Sunday, May 20, 2007

ശ്രീമല്‍ ഭഗവത്ഗീത 2 - 1-5

വിദ്യാഭ്യാസം നേടിയവനായ അര്‍ജ്ജുനന്‍ , അതിനേ ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കാതെ, വിഷാദഗ്രസ്തനായി, വിഡ്ഢിത്തം പുലമ്പുന്നതു കേട്ട്‌ ആത്മജ്ഞാനം ക്രമേണ ഉപദേശിക്കുന്ന ഭഗവാന്റെ വക്കുകള്‍ ഇനി തുടങ്ങുന്നു.
രണ്ടാമദ്ധ്യായം

സഞ്ജയ ഉവാച = സഞ്ജയന്‍ പറഞ്ഞു

1. തം തഥാ കൃപയാവിഷ്ടമശ്രുപൂര്‍ണ്ണാകുലേക്ഷണം
വിഷീദന്തമിദം വാക്യമുവാച മധുസൂദനഃ

തഥാ കൃപയാ ആവിഷ്ടം = അങ്ങനെ കാരുണ്യം നിറഞ്ഞ
വിഷീദന്തം = വിഷാദിച്ചിരിക്കുന്ന
അശ്രുപൂര്‍ണ്ണാകുലേക്ഷണം = കണ്ണുനീരണിഞ്ഞ കണ്ണുകളോടു കൂടിയ
തം = അവനോട്‌
മധുസൂദനഃ ഇദം വാക്യം ഉവാച = കൃഷ്ണന്‍ ഈ വാക്കുകള്‍ പറഞ്ഞു.

ശ്രീഭഗവാനുവാച= ഭഗവാന്‍ പറഞ്ഞു.

2. കുതസ്ത്വാ കശ്മലമിദം വിഷമേ സമുപസ്ഥിതം
അനാര്യജുഷ്ടമസ്വര്‍ഗ്യമകീര്‍ത്തികരമര്‍ജ്ജുന
3.ക്ലൈബ്യം മാ സ്മ ഗമ പാര്‍ത്ഥ നൈതത്വയ്യുപപദ്യതേ
ക്ഷുദ്രം ഹൃദയദൗര്‍ബ്ബല്യം ത്യക്തോത്തിഷ്ഠ പരംതപ

ഹേ അര്‍ജ്ജുന = അല്ലയോ അര്‍ജ്ജുന
വിഷമേ = ഈ വിഷമത്തില്‍
അനാര്യജുഷ്ടം = ശ്രേഷ്ടന്മാര്‍ സ്വീകരിക്കാത്ത
അസ്വര്‍ഗ്ഗ്യം = സ്വര്‍ഗ്ഗപ്രാപ്തിദായകമല്ലാത്ത
അകീര്‍ത്തികരം = കീര്‍ത്തി നശിപ്പിക്കുന്ന
ഇദം കശ്മലം = ഈ മാലിന്യം
കുത ത്വാ സമുപസ്ഥിതം = എങ്ങനെ നിന്നെ ബാധിച്ചു?

പരംതപ പാര്‍ത്ഥ = ശത്രുക്കളെ തപിപ്പിക്കുന്ന പാര്‍ത്ഥ
ക്ലൈബ്യം മ സ്മ ഗമ = അധൈര്യത്തെ പ്രാപിക്കാതെ.
ക്ഷുദ്രം ഹൃദയദൗര്‍ബല്ല്യം ത്യക്ത്വാ ഉത്തിഷ്ഠ = നിസ്സാരമായ ഹൃദയദൗര്‍ബല്ല്യം കളഞ്ഞിട്ട്‌ എഴുനേല്‍ക്കുക

ഇവിടെ കൃഷ്ണനെ ഭഗവാന്‍ എന്നാണ്‌ സംബോധന ചെയ്തിരിക്കുന്നത്‌-
"ഐശ്വര്യസ്യ സമഗ്രസ്യ ധര്‍മ്മസ്യ യശസഃ ശ്രിയഃ
വൈരാഗ്യസ്യാഥ മോക്ഷസ്യ ഷണ്ണാം ഭഗ ഇതീരണാ"
ഐശ്വര്യം, ധര്‍മ്മം, യശസ്സ്‌, ശ്രീ, വൈരാഗ്യം , മോക്ഷം, ഇവ തടസ്സമില്ലാതെ നിത്യവും ആരിലിരിക്കുന്നുവോ അവനാണ്‌ ഭഗവാന്‍ എന്ന്‌ ലക്ഷണം.

ഭഗവാന്‍ അര്‍ജ്ജുനനോട്‌
സ്വധര്‍മ്മപരിപാലനത്തിന്റെ ഉപേക്ഷ കൊണ്ടുണ്ടാകുന്ന നഷ്ടങ്ങള്‍ പറഞ്ഞു കൊടുത്ത്‌ കര്‍മ്മത്തിലേക്ക്‌ തിരികെ കൊണ്ടു വരുവാനായി തുടങ്ങുന്നു.

ആളുകള്‍ കര്‍മ്മം ചെയ്യുന്നത്‌ എന്തെങ്കിലും ഉദ്ദേശം വച്ചായിരിക്കും. പറയില്ലേ

"പ്രയോജനമനുദ്ദിശ്യ ന മന്ദോപി പ്രവര്‍ത്തതേ"

മണ്ടനാണെങ്കില്‍ പോലും ഒരു കാര്യം ചെയ്യുന്നു എങ്കില്‍ അതിന്‌ പിന്നില്‍ എന്തെങ്കിലും പ്രയോജനത്തിനുള്ള ആഗ്രഹമുണ്ടാകും എന്ന്‌. അപ്പോള്‍ പിന്നെ ബുദ്ധിമാന്മാരുടെ കാര്യം പറയാനുണ്ടോ?

മോക്ഷത്തിന്‌ വേണ്ടീ, സ്വര്‍ഗ്ഗപ്രാപ്തിക്കു വേണ്ടി., കീര്‍ത്തിക്കുവേണ്ടി ഇങ്ങനെ ഏതെങ്കിലും ഒന്നിനു വേണ്ടിയാണ്‌ നീ ഇങ്ങനെ യുദ്ധം ചെയ്യാതിരിക്കുന്നത്‌ എങ്കില്‍ അത്‌ വ്യര്‍ത്ഥമാണ്‌.

കാരണം സ്വധര്‍മ്മത്തെ അനുഷ്ഠിക്കാത്തവര്‍ക്ക്‌ മോക്ഷലബ്ധിയില്ല. നീ ഇവിടെ ക്ഷത്രിയനാണ്‌ ക്ഷത്രിയന്റെ സ്വധര്‍മ്മത്തില്‍ പെടുന്നതാണ്‌ യുദ്ധം അതില്‍ നിന്നും പിന്തിരിഞ്ഞാല്‍ നിനക്ക്‌ മോക്ഷം ലഭിക്കില്ല.

ഇനി യുദ്ധത്തില്‍ പിന്തിരിഞ്ഞോടുന്ന ഭീരുക്കള്‍ക്കുള്ളതല്ല സ്വര്‍ഗ്ഗം, അപ്പോള്‍ അതും നിനക്കു ലഭിക്കില്ല.

സാക്ഷാല്‍ പരമശിവനോടു പോലും യുദ്ധം ചെയ്ത്‌ അദ്ദേഹത്തെ സന്തോഷിപ്പിച്ചവനായ നീ യുദ്ധത്തെ ഭയന്നോടി പോയി എന്ന ദുഷ്കീര്‍ത്തിയായിരിക്കും നിനക്കു ലഭിക്കുക അപ്പോള്‍ കീര്‍ത്തിയും കിട്ടുകയില്ല.

അതുകൊണ്ട്‌ ഇപ്പോള്‍ നിന്നെ ബാധിച്ചിരിക്കുന്ന ഈ ധൈര്യക്കുറവിനെ വിവേകം കൊണ്ട്‌ ജയിച്ച്‌ നീ നിന്റെ ധര്‍മ്മം നിറവേറ്റേണ്ടിയിരിക്കുന്നു. അതിന്‌ വേണ്ടി എഴുനേല്‍ക്കുക.

അര്‍ജ്ജുന ഉവാച = അര്‍ജ്ജുനന്‍ പറഞ്ഞു
4. കഥം ഭീഷ്മമഹം സംഖ്യേ
ദ്രോണം ച മധുസൂദന
ഇഷുഭിഃ പ്രതിയോല്‍സ്യാമി
പൂജാര്‍ഹാവരിസൂദന

ഹേ അരിസൂദന മധുസൂദന = അല്ലയോ ശത്രുഹന്താവായ കൃഷ്ണാ
അഹം സംഖ്യേ = ഞാന്‍ യുദ്ധത്തില്‍
പൂജാര്‍ഹൗ ഭീഷ്മം ദ്രോണം ച = പൂജക്കര്‍ഹരായ ഭീഷ്മരേയും ദ്രോണരേയും
കഥം ഇഷുഭിഃ പ്രതിയോല്‍സ്യാമി= എങ്ങനെ ബാണങ്ങളെ കൊണ്ട്‌ എതിരിടും?

അര്‍ജ്ജുനന്‍ തന്റെ സംശയം ഓരോന്നായി ചോദിക്കുന്നു . ഭീഷ്മര്‍, ദ്രോണര്‍ ഇവര്‍ പൂജ്യരാണ്‌; ഒരാള്‍ പിതാമഹനാണ്‌ ഒരാള്‍ ഗുരുവാണ്‌ അപ്പോള്‍ രണ്ടു പേരും ഗുരുക്കന്മാര്‍ തന്നെ.
ഗുരുവിനോട്‌ "ഹും" എന്നോ "ത്വം" എന്നോ പറയുന്നത്‌ പോലും പാപമാണ്‌ . എങ്കില്‍ അവര്‍ക്കുനേരേ അമ്പെയ്യുന്നത്‌ മഹാപാപമാകില്ലേ?
അതുകൊണ്ട്‌ ഭകതരുടെ കാമക്രോധാദി ശത്രുക്കളേ നശിപ്പിച്ച്‌ അവര്‍ക്ക്‌ സല്‍ഗതി നല്‍കുന്ന ഭഗവാനേ എന്നേ ഈ അധര്‍മ്മത്തില്‍ നിന്നും പിന്തിരിപ്പിച്ച്‌ രക്ഷിക്കണേ.

5. ഗുരൂനഹത്വാ ഹി മഹാനുഭാവാന്‍
ശ്രേയോ ഭോക്തും ഭൈക്ഷമപീഹ ലോകെ
ഹത്വാര്‍ത്ഥാകാമാംസ്തു ഗുരൂനിഹൈവ
ഭുഞ്ജീയ ഭോഗാന്‍ രുധിരപ്രദിഗ്ദ്ധാന്‍

മഹാനുഭാവാന്‍ ഗുരൂന്‍ അഹത്വാ = മഹത്തായ അനുഭാവമുള്ള ഗുരുക്കന്മാരേ വധിക്കാതെ
ഇഹ ലോകേ = ഈ ലോകത്തില്‍
ഭൈക്ഷം അപി = ഭിക്ഷാന്നം പോലും
ഭോക്തും ശ്രേയഃ = കഴിക്കുന്നതാണ്‌ ശ്രേഷ്ഠം
അര്‍ത്ഥകാമാന്‍ തു ഗുരൂന്‍ ഹത്വാ = എന്നാല്‍ അര്‍ഥകാമന്മാരായ ഗുരുക്കന്മാരേ കൊ ന്നിട്ട്‌
രുധിരപ്രദിഗ്ദ്ധാന്‍ ഭോഗാന്‍ = ആ രക്തം പുരണ്ട ഭോഗങ്ങളേ
ഇഹ ഏവ ഭുഞ്ജീയ = ഇവിടെ തന്നെ ഭുജിക്കേണ്ടി വരും

സ്വധര്‍മ്മം എന്ന നിലയില്‍ നിന്നും കാര്യസാധ്യത്തിനു വേണ്ടിയുള്ള ഒരു സാധാരണ കര്‍മ്മമായി യുദ്ധത്തെ തരം താഴ്ത്തിയ അര്‍ജ്ജുനന്‍ പറയുന്നു- ഗുരുക്കന്മാരെ കൊല്ലാതെ ഇരുന്നാല്‍ പരലോകപ്രാപ്തിക്കു തടസ്സമില്ലല്ലൊ. ജീവിതം വല്ല ഭിക്ഷ യാചിച്ചും കഴിച്ചുകൂട്ടാം. അര്‍ത്ഥകാമസ്വരൂപന്മാരായ ഗുരുക്കന്മാരേ വധിച്ചിട്ട്‌ കിട്ടുന്ന സുഖം അവരുടെ ചോര പുരണ്ടതായതിനാല്‍ അതിന്റെ പാപഫലം ആയിരിക്കും ഈ ലോകത്തില്‍ തന്നെ അനുഭവിക്കേണ്ടി വരിക.

എന്നാല്‍ ഭീഷ്മര്‍ ദ്രോണര്‍ എന്നിവര്‍ മഹാനുഭാവന്മാരാണ്‌. മഹത്തായ അനുഭാവമുള്ളവര്‍ എന്നാല്‍ ഈശ്വരതുല്യര്‍ -

" ധര്‍മ്മവ്യതിക്രമോ ദൃഷ്ട ഈശ്വരാണാം ച സാഹസം
തേജീയസാം ന ദോഷായ വഹ്നേ സര്‍വഭുജോ യഥാ" -

അവര്‍ ചെയ്യുന്ന കര്‍മ്മങ്ങളൊന്നും അവരെ ബാധിക്കുകയില്ല

മഹാഭാരതത്തില്‍ പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത്‌ ഭീഷ്മര്‍ മൗനിയായിരുന്നതിനെ കുറിച്ചും പ്രായമുള്ള ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ മുട്ടു ന്യായങ്ങള്‍ പറഞ്ഞ്‌ ഭീഷ്മരെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത്‌ കാണാം.

അദ്ദേഹം "ദേ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്‌-" ശക്തന്‍ ചെയ്യുന്നതാണ്‌ ധര്‍മ്മം" എന്നര്‍ത്ഥം വരുന്ന ഒരു ശ്ലോകം ആണ്‌ ഏറിയാല്‍ കിട്ടുക " ആ വാക്യത്തിന്റെ മറവില്‍ ഭീമന്‍ എന്തു കൊണ്ട്‌ കൈകാര്യം ചെയ്തില്ല" എന്നും ചോദിക്കും.

പക്ഷെ അതല്ലായിരുന്നു ശരി - അതു കൊണ്ടല്ലേ അവര്‍, അധര്‍മ്മം അധികരിക്കുമ്പോള്‍ അധര്‍മ്മികളെ കൊല്ലാന്‍ ഞാന്‍ വരും എന്നു പ്രഖ്യാപിച്ച കൃഷ്ണന്റെ എതിര്‍ ചേരിയിലായി പോയത്‌ - അവരെ ഒക്കെ കൊല്ലാന്‍ വേണ്ടി കൃഷ്ണന്‍ വരേണ്ടി വന്നത്‌?

2 comments:

indiaheritage said...

ധര്‍മ്മവ്യതിക്രമോ ദൃഷ്ട ഈശ്വരാണാം ച സാഹസം
തേജീയസാം ന ദോഷായ വഹ്നേ സര്‍വഭുജോ യഥാ" -

അവര്‍ ചെയ്യുന്ന കര്‍മ്മങ്ങളൊന്നും അവരെ ബാധിക്കുകയില്ല
( ഇതേ പോലെ ഓരോരോ വികടവ്യാഖ്യാനങ്ങള്‍ എഴുതി ഉണ്ടാക്കിയിട്ട്‌ അതിന്റെ മറവില്‍ കാണിച്ചു കൂട്ടിയ കൊള്ളരുതാഴികകള്‍---)

മഹാഭാരതത്തില്‍ പാഞ്ചാലീ വസ്ത്രാക്ഷേപ സമയത്ത്‌ ഭീഷ്മര്‍ മൗനിയായിരുന്നതിനെ കുറിച്ചും പ്രായമുള്ള ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ മുട്ടു ന്യായങ്ങള്‍ പറഞ്ഞ്‌ ഭീഷ്മരെ ന്യായീകരിക്കുവാന്‍ ശ്രമിക്കുന്നത്‌ കാണാം.

അദ്ദേഹം "ദേ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്‌-" ശക്തന്‍ ചെയ്യുന്നതാണ്‌ ധര്‍മ്മം" എന്നര്‍ത്ഥം വരുന്ന ഒരു ശ്ലോകം ആണ്‌ ഏറിയാല്‍ കിട്ടുക " ആ വാക്യത്തിന്റെ മറവില്‍ ഭീമന്‍ എന്തു കൊണ്ട്‌ കൈകാര്യം ചെയ്തില്ല" എന്നും ചോദിക്കും.

പക്ഷെ അതല്ലായിരുന്നു ശരി - അതു കൊണ്ടല്ലേ അവര്‍, അധര്‍മ്മം അധികരിക്കുമ്പോള്‍ അധര്‍മ്മികളെ കൊല്ലാന്‍ ഞാന്‍ വരും എന്നു പ്രഖ്യാപിച്ച കൃഷ്ണന്റെ എതിര്‍ ചേരിയിലായി പോയത്‌ - അവരെ ഒക്കെ കൊല്ലാന്‍ വേണ്ടി കൃഷ്ണന്‍ വരേണ്ടി വന്നത്‌?

ഇത്തിരിവെട്ടം|Ithiri said...

മാഷേ വായിച്ചു.

ഓരോ ഭാഗവും ഞാന്‍ സൂക്ഷിച്ച് വെക്കുന്നുണ്ട്.