Monday, May 21, 2007

ശ്രീമല്‍ ഭഗവത്ഗീത 2 - 6

6. ന ചൈതദ്വിദ്മഃ കതരന്നോ ഗരീയോ
യദ്വാ ജയേമ യദി വാ നോ ജയേയുഃ
യാനേവ ഹത്വാ ന ജിജീവിഷാമ
സ്തേവസ്ഥിതാഃ പ്രമുഖേ ധാര്‍ത്തരാഷ്ട്രാഃ

കതരത്‌ ഗരീയഃ =ഏതാണ്‌ ശ്രേഷ്ഠം എന്ന്‌
വയം ന വിദ്മഃ = ഞങ്ങള്‍ അറിയുന്നില്ല
യദ്വാ വയം ജയേമ = ഞങ്ങള്‍ ജയിക്കുമോ അതോ
യദി വാ നഃ ജയേയുഃ = ഞങ്ങളേ ജയിക്കുമോ
ഏതത്‌ അപി ന വിദ്മ= ഇതും അറിയുവാന്‍ വയ്യ
യാന്‍ ഹത്വാ ന ജിജീവ്ഷാമ = ആരേ കൊ ന്നിട്ട്‌ ജീവിക്കുവാന്‍ തന്നെ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലയോ
തേ ധാര്‍ത്തരാഷ്ട്രാഃ = ആ ധൃതരാഷ്ട്രപുത്രന്മാര്‍
പ്രമുഖേ അവസ്ഥിതാഃ = മുന്നില്‍ നില്‍ക്കുന്നു.

അര്‍ജ്ജുനന്‍ ആകെ സംശയത്തിലാണ്‌.

യുദ്ധം ചെയ്യുന്നവരില്‍ ഒരു കൂട്ടരേ വിജയിക്കൂ. എന്നാല്‍ രണ്ടു കൂട്ടര്‍ക്കും ഗുണമുണ്ട്‌. മരിക്കുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ പോകും ജയിക്കുന്നവര്‍ക്ക്‌ രാജ്യം ലഭിക്കും. അപ്പോള്‍ ഇതില്‍ ഏതാണ്‌ നല്ലത്‌ എന്നു സംശയം.
യുദ്ധത്തില്‍ ഞങ്ങള്‍ ജയിക്കുമോ അതോ അവര്‍ ജയിക്കുമോ ഇതും അറിയില്ല.
തങ്ങള്‍ ജയിക്കുകയാണെങ്കില്‍ ആ വിജയികളുടെ ജീവിതം കാണുവാന്‍ ധൃതരാഷ്ട്രപുത്രന്മാര്‍ ഉണ്ടാകുകയില്ലല്ലൊ.- പിന്നെ അതിലെന്ത്‌ രസം. എന്നല്ല അവരെ കൊ ന്നിട്ട്‌ ജീവിക്കുവാന്‍ പോലും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ഇത്രയും ആയപ്പോള്‍ അര്‍ജ്ജുനന്‍ ആകെ എന്തു പറഞ്ഞു എന്നു നോക്കാം-

"ന കാംക്ഷേ വിജയം" - ഈ യുദ്ധത്തില്‍ വിജയിച്ച്‌ ഐഹിക സുഖഭോഗം ആഗ്രഹിക്കുന്നില്ല - അത്‌ പ്രേയസ്സ്‌ ആണ്‍` തനിക്കിഷ്ടം ശ്രേയസ്സാണ്‌ പ്രേയസ്സല്ല.

പാരലൗകിക സുഖവും താന്‍ ഇഷ്ടപ്പെടുന്നില്ല എന്ന്‌ -"അപി ത്രൈലോക്യരാജ്യസ്യ ഹേതോ" എന്ന വാക്കുകള്‍ കൊണ്ട്‌ പറഞ്ഞു.

"നരകേനിയതം വാസഃ" ഈ ശരീരത്തില്‍ നിന്നും വേറുീട്ട്‌ ഒരാത്മാവുണ്ടെന്നും സൂചിപ്പിച്ചു.
ശമം, ദമം,ലോഭമില്ലായ്മ, ക്ഷമ എന്നിവ ക്രമേണ "രാജ്യം കൊണ്ടെന്തു ഫലം", "സുഖഭോഗങ്ങള്‍ എന്തിനായി" , "അവര്‍ ദോഷം കാണുന്നില്ലെങ്കിലും നമ്മള്‍ കാണണ്ടേ
", അതാണെനിക്ക്‌ ക്ഷേമകരം" എന്നീ വാക്കുകളാല്‍ അര്‍ജ്ജുനന്‍ തനിക്കുള്ളതായി സൂചിപ്പിക്കുന്നു. ആ സ്ഥിതിയിലുള്ളവര്‍ക്ക്‌ ഒരു ഉത്തമഗുരുവാണ്‌ ആവശ്യം.

അപ്പോള്‍ അടുത്തതായി ശ്രേഷ്ഠനായ ഒരു ഗുരുവിന്റെ സഹയമാണ്‌ അദ്ദേഹത്തിന്റെ ഈ സംശയനിവാരണത്തിനായി വേണ്ടത്‌. അതിന്നായി അദ്ദേഹം ഭഗവാന്‍ ശ്രീകൃഷ്ണനെ ആശ്രയിക്കുന്നു എന്ന്‌ അടുത്ത ശ്ലോകത്തില്‍ പറയുന്നു.

1 comment:

വേണു venu said...

തങ്ങള്‍ ജയിക്കുകയാണെങ്കില്‍ ആ വിജയികളുടെ ജീവിതം കാണുവാന്‍ ധൃതരാഷ്ട്രപുത്രന്മാര്‍ ഉണ്ടാകുകയില്ലല്ലൊ.- പിന്നെ അതിലെന്ത്‌ രസം.
ശത്രു മരിക്കുകയും അരുതു്, തങ്ങളുടെ വിജയം കാണാന്‍‍ മൃത പ്രായരായി ജീവിച്ചിരിക്കണം എന്ന ആശ.
പണിക്കരു മാഷേ തുടര്‍ച്ചയായി വായിക്കുന്നുണ്ടു്. ആശംസകള്‍.:)