd 1- 7,8,9

7. അസ്മാകം തു വിശിഷ്ടാ യേ
താന്‍ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമി തേ

ദ്വിജോത്തമ= അല്ലയോ ബ്രാഹ്മണശ്രേഷ്ഠ
അസ്മാകം തു വിശിഷ്ടാ യേ = നമ്മളിലുള്ള വിശിഷ്ടന്മാര്‍ ആരൊക്കെയാണോ അവര്‍
മമ സൈന്യസ്യ നായകാഃ = എന്റെ സൈന്യത്തിന്റെ നായകന്മാര്‍
താന്‍ നിബോധ = അവരെ അറിഞ്ഞാലും
തേ സംജ്ഞാര്‍ത്ഥം (അഹം) ബ്രവീമി = അങ്ങയുടെ അറിവിലേക്കായി (ഞാന്‍) പറയുന്നു.

8.ഭവാന്‍ ഭീഷ്മശ്ച കര്‍ണ്ണശ്ച
കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണ്ണശ്ച
സൗമദത്തിര്‍ ജയദ്രഥ:

സമിതിംജയഃ= യുദ്ധത്തില്‍ ജയിക്കുന്നവനായ
ഭവാന്‍ = അങ്ങ്‌,
ഭീഷ്മഃ കര്‍ണ്ണഃ കൃപഃ = ഭീഷ്മര്‍, കര്‍ണ്ണന്‍, കൃപര്‍,
അശ്വത്ഥാമാ, വികര്‍ണ്ണഃ ,സൗമദത്തി= അശ്വത്ഥാമാവ്‌, വികര്‍ണ്ണന്‍ ,
സൗമദത്തി= സോമദത്ത പുത്രന്‍
ജയദ്രഥഃ = ജയദ്രഥന്‍

ഇവിടെയും ദുര്യോധനന്റെ കൗശലം ശ്രദ്ധിക്കുക. ആളെ സോപ്പിട്ട്‌ വശത്താക്കുവാനും പുകഴ്ത്തി കാര്യം സാധിക്കാനും ഉള്ള കഴിവ്‌ പുറത്തെടുക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഭീഷ്മര്‍ക്‌ തുല്ല്യനായി ഒരു പോരാളി ഇല്ല തന്നെ എന്നാല്‍ ഇവിടെ പ്രഥമസ്ഥാനം ദുര്യ്യോധനന്‍ ആര്‍ക്കാണ്‌ കൊടുത്തത്‌ - ഭവാന്‍ - അങ്ങ്‌ അതായത്‌ ദ്രോണര്‍ക്ക്‌. ദ്രോനരെ പൊക്കാന്‍ ഇതിലും നല്ല ഉപായമുണ്ടോ?
അതിനു ശേഷം സോമദത്തപുത്രനായ ഭൂരിശ്രവസ്സിനും എന്തിന്‌ വികര്‍ണ്ണനു പോലും മുമ്പിലായി അശ്വത്ഥാമാവിനും സ്ഥാനം നല്‍കി.
ആചാര്യനെ സന്തോഷിപ്പിക്കുവാന്‍ ഇതിലും നല്ല മാര്‍ഗ്ഗമുണ്ടോ?

9. അന്യേ ച ബഹവഃ ശൂരാഃ
മദര്‍ത്ഥേ ത്യക്തജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ
സര്‍വേ യുദ്ധവിശാരദാഃ

നാനാശസ്ത്രപ്രഹരണാഃ=പലതരം ആയുധങ്ങള്‍ ഉപയോഗിക്കാനറിയുന്നവരും
യുദ്ധവിശാരദാഃ=യുദ്ധവിശാരദന്മാരും
മദര്‍ത്ഥേ ത്യക്തജീവിതാഃ= എനിക്കു വേണ്ടി ജീവിതം ത്യജിക്കുവാന്‍ തയ്യാറായവര്‍ ആയി
അന്യേ സര്‍വേ ച ബഹവഃ ശൂരാഃ = മറ്റ്‌ ധാരാളം ശൂരന്മാരും ഉണ്ട്‌

ശ്രീമദ്‌ ഭഗവത്‌ ഗീത- contd 1- 456

അത്ര ശൂരാ മഹേഷ്വാസാ ഭീമാര്‍ജ്ജുനസമാ യുധി
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥാഃ
ധൃഷ്ടകേതുശ്ചേകിതാന കാശിരാജശ്ച വീര്യവാന്‍
പുരുജിത്‌ കുന്തി ഭോജശ്ച ശൈബ്യശ്ച നരപുംഗവഃ
യുധാമന്യുശ്ച വിക്രാന്തഃ ഉത്തമൗജാശ്ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്ച സര്‍വ ഏവ മഹാരഥാഃ

അത്ര = ഇതില്‍
ശൂരാഃ = ശൂരന്മാരും
മഹേഷ്വാസാ = മഹത്തായ ധനുസ്സുകളുള്ളവരും
യുധി = യുദ്ധത്തില്‍
ഭീമാര്‍ജ്ജുനസമാഃ = ഭീമനെയും അര്‍ജ്ജുനനേയും പോലെ പരാക്രമികളും ആയ
യുയുധാനഃ, വിരാടഃ= യുയുധാനന്‍, വിരാടന്‍
വീര്യവാന്‍ = വീര്യവാനായ
കാശിരാജഃ = കാശിരാജാവ്‌
പുരുജിത്‌ കുന്തിഭോജഃ = അനേകം പേരെ ജയിക്കുന്ന കുന്തിഭോജന്‍
ശൈബ്യഃ = ശിബിയുടെ ഗോത്രജാതന്‍
നരപുംഗവഃ = നരശ്രേഷ്ടന്‍
ഉത്തമൗജാഃ = ഉത്തമമായ ഓജസ്വികള്‍
മഹാരഥാഃ=സാരഥിയേയും , കുതിരകളേയും സ്വയവും രക്ഷിച്ചു കൊണ്ട്‌ പതിനായിരം പേരോട്‌ യുദ്ധം ചെയ്യാന്‍ കഴിവുള്ളവനാണ്‌ മഹാരഥന്‍
അതിശയകരമായി യുദ്ധം ചെയ്യുന്നതില്‍ പ്രസിദ്ധനായ സാത്യകി യാണ്‍` യുയുധാനന്‍, ശത്രുക്കളേ കുലുക്കി മര്‍ദ്ദിക്കുന്നവന്‍ വിരാടന്‍, വൃക്ഷം കൊടിയടയാളമായുള്ളവന്‍ ദ്രുപദന്‍ (ദ്രു-പദം) ശത്രുക്കള്‍ക്ക്‌ ഭയം ജനിപ്പിക്കുന്ന കൊടിയടയാളമുള്ളവന്‍ ധൃഷ്ടകേതു, ചികിതാനപുത്രനാണ്‌ ചേകിതാനന്‍, യുദ്ധത്തില്‍ വളരെ ക്രോധശാലിയയ പാഞ്ചാലരാജന്‍ ആണ്‌ ഉത്തമബലശാലിയായ ഉത്തമൗജസ്‌.

Sunday, May 13, 2007

ശ്രീമദ്‌ ഭഗവത്‌ ഗീത Contd 1.-2,3

സഞ്ജയ ഉവാച = സഞ്ജയന്‍ പറഞ്ഞു
2. ദൃഷ്ട്വാ തു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്‌

തദാ = അപ്പോള്‍
രാജാ ദുര്യോധനഃ = രാജാവായ ദുര്യോധനന്‍
വ്യൂഢം = വ്യൂഹമാക്കിയിരിക്കുന്ന
പാണ്ഡവാനീകം ദൃഷ്ട്വാ = പാണ്ഡവസൈന്യത്തെ കണ്ടിട്ട്‌
ആചാര്യം ഉപസംഗമ്യ = ആചാര്യനേ -ദ്രോണരേ സമീപിച്ച്‌
വചനം = വാക്കിനെ
അബ്രവീത്‌ = പറഞ്ഞു

3. പശ്യൈതാം പാണ്ഡുപുത്രാണാം
ആചാര്യ മഹതീം ചമൂം
വ്യൂഢാം ദ്രുപദപുത്രേണ
തവ ശിഷ്യേണ ധീമതാ

ആചാര്യ = അല്ലയോ ഗുരോ
ധീമതാ = ബുദ്ധിമാനായ
തവ ശിഷ്യേണ = അങ്ങയുടെ ശിഷയനായ
ദ്രുപദപുത്രേണ = ദ്രുപദന്റെ പുത്രനാല്‍-ധൃഷ്ടദ്യുമ്നനാല്‍

വ്യൂഢാം = വ്യൂഹമാക്കി നിര്‍ത്തിയിരിക്കുന്ന
മഹതീം = മഹത്തായ
ഏതാം പാണ്ഡുപുത്രാണാം ചമൂം = ഈ പാണ്ഡവസൈന്യത്തെ
പശ്യ = കണ്ടാലും

ദ്രോണരെ ഒന്നു ചൊടിപ്പിക്കാനുള്ള വാക്പ്രയോഗങ്ങളാണ്‌ ദുര്യോധനന്‍ നടത്തുന്നത്‌. കണ്ടില്ലേ ധൃഷ്ടദ്യുമ്നന്‍ നയിക്കുന്ന എന്നു പറയുമ്പോഴത്തെ ആ ഒരു വേലത്തരം - ആദ്യം പറയുന്നത്‌ "അങ്ങയുടെ ശിഷ്യനായ "- വെറും ശിഷ്യനല്ല ധീമതാ - "ബുദ്ധിമാനായ" - വല്ല ആവശ്യവുമുണ്ടായിരുന്നോ അവനെ ഒക്കെ കേറി പഠിപ്പിക്കേണ്ട എന്നൊരു ധ്വനി മുഴങ്ങുന്നില്ലേ അവിടെ?.

അങ്ങയുടെ റ്റ്‌ഹന്നെ ശിഷ്യനാണ്‌ അതു കൊണ്ട്‌ അല്‍പം ആഞ്ഞു പിടിക്കേണ്ടി വരും എന്നു ദ്രോണരെ ഓര്‍മ്മിപ്പിക്കുവാന്‍ വേണ്ടി ദുര്യോധനന്‍ ഈ വാക്കുകള്‍ പറയുന്നു.

Saturday, May 12, 2007

അദ്ധ്യായം ഒന്ന്‌-1

ശ്രീമദ്‌ ഭഗവത്‌ ഗീത എല്ല ആളുകളുടെയും ഉപയോഗത്തിന്‌ ഉപകരിക്കട്ടെ എന്നു കരുതി ഒരു എളിയ ശ്രമം.
തെറ്റുകുറ്റങ്ങള്‍ ചൂണ്ടി കാണിച്ച്‌, നേര്‍വഴിക്കു നയിക്കുവാന്‍ പണ്ഡിതന്മാരോട്‌ അപേക്ഷ.
ഒന്നോ രണ്ടോ വീതം ശ്ലോകങ്ങള്‍ വ്യാഖ്യാനസഹിതം പോസ്റ്റ്‌ ചെയ്യാന്‍ ആണ്‌ ഉദ്ദേശം. അധികം ഒരുമിച്ച്‌ പബ്ലിഷ്‌ ചെയ്താല്‍ ഇടസമയത്ത്‌ വായിക്കുനവര്‍ക്ക്‌ ബുദ്ധിമുട്ടാകും എന്നു തോന്നിയിട്ടാണ്‌ ഇങ്ങനെ ചെയ്യുന്നത്‌.
ഓം ശ്രീകൃഷ്ണായ പരബ്രഹ്മണേ നമഃ
അദ്ധ്യായം ഒന്ന്‌
1. ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാഃ പഅണ്ഡവാശ്ചൈവ കിമകുര്‍വത സഞ്ജയ
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ = ധര്‍മ്മക്ഷേത്രമായ കുരുക്ഷേത്രത്തില്‍
യുയുത്സവഃ = യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നവരായി
സമവേതാഃ = സംഘം ചേര്‍ന്ന
മാമകാഃ = എന്റെ ബന്ധുക്കളും
പാണ്ഡവാഃ ച = പാണ്ഡവന്മാരും
കിം അകുര്‍വത = എന്തു ചെയ്തു
സഞ്ജയ = അല്ലയോ സഞ്ജയാ
ഇവിടെ യുദ്ധസന്നദ്ധരായി യുദ്ധഭൂമിയില്‍ എത്തിയ സൈനികര്‍ എന്തു ചെയ്തു എന്ന ചോദ്യം ശ്രദ്ധിച്ചോ? അവര്‍ യുദ്ധം ചെയ്യാനല്ലേ വന്നത്‌ അപ്പോള്‍ യുദ്ധം അല്ലാതെ മറ്റ്‌ എന്താ ചെയ്യുക. അതായത്‌ ഈ ചോദ്യം ഒരു അസ്ഥാനത്തേ ചോദ്യമാണോ? ശരിക്കു ചോദിക്കുകയാണെങ്കില്‍ എങ്ങനെയാണ്‌ യുദ്ധം ചെയ്തത്‌ എന്നായിരുന്നില്ലേ വേണ്ടത്‌? നമുക്ക്‌ ഈ ചോദ്യത്തിനു പിന്നിലുള്ള താല്‍പര്യത്തെ ഒന്നു നോക്കാം.
യുധിഷ്ഠിരാദികള്‍ വന്നു നോക്കുമ്പോള്‍ എതിരാളികളായി ഭീഷ്മര്‍, ദ്രോണര്‍ തുടങ്ങിയ മഹാരഥന്മാരെ കാണുമ്പോള്‍ അവര്‍ക്ക്‌ ഭയത്റ്റ്‌ഹിനവകാശമുണ്ട്‌. കുരുക്ഷേത്രം ധര്‍മ്മത്തെ അഭിവൃദ്ധിപ്പെടുത്തുന്ന സ്ഥലമാണ്‌ -" യദനു കുരുക്ഷേത്രം ദേവാനാം ദേവയജനം സര്‍വേഷാം ഭൂതാനാം ബ്രഹ്മസദനം " (എന്ന്‌ ബൃഹസ്പതിവചനം) അവിടെ നിന്നും ധര്‍മ്മശ്രദ്ധയുള്ള യുധിഷ്ടിരാദികള്‍ യുദ്ധം വേണ്ടെന്നു വച്ചു മടങ്ങി പോയോ ( എങ്കില്‍ തന്റെ മക്കാള്‍ക്ക്‌ യുദ്ധം കൂടാതെ തന്നെ രാജ്യം കിട്ടി എന്ന സന്തോഷം)
അഥവാ ആ ഭൂമിയുടെ മാഹാത്മ്യത്താല്‍ മനം മാറി തന്റെ മക്കള്‍ പകുതി രാജ്യം യുധിഷ്ഠിരാദികള്‍ക്കു കൊടുത്തോ? എന്ന സംഭ്രമം. ഇതൊക്കെ ആണ്‌ ഈ ചോദ്യത്തിന്റെ കാരണം. മാമകാ എന്നും പാണ്ഡവാഃ എന്ന പദങ്ങള്‍ ഉപയോഗിച്ച്‌ തന്റേതായ ബന്ധുക്കളോടൂല്‍ള്ള മമതയും പാണ്ഡവന്മാരോടുള്ള കൂറില്ലായ്മയും സൂചിപ്പിക്കുന്നു.