Sunday, September 16, 2007

ശ്രീമദ്‌ ഭഗവദ്‌ഗീത 2 - 8-15

8 - ന ഹി പ്രപശ്യാമി മമാപനുദ്യാ-
ദ്യഛോകമുഛോഷണമിന്ദ്രിയാണാം
അവാപ്യ ഭൂമാവസപത്നമൃദ്ധം
രാജ്യം സുരാണാമപി ചാധിപത്യം

ഇന്ദ്രിയാണാം ഉഛോഷണം മമ യത്‌ ശോകം = എന്റെ ഇന്ദ്രിയങ്ങളേ വിഷമിപ്പിക്കുന യാതൊരു ദുഃഖമാണോ എനിക്കുള്ളത്‌
തത്‌ യത്‌ അപനുദ്യാത്‌ = അതിനെ യതൊന്ന്‌ നശിപ്പിക്കുമോ
തത്‌ ന ഹി പ്രപശ്യാമി = അത്‌ ഞാന്‍ അറിയുന്നില്ല
ഭൂമൗ അസപത്നം = ഭൂമിയില്‍ ശത്രുക്കളില്ലാത്തതും
സമൃദ്ധം രാജ്യം = സമ്പല്‍സമൃദ്ധവുമായ രാജ്യമോ
സുരാണാം ആധിപത്യം അവാപ്യ അപി = ദേവന്മാരുടെ ആധിപത്യം കൂടി കിട്ടിയാല്‍ പോലും

കഠോപനിഷത്തില്‍ നചികേതസ്സ്‌ യമധര്‍മ്മനോടു ചോദിച്ച കാര്യം വിശദീകരിച്ചപ്പോഴും നാം ഇതു തന്നെ കണ്ടു. സര്‍വസമ്പല്‍സമൃദ്ധമായ ത്രിലോകചക്രവര്‍ത്തിയായി, തനിക്കിഷ്ടമുള്ള കാലത്തോളം ജീവിച്ചു കൊള്ളാനുള്ള അനുവാദം ആണ്‌ യമന്‍ വച്ചു നീട്ടിയത്‌. എന്നാല്‍ അതു വേണ്ട, തനിക്ക്‌ ആത്മജ്ഞാനം മതി എന്ന്‌ നചികേതസ്സ്‌ പറഞ്ഞു. എന്നാല്‍ ഇവിടെ അര്‍ജ്ജുനന്‌ തനിക്ക്‌ വേണ്ടത്‌ ഇതൊന്നും അല്ല എന്നറിയാം , പക്ഷെ എന്താണ്‌ വേണ്ടത്‌ എന്നറിയില്ല താനും. അതുകൊണ്ട്‌ പരമഗുരുവായ ശ്രീകൃഷ്ണഭഗവാനെ ആശ്രയം പ്രാപിച്ചിരിക്കുന്നു തനിക്കു വേണ്ടത്‌ ഉപദേശിച്ചുതന്നാലും എന്നപേക്ഷിക്കുന്നു.

9. ഏവമുക്ത്വാ ഹൃഷീകേശം ഗുഡാകേശഃ പരംതപഃ
ന യോത്സ്യ ഇതി ഗോവിന്ദമുക്ത്വാ തൂഷ്ണീം ബഭൂവ ഹ

ഗുഡാകേശഃ = അലസത ഇല്ലാത്തവന്‍
പരംതപഃ = ശത്രുവിനെ ദുഃഖിപ്പിക്കുന്നവന്‍
ഹൃഷീകേശം ഗോവിന്ദം = ഇന്ദ്രിയപ്രേരകനായ ഗോവിന്ദനോട്‌
ഏവം ന യോത്സ്യേ ഇതി ഉക്ത്വാ = ഇപ്രകാരം യുദ്ധം ചെയ്യുകയില്ല എന്നു പറഞ്ഞിട്ട്‌
തൂഷ്ണീം ബഭൂവ ഹ = വെറുതേ ഇരുന്നു

10. തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത
സേനയോരുഭയോര്‍മ്മദ്ധ്യേ വിഷീദന്തമിദം വചഃ

രണ്ടു സൈന്യങ്ങളുടെയും മധ്യത്തില്‍ വിഷാദത്തോടു കൂടി ഇരിക്കുന്ന അവനോട്‌ ശ്രീകൃഷ്ണന്‍ ചിരിച്ചു കൊണ്ട്‌ ഇങ്ങനെ പറഞ്ഞു

11. അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദാംശ്ച ഭാഷസേ
ഗതാസൂനഗതാസൂംശ്ച നാനുശോചന്തി പണ്ഡിതാഃ

അശോച്യാന്‍ = ദുഃഖിക്കാന്‍ അര്‍ഹരല്ലാത്തവരെ കുറിച്ച്‌
ത്വം അന്വശോച = നീ ദുഃഖിക്കുന്നു.
പ്രജ്ഞാവാദാന്‍ ഭാഷസേ ച = പണ്ഡിതന്മാരെ പോലെ സംസാരിക്കുകയും ചെയ്യുന്നു.
പണ്ഡിതാഃ = പണ്ഡിതന്മാര്‍
ഗതാസൂന്‍ അഗതാസൂന്‍ ച ന അനുശോചന്തി = മരിച്ചവരെ കുറിച്ചും മരിക്കാത്തവരെ കുറിച്ചും ദുഃഖിക്കാറില്ല.

ഇവിടം മുതലാണ്‌ യഥാര്‍ഥ ഗീതാപ്രവചനം. പരമാര്‍ത്ഥം എന്താണ്‌ , നമ്മുടെ അല്‍പബുദ്ധിയില്‍ കാണുന്നതും തോന്നുന്നതും എന്താണ്‌ എന്നുള്ള വസ്തുതകള്‍ ഭഗവാന്‍ ഇവിടം മുതല്‍ വിശദീകരിക്കുകയാണ്‌.
അര്‍ജ്ജുനന്റെ വാദങ്ങള്‍ കേട്ടാല്‍ പണ്ഡിതന്മാരുടെ വാക്കുകള്‍ പോലെ തോന്നാം, എന്നാല്‍ യഥാര്‍ത്ഥജ്ഞാനികള്‍ മരിച്ചവരെ കുറിച്ചോ , മരിക്കാത്തവരെ കുറിച്ചോ ദുഃഖിക്കുന്നവരല്ല , അര്‍ജ്ജുനന്‍ ഇവിടെ ദുഃഖിക്കുന്നു.

ദേഹത്തില്‍ നിന്നും വേറിട്ട ആത്മജ്ഞാനം ഉള്ളവരാണ്‌ ജ്ഞാനികള്‍. അവരെ സംബന്ധിച്ചിടത്തോളം മരണം എന്നത്‌ ആത്മാവിന്റെ ഉടുപ്പുമാറല്‍ മാത്രമാണ്‌- തങ്ങള്‍ നിത്യനായ ആത്മാവാണ്‌ എന്ന്‌ അനുഭവത്തില്‍ അറിഞ്ഞ അവര്‍ക്ക്‌ അതുകാരണം തന്നെ മരണം എന്ന അവസ്ഥയില്‍ ഭയമോ ദുഃഖമോ ഇല്ല. ഈ വസ്തുതകള്‍ ഇനിയങ്ങോട്ട്‌ വിശദമായി പ്രതിപാദിക്കപ്പെടുന്നു. അതിന്റെ തുടക്കമായി പറയുന്നു നീ ഇപ്പോള്‍ വെറുതേ വേണ്ടാത്ത രീതിയില്‍ ദുഃഖിക്കുകയാണ്‌, ഇവര്‍ മരിച്ചു പോകും എന്നോര്‍ത്തു നീ ദുഃഖിക്കേണ്ട കാര്യമില്ല.

12. ന ത്വേവാഹം ജാതു നാസം ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ സര്‍വേ വയമിതഃ പരം
അഹം ജാതു ന ആസം ഇതി ന = ഞാന്‍ ഒരുകാലത്തിലും ഇല്ലാതിരുന്നിട്ടില്ല
ത്വം ഇമേ ജനാധിപാഃ ( ച )= നീയും ഈ രാജാക്കന്മാരും (ഒക്കെ അതു പോലെ തന്നെ ഇല്ലാതിരുന്നിട്ടില്ല)
സര്‍വേ വയം ഇതഃ പരം ന ഭവിഷ്യാമ ഇതി ച ന = ഇനി മേലിലും നാമെല്ലാവരും തന്നെ ഇല്ലാതിരിക്കുകയും ഇല്ല

ഇതാണ്‌ യാഥാര്‍ത്ഥ്യം. ഇതെല്ലാം ഉള്ളതാണ്‌ , ഇല്ലാതാകുകയും ഇല്ല. പക്ഷെ ആത്മജ്ഞാനം ഇല്ലാത്തവര്‍ ദേഹത്തില്‍ ആത്മാവിനെ സങ്കല്‍പിച്ച്‌ ദേഹനാശത്തില്‍ ദുഃഖിക്കുന്നു. അതു കൊണ്ട്‌ ഭഗവാന്‍ പറയുന്നു ഞാനോ നീയോ ഇക്കാണുന്ന രാജാക്കന്മാരോ എല്ലാം തന്നെ പണ്ടുണ്ടായിരുന്നവരും ഇപ്പോള്‍ ഉള്ളവരും ഇനി ഉണ്ടായിരിക്കുന്നവരും ആണ്‌, അല്ലാതെ, ഇല്ലാതെ പോകുന്നില്ല.

13. ദേഹിനോസ്മിന്‍ യഥാ ദേഹേ കൗമാരം യൗവനം ജരാ
തഥാ ദേഹാന്തരപ്രാപ്തിര്‍ധീരസ്തത്ര ന മുഹ്യതി

ഈ ദേഹത്തില്‍ എപ്രകാരം ദേഹാഭിമാനിയായ ആത്മാവിന്‌ കൗമാരം, യൗവനം വാര്‍ധക്യം തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാകുന്നുവോ അതു പോലെ തന്നെ അന്യശരീരപ്രാപ്തിയും ഉണ്ടാകുന്നു. ധൈര്യശാലികള്‍ ഈ വിഷയത്തില്‍ മോഹിക്കുന്നില്ല

14. മാത്രാസ്പര്‍ശാസ്തു കൗന്തേയ ശീതോഷ്ണദുഃഖദഃ
ആഗമാപായിനോനിത്യാസ്താംസ്തിതിക്ഷസ്വ ഭാരത

മാത്രാസ്പര്‍ശാ തു ശീതോഷ്ണസുഖദുഃഖദാഃ = മാത്രകളും സ്പര്‍ശങ്ങളും ശീതവും ഉഷ്ണവും പോലെ സുഖം ദുഃഖം എന്നിവയെ ഉണ്ടാക്കുന്നവയാണ്‌
ആഗാമാപായിനഃ= വന്നു പോകുന്നവയാണ്‌
അനിത്യാഃ = അനിത്യങ്ങളാണ്‌
ഭാരത താം തിതിക്ഷസ്വ = അല്ലയോ ഭാരത അതിനെ സഹിച്ചാലും

നിത്യമായ തത്വം ആത്മാവായതിനാല്‍ അതിന്‌ ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള ബന്ധം കൊണ്ട്‌ ശീതോഷ്ണസുഖദുഃഖാദികള്‍ ദേഹത്തില്‍കൂടി അനുഭവ്പ്പെടുന്നതു പോലെ ഇതും സഹിച്ചേ മതിയാകൂ.

15. യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷര്‍ഷഭ
സമദുഃഖസുഖം ധീരം സോമൃതത്വായ കല്‍പതേ

പുരുഷര്‍ഷഭ= അല്ലയോ പുരുഷശ്രേഷ്ഠ
സമദുഃഖസുഖം ധീര,ം = സുഖത്തിലും ദുഃഖത്തിലും ഒരേപോലെ ഇരിക്കുന്ന ധീരനായ
യം പുരുഷം = യാതൊരു പുരുഷനെ
ഏതേ ന വ്യഥയന്തി = ഇവ ദുഃഖിപ്പിക്കുന്നില്ലയോ
സഃ അമൃതത്വായ കല്‍പതേ = അവന്‍ മോക്ഷാര്‍ഹനാകുന്നു.

സുഖം ദുഃഖം എന്നിവ സാധാരണ മനുഷ്യര്‍ക്ക്‌ വ്യത്യസ്തങ്ങള്‍ ആണ്‌. എന്നാല്‍ ആര്‍ക്കാണൊ ഈ രണ്ട്‌ അവസ്ഥകളിലും ഒരേ പോലെ വര്‍ത്തിക്കുവാന്‍ കഴിയുന്നത്‌ അവന്‍ മോക്ഷത്തിന്‌ അര്‍ഹനാകുന്നു

2 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീമദ്‌ ഭഗവദ്‌ഗീത 2 - 8-15

ചില അവിചാരിതങ്ങളായ കാരണങ്ങളാല്‍ ഇടയ്ക്ക്‌ തടസ്സം നേരിട്ടെങ്കിലും ഇതാ തുടരുന്നു.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഗീതയ്ക്കെന്തുപറ്റി എന്നു വിചാരിച്ചു. വായിക്കുന്നുണ്ട്, പണിക്കര്‍ ജി.
നന്ദി.