47. കര്‍മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മ ഫലഹേതുര്‍ഭൂ മാ തേ സംഗോസ്ത്വകര്‍മ്മണി
തേ കര്‍മ്മണി ഏവ അധികാരഃ= നിനക്ക് കര്‍മ്മത്തില്‍ മാത്രമാണധികാരം.
ഫലേഷു കദാചന മാ അധികാരഃ = ഫലങ്ങളില്‍ ഒരുകാലത്തും അധികാരം ഉണ്ടാകരുത്.
കര്‍മ്മഫലഹേതുഃ മാ ഭൂ = കര്‍മ്മഫലത്തിനു ഹേതുവായിട്ടും നീ ഭവിക്കരുത്.
അകര്‍മ്മണി സംഗഃ തേ മാ അസ്തു= അകര്‍മ്മത്തില്‍ സംഗവും നിനക്ക് ഉണ്ടാകരുത്.
കത്തിച്ചു വച്ച ദീപത്തിനു മുകളില്‍ കൈ കാണിച്ചാല്‍ പൊള്ളും. അത് നാം നല്ല തണുപ്പു കിട്ടണം എന്നു വിചാരിച്ചായാലും പൊള്ളുകയേ ഉള്ളു. അപ്പോള്‍, ചെയ്യുന്ന കര്‍മ്മത്തിനനുസരിച്ചുള്ള ഫലം നാം ആശിച്ചാലും ഇല്ലെങ്കിലും ലഭിക്കും. പിന്നെ ആ ഫലം നമ്മുടെ ആത്മാവിനെ സ്പര്‍ശിക്കുന്നോ ഇല്ലയോ എന്നു മാത്രമേ ഉള്ളു പ്രശ്നം.
ഇതിന്റെ താല്പര്യവും ശ്രീ പണ്ഡിറ്റ് ഗോപാലന് നായര്‍ അവര്‍കളുടെ വാക്യം തന്നെ എഴുതാം
"ബ്രഹ്മജ്ഞാനി മാത്രമാണ് സര്‍വകര്‍മ്മസന്യാസത്തിനര്‍ഹന്‍. നിനക്കു ശോകമോഹാദിസംസാരധര്‍മ്മങ്ങള്‍ ഉള്ളതായിട്ടു കാണപ്പെടുന്നതിനാല്‍ സര്‍വകര്‍മ്മസന്യാസത്തിനുള്ള യോഗ്യത സിദ്ധിച്ചിട്ടില്ല.അതുകൊണ്ട് ചിത്തശുദ്ധിയ്ക്കു കാരണമായിരിക്കുന്ന സ്വധര്‍മ്മം ഫലകാംക്ഷ കൂടാതെ നടത്തണം എന്നുപദേശിക്കുന്നു. ഹെ അര്‍ജ്ജുന നിനക്കു ശ്രുതിസ്മൃതികളാല്‍ നിശ്ചയിക്കപ്പെട്ട നിത്യനൈമിത്തികകര്‍മ്മങ്ങളില്‍ തന്നെയാകുന്നു അധികാരം. ഫലകാംക്ഷ കൂടാതെ അവ നടത്തണം. അതുകൊണ്ട് ചിത്തശുദ്ധിയും തദ്വാരാ ജ്ഞാനവും ലഭിക്കും. തദനന്തരം സര്‍വകര്‍മ്മസന്യാസയോഗ്യതയുണ്ടാകും അതുവരെ സ്വധര്‍മ്മം ചെയ്യണം. ഫലം കാംക്ഷിക്കരുതെന്നതില്‍ തന്നെ നിഷ്കര്ഷയുണ്ടാകണം. ഫലശൂന്യമായകര്‍മ്മമേ വേണ്ടെന്നും വയ്ക്കരുത്. ഫലകാംക്ഷയുണ്ടായാല്‍ സ്വര്‍ഗ്ഗാദിപ്രാപ്തിയുണ്ടാകും, പുനര്ജ്ജന്മത്തിനും കാരണമാകും. വൃക്ഷത്തില്‍ നിന്നും വിത്ത് വിത്തില്‍ നിന്നും വൃക്ഷം ഇങ്ങനെ അവധിയില്ലാത്ത ജനനമരണങ്ങള്‍ക്കിടവരും. ഈശ്വരാരാധനരൂപമായ കര്‍മ്മം പുനര്‍ജ്ജന്മകാരണമാകുകയില്ല എന്നു സാരം"
Thursday, November 20, 2008
Subscribe to:
Posts (Atom)