Wednesday, November 19, 2008

ശ്രീമദ്‌ ഭഗവത്‌ ഗീത 2 - 44. -46

44. ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃതചേതസാം
വ്യവസായാത്മികാ ബുദ്ധിഃ സമാധൗ ന വിധീയതേ

തയാ അപഹൃതചേതസാം ഭോഗൈശ്വര്യപ്രസക്താനാം = ആ വാക്കുകളാല്‍ അപഹരിക്കപ്പെട്ട വിചാരത്തോടു കൂടിയവരും ഭോഗത്തിനുവേണ്ടി ഐശ്വര്യം സമ്പാദിക്കുന്നതില്‍ തല്‍പരരായവരും ആയവരുടെ
സമാധൗ വ്യവസായാത്മികാ ബുദ്ധിഃ ന വിധീയതേ = അന്തഃകരണത്തില്‍ നിശ്ചയാത്മികയായ ബുദ്ധി പ്രവേശിക്കുകയില്ല

മേല്‍പ്പറഞ്ഞ പ്രകാരം താന്താങ്ങളുടെ ഭൗതികസുഖങ്ങള്‍ക്കുവേണ്ടി കര്‍മ്മകാണ്ഡപ്രോക്തങ്ങളായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക്‌, ചിത്തശുദ്ധുയുണ്ടാവുകയില്ല. അതിനാല്‍ തന്നെ അവര്‍ക്ക്‌ കര്‍മ്മയോഗമോ ആത്മജ്ഞാനമോ ഉണ്ടാകുകയും ഇല്ല.

45. ത്രൈഗുണ്യവിഷയാ വേദാ നിസ്ത്രൈഗുണ്യോ ഭവാര്‍ജ്ജുന
നിര്‍ദ്വന്ദ്വോ നിത്യസത്വസ്ഥോ നിര്യോഗക്ഷേമ ആത്മവാന്‍

വേദാഃ ത്രൈഗുണ്യവിഷയാഃ = വേദങ്ങള്‍ ത്രിഗുണങ്ങളെ അധികരിച്ചുള്ളവയാണ്‌.

ഹേ അര്‍ജ്ജുന = അല്ലയോ അര്‍ജ്ജുനാ

നിസ്ത്രൈഗുണ്യഃ ഭവ = നീ ത്രിഗുണങ്ങളെ അതിക്രമിച്ചവനായി ഭവിക്കുക.
നിത്യസത്വസ്ഥഃ നിര്യോഗക്ഷേമഃ നിര്‍ദ്വന്ദ്വഃ ഭവ = നിത്യവും സത്വഗുണത്തില്‍ ഇരിക്കുന്നവനും, യോഗക്ഷേമങ്ങളെ അതിക്രമിച്ചവനും, ഇഷ്ടാനിഷ്ടങ്ങളെ അതിക്രമിച്ചവനും ആയി ഭവിക്കുക.

തമസ്‌, രജസ്‌ , സത്വം എനീ ത്രിഗുണങ്ങള്‍ക്കധീനമായി വര്‍ത്തിക്കുന്ന പ്രപഞ്ചത്തെ ക്രമേണ തമസില്‍നിന്നും ഉയര്‍ത്തി, രജസില്‍ കൂടി സത്വത്തില്‍ എത്തിക്കുന്നകര്‍മ്മങ്ങളെ പ്രതിപാദിക്കുന്നവയാണ്‌ വേദങ്ങള്‍.
അതിനാല്‍ നീ അതിന്റെ അവസാനത്തെ ഘട്ടമായ സത്വത്തില്‍ സ്ഥിതി ചെയ്യുന്നവനാകുക.

46. യാവാനര്‍ത്ഥ ഉദപാനേ സര്‍വതഃ സമ്പ്ലുതോദകേ
താവാന്‍ സര്‍വേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ

ഈ ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം ഞാന്‍ ശ്രീ പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍ അവര്‍കള്‍ എഴുതിയത്‌ അതുപോലെ പകര്‍ത്താം

ഉദപാനേ = ജലാശയത്തില്‍
യാവാന്‍ = എത്രത്തോളം
അര്‍ത്ഥഃ = പ്രയോജനമോ
സര്‍വതഃ സമ്പ്ലുതോദകേ = സമുദ്രത്തില്‍ അതു മുഴുവനും ഉണ്ട്‌
വിജാനതഃ = ബ്രഹ്മജ്ഞാനമുള്ള
ബ്രാഹ്മണസ്യ = ബ്രാഹ്മണന്‌
സര്‍വേഷു വേദേഷു = എല്ലാ വേദങ്ങളിലും
താവാന്‍ = അത്രമാത്രമേ ഉള്ളു

കര്‍മ്മങ്ങളില്‍ ഫലം കാംക്ഷിക്കാതെ ഈശ്വരനെ ആരാധിക്കാനായി സമര്‍പ്പിച്ചാല്‍ ഭോഗസാധനങ്ങളൊന്നുമില്ലാത്ത കര്‍മ്മസന്യാസി എങ്ങനെ ശരീരയാത്ര നിര്‍വഹിക്കും? എങ്ങനെ അവനു സുഖമുണ്ടാകും എന്നുള്ള ശങ്കക്കു സമാധാനം പറയുന്നു.


ലോകത്തില്‍ അവിടവിടെ ഉള്ള ഗംഗ, യമുന ഗോദാവരി ഇത്യാദി സകല നദികളിലും പുഷ്കരം മുതലായ പുണ്യതീര്‍ത്ഥങ്ങളിലും പ്രത്യേകം പ്രത്യേകം സ്നാനപൂജാദികള്‍ ചെയ്താല്‍ എത്രമാത്രം പുണ്യം ലഭിക്കുമോ അത്രയും പുണ്യം സമുദ്രസ്നാനം കൊണ്ടു സിദ്ധിക്കും സമുദ്രത്തില്‍ സകലനദികളും അടങ്ങുന്നുവല്ലൊ. അതുപോലെ ഋഗാദിവേദോക്തകര്‍മ്മങ്ങള്‍ കൊണ്ടും സാര്‍വഭൗമാദിസ്ഥാനപ്രാപ്തികൊണ്ടും എന്തൊരാനന്ദം ലഭിക്കുമോ അത്രയുമാനന്ദം ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണനുണ്ട്‌. ആനന്ദനിധാനം ബ്രഹ്മം അതില്‍ മര്‍ത്യാനന്ദം മുതല്‍ ബ്രഹ്മാവിന്റെ ആനന്ദം വരെയുള്ള ശതവിധാനന്ദവും ഉള്‍പ്പെടുന്നു. അതുകൊണ്ട്‌ കര്‍മ്മസന്യാസദ്വാരാ അന്തഃകരണശുദ്ധിയും തദ്വാരാ ബ്രഹ്മജ്ഞാനവുമുണ്ടായാല്‍ വിഷയാനന്ദമാവശ്യമില്ലാതെയാകുന്നു. ബ്രഹ്മാനന്ദത്തിന്റെ ലേശാംശം മാത്രമേ മനുഷ്യര്‍ മുതല്‍ ബ്രഹ്മാവു വരെ ഉള്ളവര്‍ അനുഭവിക്കുന്നുള്ളു. ബ്രഹ്മാനന്ദമോ വാക്കിനും മനസ്സിനും വിഷയമല്ലാത്തവിധത്തില്‍ അവധിയില്ലാത്തതാകുന്നു. അതറിഞ്ഞാനന്ദസമുദ്രത്തില്‍ മുങ്ങികിടക്കുന്നവന്‌ ക്ഷുദ്രാനന്ദത്തില്‍ എങ്ങനെ ആഗ്രഹമുണ്ടാകും? കര്‍മ്മസന്യാസിക്കു വിഷയസുഖാഭാവത്തില്‍ ദുഃഖമല്ല നേരേ മറിച്ച്‌ നിരതിശയസുഖമാണൂള്ളതെന്നുറപ്പിച്ചു

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തീര്‍ത്ഥസ്നാനവും പൂജയും ഒന്നും ഭഗവത്‌ ഗീത അംഗീകരിക്കുന്ന വയല്ല. ഒരു ഇടനിലക്കാരന്റെ ആവശ്യം ഗുരു എന്ന നിലയില്‍ മാത്രമേ പറയുന്നുള്ളു.

ഇന്നു കാണുന്നതിനുത്തരവാദി ഗീതയല്ല

Haree said...

കുറച്ചു കൂടി ലളിതമാക്കുവാന്‍ കഴിയുമോ?

ഉദാ: “നിസ്ത്രൈഗുണ്യഃ ഭവ = നീ ത്രിഗുണങ്ങളെ അതിക്രമിച്ചവനായി ഭവിക്കുക.
നിത്യസത്വസ്ഥഃ നിര്യോഗക്ഷേമഃ നിര്‍ദ്വന്ദ്വഃ ഭവ = നിത്യവും സത്വഗുണത്തില്‍ ഇരിക്കുന്നവനും, യോഗക്ഷേമങ്ങളെ അതിക്രമിച്ചവനും, ഇഷ്ടാനിഷ്ടങ്ങളെ അതിക്രമിച്ചവനും ആയി ഭവിക്കുക.” ഇതു മലയാളം അര്‍ത്ഥം വായിച്ചിട്ടും കാര്യമായൊന്നും മനസിലായില്ല! :-(
--

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ഹരീ,
വിരുദ്ധഗുണങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന അവസരത്തിലാണ്‌ ദ്രവ്യം നിലനില്‍ക്കുന്നത്‌.

ഒരുദാഹരണത്തിന്‌ അഗ്നി ജ്വലിക്കുന്ന അവസ്ഥ. അഗ്നിയെ കെടുത്തുവാന്‍ സഹായിക്കുന്ന അവസ്ഥയില്ലെങ്കില്‍ ഒറ്റയടിക്ക്‌ അതങ്ങു കത്തിതീരുകയേ ഉള്ളു.

നിത്യശുദ്ധബോധമായ പരമാത്മാവിന്‌ നാമരൂപങ്ങള്‍ ഇല്ല. അതില്‍ നാമരൂപങ്ങള്‍ ആരോപിക്കപ്പെടുന്നത്‌ ത്രിഗുണങ്ങളുടെ സഹായത്താലാണ്‌. ഒരു നാമം ഒരു രൂപം ഇവയുണ്ടാകണം എങ്കില്‍ സത്വം രജസ്‌ തമസ്‌ എന്ന മൂന്നു ഗുണങ്ങള്‍
"തന്ത്രം യന്ത്രം " ഇവ ധരിക്കുന്നത്‌ സത്വഗുണം - തന്ത്രം എന്നത്‌ technology യന്ത്രം എന്നത്‌ machinery, ഇവയുടെ പ്രവര്‍ത്തനം രജോഗുണം, പ്രവൃത്തിയുടെ നിയന്ത്രണം - തടസ്സം - തമോഗുണം. ഇങ്ങനെ മൂന്നു ഗുണങ്ങള്‍ സങ്കല്‍പ്പിച്ചാല്‍ അവിടെ ഒരു രൂപവും അതിനൊരു നാമവും കൊടുക്കാം. അപ്രകാരം ഒരു ദ്രവ്യം ഉണ്ട്‌ എന്ന്‌.

ആ ഉണ്ട്‌ എന്ന അറിവ്‌ ഒന്ന്‌, അറിയപ്പെടുന്ന ദ്രവ്യം മറ്റൊന്ന്‌ ഇത്‌ ദ്വന്ദ്വങ്ങള്‍ രണ്ടെന്ന ഭാവം.

ഭഗവാന്‍ അര്‍ജ്ജുനനോട്‌ പറയുന്നത്‌ ജഡാവസ്ഥയായ തമസ്സില്‍ നിന്നും ഉയര്‍ന്ന്‌ സത്വാവസ്ഥയിലെത്തുക. ദ്വന്ദ്വം എന്ന അവസ്ഥ വെടിഞ്ഞ്‌ ഒന്നായി കാണുന്ന അവസ്ഥയിലെത്തുക.

യോഗവും ക്ഷേമവും , ഇഷ്ടവും അനിഷ്ടവും എല്ലാം രണ്ടെന്ന അവസ്ഥയിലേ ഉള്ളു എല്ലാം ഒന്നാണെങ്കില്‍ പിന്നെ എന്തിഷ്ടം എന്തനിഷ്ടം

പാര്‍ത്ഥന്‍ said...

ഗീത വീണ്ടും വീണ്ടും വായിക്കുമ്പോൾ ഓരോരോ പുതിയ അർത്ഥതലങ്ങൾ വെളിപ്പെട്ടുവരും. മനസ്സിൽ സംശയം വെച്ചുകൊണ്ടു തന്നെ അന്വേഷിക്കണം എന്നുമാത്രം.
പിന്നെ കുന്ദംകുളം വ്യാഖ്യാനം പോലെ ആയാൽ എവിടെയും എത്തില്ല. (ഇതുപോലെ : വ്യവസായാത്മികാ ബുദ്ധിഃ = വ്യവസായികളുടെ ബുദ്ധി = കച്ചവടബുദ്ധി )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹ ഹ ഹ :)
വ്യവസായാത്മികാ ബുദ്ധിഃ = വ്യവസായികളുടെ ബുദ്ധി

Unknown said...

ഇതു എല്ലാവർക്കും കൂടുതൽ മനസ്സിലാകുന്ന തരത്തിൽ അല്പം കൂടി ലളിതമാക്കിയാൽ നന്നായിരിക്കും.
കൂടുതൽ വായിക്കുകയും ചെയ്യും