Tuesday, September 16, 2008

ഭഗവത്‌ ഗീത 2 21- 24

21. വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാര്‍ത്ഥ കം ഘാതയതി ഹന്തി കം?

പാര്‍ത്ഥ = അല്ലയൊ അര്‍ജ്ജുന
ഏനം = ഇവനെ (ആത്മാവിനെ എന്നര്‍ത്ഥം)
അജം = ജനിക്കാത്തവനും
അവ്യയം = മാറ്റമില്ലാത്തവനും
അവിനാശിനം= നാശമില്ലാത്തവനും
നിത്യം = എല്ലാക്കാലവും നിലനില്‍ക്കുന്നവനും ( ആയി)
യഃ വേദ = ആര്‌ അറിയുന്നുവോ
സഃ പുരുഷഃ = അവന്‍
കഥം = എങ്ങനെ
കം ഹന്തി = ആരെ കൊല്ലുന്നു
കം ഘാതയതി = ആരെ കൊല്ലിക്കുന്നു?

നീയും ഞാനും വേറെ ആണെന്നുള്ള ഭ്രമം പോലും മാറ്റിവയ്ക്കുവാന്‍ പറയുന്നു. സര്‍വവ്യാപിയായ ആത്മാവ്‌ ഏകനും നാശമില്ലാത്തവനും ആണെന്നു മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇത്‌ വ്യക്തമാകും

22. വാസാംസി ജീര്‍ണ്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീര്‍ണ്ണാ-
ന്യന്യാനി സംയാതി നവാനി ദേഹീ

നരഃ = മനുഷ്യന്‍
യഥാ = യാതൊരു പ്രകാരം
ജീര്‍ണ്ണാനി വാസാംസി വിഹായ = ജീര്‍ണ്ണിച്ച വസ്ത്രങ്ങളെ ഉപേക്ഷിച്ച്‌
നവാനി ഗൃഹ്ണാതി= പുതിയവയെ സ്വീകരിക്കുന്നുവോ
തഥാ = അപ്രകാരം
ദേഹീ = ആത്മാവ്‌
ജീര്‍ണ്ണാനി ശരീരാണി വിഹായ = ജീര്‍ണ്ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ച്‌
അന്യാനി നവാനി സംയാതി = മറ്റ്‌ പുതിയവയെ പ്രാപിക്കുന്നു

അത്രയേ ഉള്ളു കാര്യം . പഴയതായാല്‍ ആ വസ്ത്രത്തെ നാം ഉപേക്ഷിക്കും എന്നിട്ടോ വേറേ പുതിയത്‌ എടുക്കും . അതുപോലെ ശരീരത്തില്‍ അഭിമാനിക്കുന്ന ആത്മാവ്‌, ശരീരം പഴയതാകുമ്പോള്‍ അതിനെ ഉപേക്ഷിച്ചിട്ട്‌ മറ്റൊരു പുതിയ ശരീരം സ്വീകരിക്കും.

23. നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവകഃ
ന ചൈനം ക്ലേദയന്ത്യാപോ ന ശോഷയതി മാരുതഃ

ഏനം ശസ്ത്രാണി ന ഛിന്ദന്തി = ഇവനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല
ഏനം പാവകഃ ന ദഹതി = ഇവനെ അഗ്നി ദഹിപ്പിക്കുന്നില്ല
ഏനം ആപഃ ന ക്ലേദയതി = ഇവനെ ജലം നനയ്ക്കുന്നില്ല
(ഏനം) മാരുതഃ ന ശോഷയതി = ഇവനെ വായു ഉണക്കുന്നും ഇല്ല.

ഇവനില്‍ നിന്നും അന്യമായി യാതൊരു വസ്തുവും ഇല്ല എന്നതു കൊണ്ട്‌ ഇപ്പറഞ്ഞ കാര്യങ്ങള്‍ ബോധ്യപ്പെടുക.

24. അഛേദ്യോയമദാഹ്യോയമക്ലേദ്യോശോഷ്യ ഏവ ച
നിത്യഃ സര്‍വഗതസ്താണുരചലോയം സനാതനഃ

സനാതനഃ = അനാദിയും,
നിത്യഃ = നിത്യനും,
സര്‍വഗതഃ = എല്ലായിടവും നിറഞ്ഞവനും
സ്ഥാണുഃ = സ്ഥിരനും
അചലഃ = ഇളക്കമില്ലാത്തവനും ആയ
അയം = ഇവന്‍
അഛേദ്യഃ അദാഹ്യഃ അക്ലേദ്യഃ അശോഷ്യഃ ച ഏവ = മുറിവേല്‍പ്പിക്കപ്പെടുവാനോ, ദഹിപ്പിക്കപ്പെടുവാനോ, നനയ്ക്കപ്പെടുവാനോ, ഉണക്കപ്പെടുവാനോ കഴിയുന്നവനല്ല

6 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു കൊല്ലത്തെ ഇടവേള ഉണ്ടായതില്‍ ഖേദത്തോടെ, തുടരുവാന്‍ ശ്രമിക്കുന്നു.

Haree said...

ഇന്നത്തെ കാലത്തും ഗീത പ്രായോഗികമായി ഉപയോഗിക്കുവാന്‍ കഴിയും എന്നാണ് കേട്ടിട്ടുള്ളത്. ആ രീതിയില്‍ കൂടി വ്യാഖ്യാനിക്കുവാന്‍ ശ്രമിക്കുമോ? ആത്മാവ് നശിക്കുന്നില്ല എന്നൊക്കെ ന്യായം പറഞ്ഞ് എനിക്കിന്ന് അധര്‍മ്മിയായ ഒരുവനെ കൊല്ലുവാന്‍ കഴിയുമോ? (ധര്‍മ്മം എന്താണ്, അധര്‍മ്മം എന്താണ്; അത് മറ്റൊരു ചോദ്യം!) അന്നത്തെ സാമൂഹികവ്യവസ്ഥിതിയില്‍ കൃഷ്ണന്‍ ഇങ്ങിനെ പറഞ്ഞു, ഇന്നായിരുന്നെങ്കില്‍?

തുടരുക. :-)
--

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ഹരീ,
വെറുതെ ഒരാളെ കൊല്ലുന്നതിനുള്ള കാരണമായി അല്ലല്ലൊ ഇപ്പറയുന്നത്‌.

രാമായണം മഹാഭാരതം എന്ന രണ്ട്‌ കൃതികള്‍ ഞാന്‍ മനസിലാക്കിയത്‌ ഇപ്രകാരമാണ്‌-

സമൂഹത്തില്‍ രണ്ടു ശക്തികള്‍ പ്രധാനം - നിയന്താക്കള്‍ എന്ന രീതിയില്‍. ഒന്ന്‌ അറിവിന്റെ ഇരിപ്പിടം, രണ്ട്‌ ശക്തിയുടെ ഇരിപ്പിടം.

അറിവിന്റെ ഇരിപ്പിടത്തെ ബ്രാഹ്മണശബ്ദം കൊണ്ടും ശക്തിയുടെ ഇരിപ്പിടത്തെ ക്ഷത്രിയശബ്ദം കൊണ്ടും വ്യവഹരിക്കുന്നു. ഇതു രണ്ടൂം നീതിന്യായയുക്തമായാലേ സമൂഹം ആരോഗ്യപൂര്‍ണ്ണമായി നിലനില്‍ക്കൂ.

അതുകൊണ്ട്‌ ശക്തിയ്ക്ക്‌ തനിയെ നിലനില്‍പ്പില്ലാതീക്കുവാന്‍ അറിവിനെ അതിനു മുകളില്‍ പ്രതിഷ്ഠിച്ചു. രാജഗുരു - രാജാവ്‌ എന്തു ചെയ്താലും അത്‌ ഗുരുവിന്റെ ഉപദേശം അനുസരിച്ചേ ആകുവാന്‍ പാടൂള്ളു. പക്ഷെ ഗുരുവിന്‌ സ്വന്തമായി ധനം പാടില്ല - കാരണം ധനം അധികാരത്തിന്‌ വഴിവയ്ക്കും അറിവും അധികാരവും ഒരിടത്തിരുന്നാല്‍ അത്‌ ദുഷിക്കും. അതുകൊണ്ട്‌ ധനവും അധികാരവും രാജാവിനാക്കി.

ഇനി ഇതിന്റെ ഒക്കെ നിര്‍വചനം - സാധ്യമല്ലാത്തതിനാല്‍ - എങ്ങനെ നിര്‍വചിച്ചാലും അതില്‍ loopholes വരും എന്നതുകൊണ്ട്‌- വിവിധ സന്ദര്‍ഭങ്ങള്‍ കഥകളായി വിശദീകരിക്കുന്നു. അതിനെ ഓരോരോ വീക്ഷണകോണങ്ങളില്‍ കൂടി കാണുന്നു.

ചാണക്യസൂത്രം രണ്ടു സൂത്രങ്ങളുടെ വ്യാഖ്യാനം ഞാന്‍ അക്ഷരശാസ്ത്രത്തില്‍ എഴുതിയിരുന്നു -ഇതിന്റെ സൂചന അവിടെയും കൊടുത്തിരുന്നു.

ഇനി കൂടുതല്‍ അറിവുള്ളവര്‍ വിശദീകരിച്ചാല്‍ നന്നായിരിക്കും അല്ലേ?

P.C.MADHURAJ said...

പണിക്കർ സർ,
നല്ല പരിശ്രമം.
“പനോളി” എന്നും ‘അച്ഛേദ്യം’ എന്നും ‘അക്ലേദ്യോശോഷ്യ ഏവ ച’ എന്നും തിരുത്തുമോ?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മധുരാജ്‌ ജി,
അങ്ങനെ ഒരുതെറ്റ്‌ വന്നതില്‍ ക്ഷമിക്കണം. തിരുത്തിയിട്ടുണ്ട്‌. Panoli യുടെ പുസ്തകം ഇംഗ്ലീഷായിരുന്നു. അതില്‍ മലയാളത്തില്‍ പേരില്ലായിരുന്നു അപ്പോള്‍ പനോലി എന്നു വായിച്ചു. അതു പനോളിയാണല്ലെ. അതും തിരുത്തി.
നന്ദി.
തുടര്‍ന്നും വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു. അറിവുള്ള ആരെങ്കിലും തിരുത്താനുണ്ടെങ്കിലല്ലേ എനിക്കും മനസ്സിലാക്കാന്‍ പറ്റൂ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മധുരാജ്‌ ജീ, അച്ഛേദ്യഃ ശരിയല്ലേ? അതെങ്ങനെ അച്ഛേദ്യം ആകും?

അയം അച്ഛേദ്യഃ ഇവന്‍ അച്ഛേദ്യനാണ്‌ എന്നല്ലേ?