Friday, May 18, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 37 - 39

37. തസ്മാന്നാര്‍ഹാ വയം ഹന്തും
ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ
സുഖിനഃ സ്യാമ മാധവ

തസ്മാത്‌ = അതു കൊണ്ട്‌
സ്വബാന്ധവാന്‍ ധാര്‍ത്തരാഷ്ട്രാന്‍ ഹന്തും = തന്റെ ബന്ധുക്കളായ ധൃതരാഷ്ട്രപക്ഷക്കാരെ കൊല്ലുവാന്‍
വയം ന അര്‍ഹാഃ= നമ്മള്‍ അര്‍ഹരല്ല.
ഹി = എന്തു കൊണ്ടെന്നാല്‍
സ്വജനം ഹത്വാ = സ്വജനഗളെ കൊ ന്നിട്ട്‌
(വയം) കഥം സുഖിനഃ സ്യാമ = നാം എങ്ങനെ സുഖമുള്ളവരാകും?

38. യദ്യപ്യേതേ ന പശ്യന്തി
ലോഭോപഹതചേതസഃ
കുലക്ഷയകൃതം ദോഷം
മിത്രദ്രോഹേ ച പാതകം

ഏതേ ലോഭോപഹതചേതസഃ = ഇവര്‍ (ധൃതരാഷ്ട്രപക്ഷക്കാര്‍) രാജ്യം ധനം എന്നിവയിലുള്ള ആര്‍ത്തി നിമിത്തം വിചാരശൂന്യരായിട്ട്‌
കുലക്ഷയകൃതം ദോഷം = കുലക്ഷയം കൊണ്ടുണ്ടാകുന്ന ദോഷവും
മിത്രദ്രോഹേ പാതകം ച = മിത്രങ്ങളെ ഉപദ്രവിക്കുനതിലുള്ള ദോഷവും
യദ്യപി ന പശ്യന്തി= കാണുന്നില്ലെങ്കിലും

39. കഥം ന ജ്ഞേയമസ്മാഭിഃ
പാപാദസ്മാന്നിവര്‍ത്തിതും
കുലക്ഷയകൃതം ദോഷം
പ്രപശ്യദ്ഭിര്‍ജ്ജനാര്‍ദ്ദന

പ്രപശ്യദ്ഭിഃ അസ്മാഭിഃ = നല്ലവണ്ണം കാണൂന്നവരായ നമ്മളാല്‍
അസ്മാത്‌ പാപാത്‌ = ഈ പാപകര്‍മ്മത്തില്‍ നിന്നും
നിവര്‍ത്തിതും കഥം ന ജ്ഞേയം = പിന്തിരിയേണ്ടതാണെന്ന്‌ എന്തു കൊണ്ട്‌ അറിയേണ്ടതല്ല?


എതിരാളികള്‍ വിചാരശൂന്യത നിമിത്തം ധനത്തില്‍ ആര്‍ത്തി കയറി ദോഷം ചെയ്യുന്നു എന്നു കരുതി വിവേകികളായ നമ്മള്‍ ആ തെറ്റു ചെയ്യാന്‍ പാടുണ്ടോ?
കുലക്ഷയം ആണ്‌ ഇവിടെ അര്‍ജ്ജുനന്‍ കാണുന്ന കാരണം .

ഇവിടെ വര്‍ണ്ണാശ്രമങ്ങളെ പറ്റി ഭഗവാന്‍ കൃഷ്ണന്റെ സങ്കല്‍പ്പവും അര്‍ജ്ജുനന്‍ അതിനെ മനസ്സിലാക്കിയിരിക്കുന്നതും എങ്ങനെ വ്യത്യാസപെടുന്നു എന്നും കാണാം.

ജന്മം കൊണ്ട്‌ അല്ല വര്‍ണ്ണം ഉണ്ടാകുന്നത്‌ - അത്‌ കര്‍മ്മം, ഗുണം എന്നിവ കൊണ്ടാണ്‌ എന്ന്‌ മേലില്‍ ഭഗവാന്‍ പറയും - ബ്രാഹ്മണനു ജനിച്ചാല്‍ ബ്രാഹ്മണനാവില്ല - അതിന്‌ അതിന്റേതായ ഗുണവും കൂടി വേണം

കുലക്ഷയം കുലക്ഷയം എന്ന്‌ പറഞ്ഞു കഴിഞ്ഞ്‌ വര്‍ണ്ണസംകരം വീണ്ടും വീണ്ടും അര്‍ജ്ജുനന്‍ പറയുന്നു

ഇന്ന്‌ ഏറ്റവും വിമര്‍ശനത്തിന്‌ വിധേയമായിരിക്കുന്ന മനുസ്മൃതിയില്‍ പോലും പറയുന്നു -
ഗുണോല്‍കൃഷ്ടത കൊണ്ട്‌ ജാതി പരിവൃത്തിയില്‍ ശൂദ്രനും ബ്രാഹ്മണനാകും , അതു പോലെ ഗുണഹീനത്വം കൊണ്ട്‌ ബ്രാഹ്മണനും ശൂദ്രനാകും എന്ന്‌.

ജന്മം കൊണ്ടാണ്‌ ജാതി ഉണ്ടാകുന്നത്‌ എങ്കില്‍ ഈ വാചകങ്ങള്‍ക്ക്‌ എവിടെയാണ്‌ സാംഗത്യം?

അപ്പോള്‍ ബ്രാഹ്മണത്വം എന്നതും ശൂദ്രത്വം എന്നതും ഓരോരോ കുടുംബത്തില്‍ പിറക്കുന്നതു കൊണ്ട്‌ സ്‌ഇദ്ധിക്കുന്ന പേരുകളല്ല- അത്‌ മനുഷ്യന്റെ സ്വഭാവത്തിലും , കര്‍മ്മത്തിലും പ്രകടമാകുന്ന ഗുണങ്ങളെ ആശ്രയിച്ച്‌ സിദ്ധിക്കുന്ന നിലവാരമാണ്‌.

കുലം എന്നത്‌ ജനിച്ച കുടുംബമോ, മാതാപിതാക്കള്‍ ആരാണെന്നോ നോക്കി അല്ല അളക്കുന്നത്‌. അത്‌ സ്വഭാവത്തിന്റെ അളവുകോലാണ്‌- ചാണക്യന്‍ പറയുന്നത്‌ നോക്കുക-

"ആചാരഃ കുലമാഖ്യാതി
ദേശമാഖ്യാതി ഭാഷണം
സംഭ്രമഃ സ്നേഹമാഖ്യാതി
വപുരാഖ്യാതി പോഷണം"

അവനവന്റെ ആചാരങ്ങളാണ്‌ - അവനവന്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളുടെ ഉല്‍കൃഷ്ടതയോ അപകൃഷ്ടതയോ നോക്കിയാണ്‌ കുലം മനസ്സിലാക്കേണ്ടത്‌.
"നല്ല കുടുംബത്തില്‍ നായും ജനിക്കും " എന്ന പഴഞ്ചൊല്ലും ഇക്കാരണം കൊണ്ടു തന്നെ ആണുണ്ടായത്‌.

ഇതൊക്‌കെ മാറ്റി ഒരു കുടുംബത്തില്‍ ജനിച്ചാല്‍ അവന്‍ ബ്രാഹ്മണനായി എന്നും മറ്റൊരു കുടുംബത്തില്‍ ജനിച്ചാല്‍ ശൂദ്രനാണെന്നും ഒക്കെ ഉള്ള തിരിമറികള്‍ അന്നു തന്നെ ഉണ്ടായിരുന്നിരിക്കണം അതു കൊണ്ടല്ലേ അര്‍ജ്ജുനന്റെ വായില്‍ നിന്നും ഇതു പോലെയുള്ള ജല്‍പനങ്ങള്‍ വന്നത്‌.

3 comments:

indiaheritage said...

കുലം എന്നത്‌ ജനിച്ച കുടുംബമോ, മാതാപിതാക്കള്‍ ആരാണെന്നോ നോക്കി അല്ല അളക്കുന്നത്‌. അത്‌ സ്വഭാവത്തിന്റെ അളവുകോലാണ്‌-

ചാണക്യന്‍ പറയുന്നത്‌ നോക്കുക-

"ആചാരഃ കുലമാഖ്യാതി
ദേശമാഖ്യാതി ഭാഷണം
സംഭ്രമഃ സ്നേഹമാഖ്യാതി
വപുരാഖ്യാതി പോഷണം"

അവനവന്റെ ആചാരങ്ങളാണ്‌ - അവനവന്‍ അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളുടെ ഉല്‍കൃഷ്ടതയോ അപകൃഷ്ടതയോ നോക്കിയാണ്‌ കുലം മനസ്സിലാക്കേണ്ടത്‌.

"നല്ല കുടുംബത്തില്‍ നായും ജനിക്കും " എന്ന പഴഞ്ചൊല്ലും ഇക്കാരണം കൊണ്ടു തന്നെ ആണുണ്ടായത്‌.

ഇതൊക്‌കെ മാറ്റി ഒരു കുടുംബത്തില്‍ ജനിച്ചാല്‍ അവന്‍ ബ്രാഹ്മണനായി എന്നും മറ്റൊരു കുടുംബത്തില്‍ ജനിച്ചാല്‍ ശൂദ്രനാണെന്നും ഒക്കെ ഉള്ള തിരിമറികള്‍ അന്നു തന്നെ ഉണ്ടായിരുന്നിരിക്കണം

അതു കൊണ്ടല്ലേ അര്‍ജ്ജുനന്റെ വായില്‍ നിന്നും ഇതു പോലെയുള്ള ജല്‍പനങ്ങള്‍ വന്നത്‌.

Satheesh :: സതീഷ് said...

പണിക്കര്‍ സാര്‍, ഇവിടെ കമന്റുകളൊന്നും കാണാത്തത് കൊണ്ട് ഇതാരും വായിക്കാറില്ല എന്നു വിചാരിക്കരുത് എന്നു കരുതിയാണ്‍ ഈ കമന്റ്.. സ്ഥിരമായി ഇവിടെ വന്ന് നോക്കാറുണ്ട്.. താങ്കളുടെ ഈ സദുദ്യമത്തെ അഭിനന്ദിക്കുന്നു!

indiaheritage said...

പ്രിയ സതീഷ്‌,
പ്രോല്‍സാഹനത്തിന്‌ നന്ദി.
പണിക്കര്‍