Monday, September 29, 2008

ശ്രീമദ്‌ ഭഗവത്‌ ഗീത 2 - 41. -43

41. വ്യവസായാത്മികാ ബുദ്ധിരേകേഹ കുരുനന്ദന
ബഹുശാഖാഹ്യനന്താശ്ച ബുദ്ധയോവ്യവസായിനാം

ഇഹ വ്യവസായാത്മികാ ബുദ്ധിഃ ഏക = ഇവിടെ നിശ്ചയമുള്ളതായ ബുദ്ധി ഒന്നു മാത്രം
അവ്യവസായിനാം ബുദ്ധയഃ = നിശ്ചയമില്ലാത്തവരുടെ ബുദ്ധികള്‍
ബഹുശാഖാഃ അനന്താഃ ച= പലതരത്തിലുള്ളവയും അന്തമില്ലാത്തവയും ആണ്‌.

ഏതെങ്കിലും ഒരു കാര്യത്തില്‍ നിശ്ചയിച്ചുറച്ച്‌ കര്‍മ്മം ചെയ്യുന്നവനാണ്‌ വ്യവസായി. പലതരം കര്‍മ്മങ്ങളില്‍ മാറിമാറി ഇഛ വയ്കുന്നവന്‍ അവ്യവസായി. അവന്‍ കാമിയാകുന്നു. അവന്‍ നിഷ്കാമകര്‍മ്മം ചെയ്യുവാന്‍ സമര്‍ത്ഥനല്ല താനും. അവന്‌ സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ ഇഷ്ടം മാറിമാറിവരും.

ഒരേ ഒരിഷ്ടം മാത്രം വയ്ക്കുകയാണെങ്കില്‍ അത്‌ ജ്ഞാനസമ്പാദനം ആകണം. അതില്‍ മനസ്സു പാകപ്പെടുത്തുവാന്‍ വേണ്ടി നിഷ്കാമകര്‍മ്മം അനുഷ്ഠിക്കുകയും വേണം

42. യാമിമാം പുഷ്പിതാം വാചം പ്രവദന്ത്യവിപശ്ചിതഃ
വേദവാദരതാഃ പാര്‍ത്ഥ നാന്യദസ്തീതി വാദിനഃ

വേദവാദരതാഃ അന്യത്‌ ന അസ്തി ഇതി വാദിനഃ അവിപശ്ചിതഃ = വേദവാക്കുകളില്‍ മാത്രം സന്തോഷിക്കുന്നവരും, മറ്റൊന്ന്‌ ഇല്ല എന്നു പറയുന്നവരുമായ അവിദ്വാന്മാര്‍
പുഷ്പിതാം യാം ഇമാം വാചം പ്രവദന്തി = പുഷ്പമുള്ളതായ ഈ വാക്കുകളെ പറയുന്നു.

ഈ അവിദ്വാന്മാര്‍ വേദത്തിലെ വാക്കുകളില്‍ ഇഷ്ടമുള്ളവരാണ്‌ . അവര്‍ അതിലെ കര്‍മ്മകാണ്ഡത്തില്‍ പറയുന്ന അനുഷ്ഠാനങ്ങള്‍ ചെയ്യുന്നതില്‍ തല്‍പരരാണ്‌ എന്നര്‍ത്ഥം . സ്വര്‍ഗ്ഗപ്രാപ്തി ലക്ഷ്യമാക്കിയുള്ള ഈ കര്‍മ്മങ്ങള്‍ ചെയ്യുന്ന അവര്‍ക്ക്‌ നശ്വരമായ സ്വര്‍ഗ്ഗപ്രാപ്തി മാത്രമേ ലഭിക്കുന്നുള്ളു- മോക്ഷം ലഭ്യമല്ല. അതുകൊണ്ടാണ്‌ പുഷ്പം ഉള്ളതായ എന്നു പറഞ്ഞത്‌ - ഫലം ഇല്ല എന്ന്‌. ആ കാണുന്ന സൗന്ദര്യത്തില്‍ ഭ്രമിക്കുന്നു, പഴങ്ങള്‍ ലഭിക്കുന്നില്ല.

43.കാമാത്മാനഃ സ്വര്‍ഗപരാ ജന്മകര്‍മ്മഫലപ്രദാം
ക്രിയാവിശേഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി

സ്വര്‍ഗ്ഗപരാഃ ഭോഗൈശ്വര്യഗതിം പ്രതി കാമാത്മാനഃ = സ്വര്‍ഗ്ഗത്തെ ശ്രേഷ്ഠമായി കരുതുന്നവരും, ഭോഗത്തിനുപകരിക്കുന്ന ഐശ്വര്യലബ്ധിയെ കാമിക്കുന്നവരും ആയ ഇവര്‍
ക്രിയാവിശേഷബഹുലാം = അനേകം അനുഷ്ഠാനങ്ങളെ പ്രതിപാദിക്കുന്ന
ജന്മകര്‍മ്മഹലപ്രദാം വാചം (പ്രവദന്തി) = ജന്മങ്ങളെയും കര്‍മ്മങ്ങളെയും നല്‍കുന്ന ( വീണ്ടും വീണ്ടും ജന്മം എടുക്കുവാന്‍ മാത്രം ഉതകുന്ന) വാക്കുകള്‍ പറയുന്നു.

ശ്രീമദ്‌ ഭഗവത്‌ ഗീത 2-36. -40.

36. അവാച്യവാദാംശ്ച ബഹൂന്‍ വദിഷ്യന്തി തവാഹിതാഃ
നിന്ദന്തസ്തവ സാമര്‍ത്ഥ്യം തതോ ദുഃഖതരം നു കിം?

അഹിതാഃ തവ സാമര്‍ത്ഥ്യം നിന്ദന്തഃ അവാച്യവാദാന്‍ ബഹൂന്‍ വദിഷ്യന്തി = ശത്രുക്കള്‍ നിന്റെ പരാക്രമത്തെ നിന്ദിക്കുന്നവരായി പറയുവാന്‍ പാടില്ലാത്തകാര്യം അനേകം പറയും.

തതോ ദുഃഖതരം കിം നു = അതിലും വിഷമമുണ്ടാക്കുന മറ്റ്‌ എന്തുണ്ട്‌?

37. ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗ്ഗം ജിത്വാ വാ ഭോക്ഷ്യസേ മഹീം
തസ്മാദുത്തിഷ്ഠ കൗന്തേയ യുദ്ധായ കൃതനിശ്ചയഃ

ഹതഃ വാ സ്വര്‍ഗ്ഗം പ്രാപ്സ്യസി = മരിച്ചാല്‍ സ്വര്‍ഗ്ഗലാഭം
ജിത്വാ വാ മഹീം ഭോക്ഷ്യസേ = ജയിച്ചാല്‍ ഭൂമിയെ അനുഭവിക്കാം

തസ്മാത്‌ യുദ്ധായ കൃതനിശ്ചയഃ = യുദ്ധം ചെയ്യുവാന്‍ നിശ്ചയിച്ചവനായി
ഉത്തിഷ്ഠ = നീ എണീറ്റാലും

ഇനി പറയുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. തന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടിയാണൊ ഇപ്പറഞ്ഞ യുദ്ധം എന്നു സംശയിക്കാം ജിത്വാ വാ ഭോക്ഷ്യസെ = ജയിച്ചാല്‍ ഭൂമിയെ അനുഭവിക്കാമെന്നല്ലേ പരഞ്ഞത്‌. അങ്ങനെ സംശയിക്കരുത്‌ .അത്‌ ക്ഷത്രിയധര്‍മ്മപരിപാലനമായി മാത്രമേ കാണാവൂ എന്നും മറ്റുമുള്ള ഉപദേശം തുടരുന്നു.

38. സുഖദുഃഖേ സമേ കൃത്വാ ലാഭാലാഭൗ ജയാജയൗ
തതോ യുദ്ധായ യുജ്യസ്വ നൈവം പാപമവാപ്സ്യസി

സുഖദുഃഖേ ലാഭാലാഭൗ ജയാജയൗ സമേ കൃത്വാ = സുഖം ദുഃഖം, ലാഭം നഷ്ടം, ജയം പരാജയം ഇവയെ ഒക്കെ ഒരേ പോലെ സമങ്ങളാണെന്നു കരുതി
തതഃ = അനന്തരം
യുദ്ധായ യുജ്യസ്വ = യുദ്ധത്തിനുവേണ്ടി പരിശ്രമിക്കുക
ഏവം പാപം ന അവാപ്സ്യസി = ഇപ്രകാരമാകുമ്പോള്‍ അതില്‍ പാപം ഉണ്ടാകുന്നില്ല.

39
ഏഷാ തേഭിഹിതാ സാംഖ്യേ ബുദ്ധിര്യോഗേ ത്വിമാം ശൃണു
ബുദ്ധ്യാ യുക്തോ യയാ പാര്‍ത്ഥ കര്‍മ്മബന്ധം പ്രഹാസ്യസി

സാംഖ്യേ തേ ഏഷാ ബുദ്ധി അഭിഹിതാ = ബ്രഹ്മജ്ഞാനത്തില്‍ നിന്നോട്‌ ഈ ജ്ഞാനം പറയപ്പെട്ടു
യോഗെ ഇമാം ബുദ്ധിം ശൃണു = യോഗത്തില്‍ ഈ അറിവിനേ കേള്‍ക്കുക

പാര്‍ത്ഥ യയാ ബുദ്ധ്യാ യുകതഃ = അല്ലയോ പാര്‍ത്ഥ യാതൊരു ബുദ്ധിയോടു കൂടിച്ചേര്‍ന്ന്‌
കര്‍മ്മബന്ധം പ്രഹാസ്യസി = നീ കര്‍മ്മബന്ധത്തെ ഉപേക്ഷിക്കും

40.
നേഹാഭിക്രമനാശോസ്തി പ്രത്യവായോ ന വിദ്യതേ
സ്വല്‍പമപ്യസ്യ ധര്‍മ്മസ്യ ത്രായതേ മഹതോ ഭയാത്‌

ഇഹ അഭിക്രമനാശഃ ന അസ്തി = ഇതില്‍ (കര്‍മ്മയോഗത്തില്‍) തുടങ്ങിയതിന്‌ നാശമില്ല.

പ്രത്യവായഃ ന വിദ്യതേ = തടസ്സവും ഇല്ല

അസ്യ ധര്‍മ്മസ്യ സ്വല്‍പം അപി മഹതഃ ഭയാത്‌ ത്രായതേ = ഈ ധര്‍മ്മത്തിന്റെ സ്വല്‍പം പോലും വലുതായ ഭയത്തില്‍ നിന്നും രക്ഷ നല്‍കും.

Wednesday, September 17, 2008

ഭഗവത്‌ ഗീത - ൨- ൩൧-35

31. സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി
ധര്‍മ്മ്യാദ്ധി യുദ്ധാഛ്രേയോന്യത്‌ ക്ഷത്രിയസ്യ ന വിദ്യതേ

ക്ഷത്രിയസ്യ സ്വധര്‍മ്മം അവേക്ഷ്യ = ക്ഷത്രിയന്റെ സ്വധര്‍മ്മത്തെ ആലോചിച്ചിട്ടും
ത്വം ന വികമ്പിതും അര്‍ഹസി = നീ വിചലിക്കുവാന്‍ അര്‍ഹനല്ല
ധര്‍മ്മ്യാത്‌ യുദ്ധാത്‌ ശ്രേയഃ ക്ഷത്രിയസ്യ ന വിദ്യതേ = ധര്‍മ്മത്തില്‍ നിന്നും തെറ്റാത്ത യുദ്ധത്തെക്കാള്‍ ശ്രേഷ്ഠമായി ക്ഷത്രിയന്‌ മറ്റൊന്നും ഇല്ല.
സമൂഹത്തില്‍ ധര്‍മ്മം നിലനിര്‍ത്തുക എന്നത്‌ ക്ഷത്രിയന്റെ സ്വധര്‍മ്മം. അതിനു വേണ്ടി യുദ്ധം ചെയ്യാനുള്ള അധികാരി ക്ഷത്രിയന്‍. അതുകൊണ്ടൂം നീ ഇവിടെ യുദ്ധം ചെയ്യേണ്ടവന്മ്‌ എന്നു പറയുന്നു. ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാത്ത എന്നവിശേഷണം പ്രത്യേകം ശ്രദ്ധിക്കുക. അവനവന്റെ ഉന്നതിയ്ക്കു വേണ്ടിയുള്ള യുദ്ധമല്ല പറയുന്നത്‌.

32. യദൃഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാര്‍ത്ഥ ലഭന്തേ യുദ്ധമീദൃശം

പാര്‍ത്ഥ = അല്ലയോ അര്‍ജ്ജുന
യദൃഛയാ ഉപപന്നം = പണികൂടാതെ തന്നെ വന്നു ചേര്‍ന്ന
അപാവൃതം സ്വര്‍ഗ്ഗദ്വാരം = സ്വര്‍ഗ്ഗവാതില്‍ തുറന്നിട്ടിരിക്കുന്നതുമായ
ഈദൃശം യുദ്ധം = ഇതുപോലെയുള്ള യുദ്ധം
സുഖിനഃ ക്ഷത്രിയാഃ ലഭന്തേ = സുഖികളായ ക്ഷത്രിയനു മാത്രമേ ലഭിക്കൂ.

ഈ യുദ്ധം ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നതാണ്‌ . അധര്‍മ്മികളായ ഇവരോടുള്ള യുദ്ധത്തില്‍ ജയിച്ചാല്‍ ലോകരക്ഷ എന്ന സ്വധര്‍മ്മം പാലിക്കപ്പെട്ടു, മരിച്ചാല്‍ വീരസ്വര്‍ഗ്ഗം . രണ്ടായാലും നല്ല ഫലം ലഭിക്കുന്ന ഇതുപോലെ ഉള്ള യുദ്ധം ഭാഗ്യവാന്മാര്‍ക്കു മാത്രമേ ലഭിക്കൂ.

33. അഥ ചേത്ത്വമിമം ധര്‍മ്മ്യം സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മ്മം കീര്‍ത്തിം ച ഹിത്വാ പാപമവാപ്സ്യസി

അഥ = അനന്തരം
ത്വം =നീ
ഇമം ധര്‍മ്മ്യം സംഗ്രാമം = ഈ ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാത്ത യുദ്ധത്തെ
ന കരിഷ്യസി ചേത്‌= ചെയ്തില്ലെങ്കില്‍
തതഃ = അതു നിമിത്തം
കീര്‍ത്തിം സ്വധര്‍മ്മം ച ഹിത്വാ= കീര്‍ത്തിയേയും , സ്വധര്‍മ്മത്തേയും ഹനിച്ചിട്ട്‌
പാപം അവാപ്സ്യസി= പാപത്തെ പ്രാപിക്കും

34. അകീര്‍ത്തിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയാം
സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ

ഭൂതാനി = ജനങ്ങള്‍
തേ അവ്യയാം അകീര്‍ത്തിം = ഒരിക്കലും നശിക്കത്തതായ നിന്റെ അപകീര്‍ത്തിയെ
കഥയിഷ്യന്തി = പറയും
സംഭാവിതസ്യ = ബഹുമാനിക്കപ്പെട്ടവന്‌
അകീര്‍ത്തിഃ മരാണാത്‌ അതിരിച്യതേ = അപകീര്‍ത്തി മരണത്തെക്കാള്‍ ദുഃഖദായിയാണ്‌.

35. ഭയാദ്രണാദുപരതം മംസ്യന്തേ ത്വാം മഹാരഥാഃ
യേഷാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം

മഹാരഥാഃ ത്വാം = മഹാരഥന്മാര്‍ നിന്നെ
ഭയാത്‌ രണാത്‌ ഉപരതം = ഭയം കൊണ്ട്‌ യുദ്ധത്തില്‍ നിന്നു പിന്‍ വാങ്ങിയവന്‍ എന്ന്‌
മംസ്യന്തേ = വിചാരിക്കും
യേഷാം ബഹുമതഃ ഭൂത്വാ = യാതൊരുത്തര്‍ക്കു ബഹുമാന്യനായ നീ
ലാഘവം യാസ്യസി = ലഘുത്വത്തെ പ്രാപിക്കും

ഭഗവത്‌ ഗീത 2- 25-30

25. അവ്യക്തോയമചിന്ത്യോയ മവികാര്യോയമുച്യതേ
തസ്മാദേവം വിദിത്വൈനം നാനുശോചിതുമര്‍ഹസി

അയം അവ്യക്തഃ =ഇവന്‍ വ്യക്തനല്ലാത്തവനും
അചിന്ത്യഃ = ചിന്തിച്ചു മനസ്സിലാക്കുവന്‍ സാധിക്കാത്തവനും
അവികാര്യഃ = വികാരപ്പെടുത്തുവാന്‍ കഴിയാത്തവനും ആണ്‌

തസ്മാത്‌ =അതുകൊണ്ട്‌ ഏനം = ഇവനെ
ഏവം വിദിത്വാ = ഇങ്ങനെ അറിഞ്ഞിട്ട്‌

അനുശോചിതും (ത്വം) ന അര്‍ഹസി = ദുഃഖിക്കുവാന്‍ നീ അര്‍ഹനല്ല

സൂക്ഷ്മശരീരം , കാരണശരീരം എന്നിവയെ പരമാത്മാവാണെന്നു സംശയിക്കുവാതിരിക്കുവാനായി പറഞ്ഞിരിക്കുന്നു. കാണുന്നവന്‍ കാണപ്പെടുന്ന വസ്തുവില്‍ നിന്നും ഭിന്നനാണ്‌. കഷ്ടപ്പാട്‌ നേരിടുമ്പോള്‍ അതിന്‌ എന്തെങ്കിലും കര്‍മ്മവുമായി ബന്ധമുണ്ടെന്ന്‌ ഊഹിച്ചറിയാം. ശോകമോഹാദികള്‍ക്കു കാരനം അജ്ഞാനം ആണെന്‌ മനസ്സിലാക്കാം. അപ്പോല്‍ അജ്ഞാനം ചിന്തയ്ക്കു വിഷയമാണെന്നു വരുന്നു. അജ്ഞാനം തന്നെ ആണ്‌ കാരണ ശരീരം. എന്റെ സ്വരൂപം എന്താണെന്ന്‌ ഞാന്‍ അറിയുന്നില്ല എന്ന്‌ അജ്ഞാനത്തെ ആരറിയുന്നുവോ അവന്‍ - ചിന്തയ്ക്ക്‌ വിഷയമല്ല, അവന്‌ വികാരങ്ങളും ഉണ്ടാകുന്നില്ല എന്ന്‌.

26.
അഥ ചൈനം നിത്യജാതം നിത്യം വാ മന്യസേ മൃതം
തഥാപി ത്വം മഹാബാഹോ നൈനം ശോചിതുമര്‍ഹസി

അഥ = ഇനി ഒരുപക്ഷെ
ഏനം = ഇവനെ
നിത്യജാതം = നിയതമായ ജന്മമുള്ളവനും
നിത്യം വാ മൃതം = നിയതമായ മരണമുള്ളവനും
(ത്വം) മന്യസെ ച= നീ വിചാരിക്കുന്നു
തഥാപി = എന്നാല്‍ പോലും
മഹാബാഹോ = അല്ലയോ മഹാബാഹുവായ അര്‍ജ്ജുനാ
ഏനം = ഇവനെ കുറിച്ച്‌
ശോചിതും ന അര്‍ഹസി = ദുഃഖിക്കുവാന്‍ അര്‍ഹതയില്ല27. ജാതസ്യ ഹി ധ്രുവോ മൃത്യുര്‍ധ്രുവ ജന്മ മൃതസ്യ ച
തസ്മാദപരിഹാര്യേര്‍ ത്ഥേ ന ത്വം ശോചിതുമര്‍ഹസി

ഹി= യാതൊന്നു ഹേതുവായി
ജാതസ്യ ധ്രുവം മൃത്യുഃ = ജനിച്ചവന്‌ മരണം ഉറപ്പാണ്‌
മൃതസ്യ ജന്മ ധ്രുവം = മരിച്ചവന്‌ ജനനവും ഉറപ്പാണ്‌
തസ്മാത്‌ = അതുകൊണ്ട്‌
അപരിഹാര്യേര്‍ഥേ = പരിഹരിക്കപ്പെടുവാന്‍ സാധിക്കാത്ത കാര്യത്തില്‍

ത്വം ശോചിതും ന അര്‍ഹസി= നീ വിഷമിക്കേണ്ട കാര്യമില്ല

28. അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത
അവ്യക്ത നിധനാന്യേവ തത്ര കാ പരിദേവനാ

ഭൂതാനി = ഭൂതങ്ങള്‍ - ഉണ്ടായവകള്‍
അവ്യക്താദീനി, വ്യക്തമധ്യാനി , അവ്യക്തനിധനാനി ച= ആദിയും അന്തവും അവ്യക്തമായവയും അഥവാ അവ്യക്തത്തില്‍ നിന്നുണ്ടാകുന്നവയും അവ്യക്തത്തില്‍ വിലയിക്കുന്നവയും, മധ്യത്തില്‍ മാത്രം വ്യക്തതയുള്ളവയും ആണ്‌.

തത്ര =അതില്‍
കാ പരിദേവനാ = വിഷമത്തിനെന്തു കാര്യം?

29. ആശ്ചര്യവത്‌ പശ്യതി കശ്ചിദേനം
ആശ്ചര്യവത്‌ വദതി തഥൈവ ചാന്യഃ
ആശ്ചര്യവച്ചൈനമന്യഃ ശൃണോതി
ശ്രുത്വാപ്യേനം വേദേ ന ചൈവ കശ്ചിത്‌
കശ്ചിത്‌ = ഒരുവന്‍
ഏനം = ആത്മാവിനെ
ആശ്ചര്യവത്‌ പശ്യതി = ആശ്ചര്യമെന്നതുപോലെ കാണുന്നു

അന്യഃ ആശ്ചര്യവത്‌ വദതി = മറ്റൊരുവന്‍ ആശ്ചര്യമെന്നതുപോലെ പറയുന്നു

അന്യഃ ആശ്ചര്യവത്‌ ശൃണോതി = മറ്റൊരുവന്‍ ആശ്ചര്യമെന്നതുപോലെ കേള്‍ക്കുന്നു

ശ്രുത്വാ അപി ഏനം ന വേദ ച = കേട്ടിരുന്നാലും ഇവനെ അറിയുന്നതുമില്ല.

ആത്മാവ്‌ എന്ന തത്വത്തെ കുറിച്ച്‌ പലതരത്തിലും , കേള്‍ക്കുകയു , പറയുകയും കാണുകയും ചെയ്യുന്നുണ്ടെങ്കിലും ശരിയായ തത്വത്തെ അറിഞ്ഞവര്‍ ദുര്‍ല്ലഭം എനു ചുരുക്കം.

30 ദേഹീ നിത്യമവധ്യോയം ദേഹേ സര്‍വസ്യ ഭാരത
തസ്മാത്‌ സര്‍വാണി ഭൂതാനി ന ത്വം ശോചിതുമര്‍ഹസി

ദേഹേ അയം ദേഹീ = ദേഹത്തില്‍ ദേവനായ ഇവന്‍
അവദ്ധ്യഃ = വധിക്കപ്പെടുവാന്‍ കഴിയുന്നവനല്ല
തസ്മാത്‌ = അതിനാല്‍
സര്‍വാണി ഭൂതാനി ശോചിതും ത്വം ന അര്‍ഹസി = എല്ലാ ദേഹങ്ങളെ കുറിച്ച്‌ വ്യസനിക്കുവാന്‍ നീ അര്‍ഹനല്ല

Tuesday, September 16, 2008

ഭഗവത്‌ ഗീത 2 21- 24

21. വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാര്‍ത്ഥ കം ഘാതയതി ഹന്തി കം?

പാര്‍ത്ഥ = അല്ലയൊ അര്‍ജ്ജുന
ഏനം = ഇവനെ (ആത്മാവിനെ എന്നര്‍ത്ഥം)
അജം = ജനിക്കാത്തവനും
അവ്യയം = മാറ്റമില്ലാത്തവനും
അവിനാശിനം= നാശമില്ലാത്തവനും
നിത്യം = എല്ലാക്കാലവും നിലനില്‍ക്കുന്നവനും ( ആയി)
യഃ വേദ = ആര്‌ അറിയുന്നുവോ
സഃ പുരുഷഃ = അവന്‍
കഥം = എങ്ങനെ
കം ഹന്തി = ആരെ കൊല്ലുന്നു
കം ഘാതയതി = ആരെ കൊല്ലിക്കുന്നു?

നീയും ഞാനും വേറെ ആണെന്നുള്ള ഭ്രമം പോലും മാറ്റിവയ്ക്കുവാന്‍ പറയുന്നു. സര്‍വവ്യാപിയായ ആത്മാവ്‌ ഏകനും നാശമില്ലാത്തവനും ആണെന്നു മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇത്‌ വ്യക്തമാകും

22. വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ

നരഃ = മനുഷ്യന്‍
യഥാ = യാതൊരു പ്രകാരം
ജീര്‍ണ്ണാനി വാസാംസി വിഹായ = ജീര്‍ണ്ണിച്ച വസ്ത്രങ്ങളെ ഉപേക്ഷിച്ച്‌
നവാനി ഗൃഹ്ണാതി= പുതിയവയെ സ്വീകരിക്കുന്നുവോ
തഥാ = അപ്രകാരം
ദേഹീ = ആത്മാവ്‌
ജീര്‍ണ്ണാനി ശരീരാണി വിഹായ = ജീര്‍ണ്ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ച്‌
അന്യാനി നവാനി സംയാതി = മറ്റ്‌ പുതിയവയെ പ്രാപിക്കുന്നു

അത്രയേ ഉള്ളു കാര്യം . പഴയതായാല്‍ ആ വസ്ത്രത്തെ നാം ഉപേക്ഷിക്കും എന്നിട്ടോ വേറേ പുതിയത്‌ എടുക്കും . അതുപോലെ ശരീരത്തില്‍ അഭിമാനിക്കുന്ന ആത്മാവ്‌, ശരീരം പഴയതാകുമ്പോള്‍ അതിനെ ഉപേക്ഷിച്ചിട്ട്‌ മറ്റൊരു പുതിയ ശരീരം സ്വീകരിക്കും.

23. നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ

ഏനം ശസ്ത്രാണി ന ഛിന്ദന്തി = ഇവനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല
ഏനം പാവകഃ ന ദഹതി = ഇവനെ അഗ്നി ദഹിപ്പിക്കുന്നില്ല
ഏനം ആപഃ ന ക്ലേദയതി = ഇവനെ ജലം നനയ്ക്കുന്നില്ല
(ഏനം) മാരുതഃ ന ശോഷയതി = ഇവനെ വായു ഉണക്കുന്നും ഇല്ല.

ഇവനില്‍ നിന്നും അന്യമായി യാതൊരു വസ്തുവും ഇല്ല എന്നതു കൊണ്ട്‌ ഇപ്പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെടുക.

24. അഛേദ്യോയമദാഹ്യോയമക്ലേദ്യോശോഷ്യ ഏവ ച
നിത്യഃ സര്‍വഗതസ്താണുരചലോയം സനാതനഃ

സനാതനഃ = അനാദിയും,
നിത്യഃ = നിത്യനും,
സര്‍വഗതഃ = എല്ലായിടവും നിറഞ്ഞവനും
സ്ഥാണുഃ = സ്ഥിരനും
അചലഃ = ഇളക്കമില്ലാത്തവനും ആയ
അയം = ഇവന്‍
അഛേദ്യഃ അദാഹ്യഃ അക്ലേദ്യഃ അശോഷ്യഃ ച ഏവ = മുറിവേല്‍പ്പിക്കപ്പെടുവാനോ, ദഹിപ്പിക്കപ്പെടുവാനോ, നനയ്ക്കപ്പെടുവാനോ, ഉണക്കപ്പെടുവാനോ കഴിയുന്നവനല്ല