Tuesday, May 15, 2007

ശ്രീമദ്‌ ഭഗവത്ഗീത തുടര്‍ച്ച 1- 14 -21

14. തതഃ ശ്വേതൈര്‍ഹയൈര്യുക്തേ
മഹതി സ്യന്ദനേ സ്ഥിതൗ
മാധവഃ പാണ്ഡവശ്ചൈവ
ദിവ്യൗ ശംഖൗ പ്രദധ്മതുഃ

തതഃ = അനന്തരം
ശ്വേതൈഃ ഹയൈഃ യുക്തേ= വെളുത്ത കുതിരകളോട്‌ കൂടിയ
മഹതി സ്യന്ദനേ സ്ഥിതൗ = മഹത്തായ തേരില്‍ സ്ഥിതരായ
മാധവഃ പാണ്ഡവഃ ച = കൃഷ്ണനും അര്‍ജ്ജുനനും
ദിവ്യൗ ശംഖൗ പ്രദധ്മതുഃ = ദിവ്യങ്ങളായ ശംഖുകളെ മുഴക്കി.

കൗരവപക്ഷത്തു നിന്നുള്ള ശംഖുനാദം മുഴങ്ങിയപ്പോള്‍ അതിനു മറുപടിയെന്നോണം പാണ്ഡവപക്ഷത്തുള്ള കൃഷ്ണാര്‍ജ്ജുനമാര്‍ ത്‌അങ്ങളുടെ ശംഖൂതി.
നാലു വെള്ളകുതിരകളെ പൂട്ടിയ തേരിലാണ്‌ അര്‍ജ്ജുനന്‍ ഇരിക്കുന്നത്‌ ശൈബ്യം, സുഗ്രീവം, വലാഹകം, മേഘപുഷ്പം എന്നിവയാണ്‌ ആ കുതിരകള്‍.ശ്രീ കൃഷ്ണന്‍ ആണ്‌ തേരാളി.

15. പാഞ്ചജന്യം ഹൃഷീകേശോ ദേവദത്തം ധനഞ്ജയഃ
പൗണ്ഡ്രം ദധ്മൗ മഹാശംഖം ഭീമകര്‍മ്മാ വൃകോദരഃ
ഹൃഷീകേശന്‍=ശ്രീകൃഷ്ണന്‍
പാഞ്ചജന്യം = പാഞ്ചജന്യം എന്ന ശംഖിനേയും
ധനഞ്ജയഃ = അര്‍ജ്ജുനന്‍
ദേവദത്തം = ദേവദത്തം എന്ന ശംഖിനേയും
ഭീമകര്‍മ്മാ വൃകോദര = മഹത്തായ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഭീമന്‍
പൗണ്ഡ്രം മഹാശംഖം = പൗണ്ഡ്രം എന്ന ശംഖിനേയും
ദധ്മൗ = മുഴക്കി
ഹൃഷീകേശന്‍ എന്നാല്‍ സര്‍വ ഇന്ദ്രിയങ്ങളേയും ഹൃദയത്തില്‍ ഇരുന്നു കൊണ്ട്‌ പ്രേരിപ്പിക്കുന്നവന്‍ എന്നര്‍ത്ഥം.
16. അനന്തവിജയം രാജാ കുന്തീപുത്രോ യുധിഷ്ടിരഃ
നകുലഃ സഹദേവശ്ച സുഘോഷമണിപുഷ്പകൗ

രാജാ യുധിഷ്ടിരഃ = യുധിഷ്ടിര രാജാവ്‌
അനന്തവിജയം =അനന്തവിജയം എന്നശംഖിനേയും
നകുലഃ സഹദേവഃ ച = നകുലനും സഹദേവനും
സുഘോഷമണിപുഷ്പകൗ = സുഘോഷം മണിപുഷ്പകം എന്നിവയേയും മുഴക്കി

17. കാശ്യശ്ച പരമേഷ്വാസഃ ശിഖണ്ഡീ ച മഹാരഥഃ
ധൃഷ്ടദ്യുമ്നോ വിരാടശ്ച സാത്യകിശ്ചാപരാജിതഃ
18.ദ്രുപദോ ദ്രൗപദേയാശ്ച സര്‍വശഃ പൃഥിവീപതേ
സൗഭദ്രശ്ച മഹാബാഹുഃ ശംഖാന്‍ ദധ്മുഃ പൃഥക്‌ പൃഥക്‌

പരമേഷ്വാസഃ കാശ്യഃ = മഹത്തായ വില്ലുള്ള കാശിരാജന്‍
മഹാരഥഃ ശിഖണ്ഡീ = മഹാരഥനായ ശിഖണ്ഡി
ധൃഷ്ടദ്യുമ്നഃ വിരാടഃ അപരാജിതഃ സാത്യകി = ധൃഷ്ടദ്യുമ്നന്‍ വിരാടന്‍ അപരാജിതനായ സാത്യകി
ദ്രുപദഃ ദ്രൗപദേയാഃ = ദ്രുപദനും ദ്രൗപദിയുടെ അഞ്ചു പുത്രന്മാരും
സൗഭദ്ര്അഃ = അഭിമന്യുവും
പൃഥക്‌ പൃഥക്‌ ശംഖാന്‍ ദധ്മുഃ = വെവ്വേറേ ശംഖു മുഴക്കി.

19. സ ഘോഷോ ധാര്‍ത്തരാഷ്ട്രാണാം ഹൃദയാനി വ്യദാരയത്‌
നഭശ്ച പൃഥിവീം ചൈവ തുമുലോ വ്യനുനാദയത്‌

തുമുലഃ സ ഘോഷഃ = അതിഭയങ്കരമായ ആശബ്ദം
നഭഃ പൃഥിവീം ച വ്യനുനാദയത്‌ = ആകാശത്തേയും ഭൂമിയേയും പ്രതിധ്വനിപ്പിച്ച്‌
ധാര്‍ത്തരാഷ്ട്രാണാം ഹൃദയാനി വ്യദാരത്‌ = ധൃതരാഷ്ട്രപക്ഷക്കാരുടെ ഹൃദയങ്ങളേ പീഡിപ്പിച്ചു.
ആദ്യം ധൃതരാഷ്ട്രപക്ഷക്കാരുടെ ശംഖധ്വനി വളരെ ഭയങ്കരമായിരുന്നു എന്നു പറഞ്ഞു എങ്കിലും അത്‌ പാണ്ഡവപക്ഷക്കാരെ ഭയപ്പെടുത്തിയതായ്‌ഇ പറഞ്ഞില്ല, എന്നാല്‍ ഇവിടെ തിരിച്ചാണ്‌ ആ ശബ്ദം കേട്ട്‌ ധൃതരാഷ്ട്രരുടെ ആളുകള്‍ ഭയപ്പെടുക തന്നെ ചെയ്തു.

20. അഥ വ്യവസ്ഥിതാന്‍ ദൃഷ്ട്വാ ധാര്‍ത്തരാഷ്ട്രാന്‍ കപിധ്വജഃ
പ്രവൃത്തേ ശസ്ത്രസമ്പാതേ ധനുരുദ്യമ്യ പാണ്ഡവഃ
21. ഹൃഷീകേശം തദാ വാക്യമിദമാഹ മഹീപതേ
അര്‍ജ്ജുന ഉവാച
സേനയോരുഭയോര്‍മ്മധ്യേ രഥം സ്ഥാപയ മേച്യുത

മഹീപതേ = അല്ലയോ രാജാവേ
അഥ = അനന്തരം
കപിധ്വജഃ പാണ്ഡവഃ = ഹനുമാന്‍ കൊടിയടയാളമായുള്ള അര്‍ജ്ജുനന്‍
ശസ്ത്രസമ്പാതേ പ്രവൃത്തേ (സതി)= അസ്ത്രപ്രയോഗത്തിനു തയ്യാറായ അവസരത്തില്‍
ധനുഃ ഉദ്യമ്യ = വില്ലുയര്‍ത്തിയിട്ട്‌
ഹൃഷീകേശം ഇദം വാക്യം ആഹ = കൃഷ്ണനോട്‌ ഈ വാക്കുകള്‍ പറഞ്ഞു.
അച്യുത = അല്ലയോ അച്യുതാ (ഏതു കാലത്തിലും സ്ഥാനഭ്രംശം ഇല്ലാത്തവന്‍ - എല്ലാകാലത്തും ഒരുപോലെ നിലനില്‍ക്കുന്നവന്‍)
മേ രഥം = എന്റെ രഥം
സേനയോഃ ഉഭയോഃ മധ്യേ സ്ഥാപയ= രണ്ടു സേനകളുടേയും മധ്യത്തിലായി നിര്‍ത്തിയാലും

രണ്ടു സൈന്യങ്ങളും യുദ്ധത്തിനൊരുങ്ങി നില്‍ക്കുന്നു രണ്ടു കൂട്ടരുടേയും ശംഖു നാദവും മുഴങ്ങി. അടുത്തത്‌ യുദ്ധമാണ്‌. ഈ അവസരത്തിലാണ്‌ തന്റെ പക്ഷക്കാരും എതിരാളികളും ആരൊക്കെയാണ്‌ എന്ന്‌ അവസാനമായി ഒന്നു കൂടി കാണുന്നതിനായി അര്‍ജ്ജുനന്‍ ആഗ്രഹിക്കുന്നത്‌.

ഒരു പുനര്‍വിചിന്തനം ആവശ്യമായിരുന്നു എങ്കില്‍ അതിനുള്ള അവസാന അവസരമാണ്‌ ഇത്‌. യുദ്ധം തുടങ്ങി കഴിഞ്ഞാല്‍ പിന്നീട്‌ പശ്ചാത്തപിച്ചിട്ടു കാര്യമില്ല. അതിനു വേണ്ടി അര്‍ജ്ജുനന്‍ ഹൃഷീകേശനായ കൃഷ്ണനോട്‌- സര്‍വേന്ദ്രിയങ്ങളുട്വെയും പ്രവര്‍ത്തകനഅയ കൃഷ്ണനോട്‌ തന്റെ രഥം രണ്ടു സേനകളൂടേയും മധ്യത്തില്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നത്‌.

അവിടെ സംബോധന ചെയ്യുന്നതോ അച്യുതാ എന്ന്‌ - അവന്‍ ചിരകാലം ച്യുതി ഇല്ലാത്തവനാണ്‌ - നിത്യനാണ്‌ അവന്റെ ആശ്രയമാണ്‌ അര്‍ജ്ജുനന്‍ സ്വീകരിച്ചിരിക്കുന്നതും. അതിനാല്‍ അര്‍ജ്ജുനന്‌ ഭയത്തിന്‌ അവകാശമില്ല, അത്‌ അദ്ദേഹത്തിന്‌ അറിയുകയും ചെയ്യാം -അതുകൊണ്ടാണ്‌ ഈ സംബോധന.

9 comments:

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതിനു വേണ്ടി അര്‍ജ്ജുനന്‍ ഹൃഷീകേശനായ കൃഷ്ണനോട്‌- സര്‍വേന്ദ്രിയങ്ങളുട്വെയും പ്രവര്‍ത്തകനഅയ കൃഷ്ണനോട്‌ തന്റെ രഥം രണ്ടു സേനകളൂടേയും മധ്യത്തില്‍ നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നത്‌.

അവിടെ സംബോധന ചെയ്യുന്നതോ അച്യുതാ എന്ന്‌ - അവന്‍ ചിരകാലം ച്യുതി ഇല്ലാത്തവനാണ്‌ - നിത്യനാണ്‌ അവന്റെ ആശ്രയമാണ്‌ അര്‍ജ്ജുനന്‍ സ്വീകരിച്ചിരിക്കുന്നതും. അതിനാല്‍ അര്‍ജ്ജുനന്‌ ഭയത്തിന്‌ അവകാശമില്ല, അത്‌ അദ്ദേഹത്തിന്‌ അറിയുകയും ചെയ്യാം -അതുകൊണ്ടാണ്‌ ഈ സംബോധന.

Rasheed Chalil said...

മാഷേ ഈ ശ്രമം ഇപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. വളരെ നല്ല ശ്രമം. അഭിനന്ദങ്ങള്‍. തുടരുമല്ലോ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ ഇത്തിരിവെട്ടം,
നല്ല വാക്കുകള്‍ക്കു നന്ദി.

Dinkan-ഡിങ്കന്‍ said...

കാലത്തേ നിശ്ചലമാക്കി നിര്‍ത്തിയ അവസ്ഥയില്‍ ഗീത തുടരട്ടേ.. പണിക്കരുമാഷേ ഡിങ്കന്‍ ഇവിടൊക്കെ തന്നെ ഉണ്ട്. കേട്ടോ

സിദ്ധാര്‍ത്ഥന്‍ said...

നന്നായി ഇങ്ങനെ ഒരു ശ്രമം. എന്നാലും ഓരോന്നായി ചെയ്യുന്ന സ്ഥിതിക്കു് സമയമെടുത്തു തന്നെ ചെയ്യാം എന്നാണെന്റെ അഭിപ്രായം. പൂര്‍ത്തിയാവുന്ന മുറയ്ക്കു് വിക്കി ഗ്രന്ഥശേഖരത്തിലുമിടാമല്ലോ.

ഗുരു നിത്യചൈതന്യയതി ഈ ആദ്യ ഭാഗത്തിനെ വിഷയമവതരിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്നതായി പറയുന്നു. അതിനായി രണ്ടു വിധത്തിലുള്ള വിഷാദം പറയാനാണത്രേ ദുര്യോധനനെ ആദ്യമേ അവതരിപ്പിച്ചതു്. അപര്യാപ്തം എന്നതു് അതേയര്‍ത്ഥത്തിലാണു്, അഥവാ, തന്റെ ബലം അപര്യാപ്തമാണെന്ന ഭയം അപ്പൊഴും ദുര്യോധനനെ ഗ്രസിച്ചിരുന്നു എന്നാണു് അദ്ദേഹം വ്യാഖ്യാനിച്ചിരുന്നതെന്നാണോര്‍മ്മ. ഈ ഭയത്തില്‍ നിന്നുണ്ടായ വിഷാദമാണത്രേ ദുര്യോധനന്റേതു്. അതില്‍ ശ്രേഷ്ഠതയൊന്നുമില്ല. അയാള്‍ക്കുപദേശത്തിന്റെ ആവശ്യവുമില്ല. ( അതുകൊണ്ടായിരിക്കണം ഭീഷ്മര്‍ ഒന്നും മിണ്ടാതെ ശംഖു മുഴക്കിയതു്). എന്നാല്‍ അച്യുതന്‍ സാരഥിയായ അര്‍ജ്ജുനനു് താന്‍ തോല്‍ക്കുമെന്നുള്ള ഭയമായിരുന്നില്ല വിഷാദഹേതു എന്നു പ്രത്യേകം പരാമര്‍ശിക്കുകയാണീ ഭാഗങ്ങളില്‍ എന്നാണദ്ദേഹത്തിന്റെ കാഴ്ചപ്പാടു്.

അതുപോലെ മാമകഃ പാണ്ഡവഃ എന്നു് ധൃതരാഷ്ട്രരും അസ്മാകം എന്നു് ദുര്യോധനനും പറഞ്ഞിടത്തു് രണ്ടു സേന എന്നര്‍ജ്ജുനന്‍ പറഞ്ഞതും ഉപദേശം നല്‍കപ്പെടുന്ന ആളിനെ പറ്റി സൂചന തരുന്നില്ലേ എന്നെനിക്കും തോന്നുന്നു.

( അബദ്ധായോ??..)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

പ്രിയ സിദ്ധാര്‍ഥന്‍,

വളരെ ശരിയാണ്‌ പറഞ്ഞത്‌. ദുര്യോധനന്‌ പറഞ്ഞ വാക്കുകളുടെ അര്‍ഥത്തേ ശ്രീ പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍ വ്യഖ്യാനിച്ചിരിക്കുന്നിടത്ത്‌ രണ്ടു വിധത്തിലുള്ള അര്‍ഥവും വ്യക്തമാക്കിയിട്ടുണ്ട്‌.

എങ്ങനെയെന്നാല്‍ നമ്മുടെ സൈവ്യം അസമര്‍ത്ഥമാണെങ്കിലും ബുദ്ധിമാനായ ഭീഷ്മരുടെ നേതൃത്വത്തില്‍ സമര്‍ത്ഥമായി ഭവിക്കും നേരെ മറിച്ച്‌ അവരുടെ സൈന്യം സമര്‍ത്ഥമാണെങ്കിലും താരതമ്യേന ബുദ്ധികുറഞ്ഞ ഭീമന്റെ നേതൃത്വത്തിലായതു കൊണ്ട്‌ അസമര്‍ത്ഥമായും ഭവിക്കും എന്ന്‌.

അസമര്‍ത്ഥമാണ്‍് തന്റെ സൈന്യം എന്ന ഭീതി ദുര്യോധനനില്‍ ആദ്യം തന്നെ ഉണ്ട്‌.
നിങ്ങളെ പോലെയുള്ളവരുടെ സഹകരണം കൂടി ഉണ്ടെങ്കില്‍ ഈ ശ്രമം ഒരു വിജയമാകും എന്ന്‌ പ്രതീക്ഷിക്കുന്നു. നന്ദി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്രീ സിദ്ധാര്‍ഥന്‍
ശ്രീ ശങ്കരാചാര്യരുടെ വ്യാഖ്യാനത്തെ കുറിച്ചു വിദഗ്ദ്ധന്മാര്‍ പറയുന്നത്‌ ഇത്‌ ഒരു ഉപോദ്ഘതം മാത്രമാണ്‌ എന്നാണ്‌. അതായത്‌ ഗീതയുടെ സാരാംശങ്ങള്‍ ഉപദേശിക്കുവാന്‍ കൃഷ്ണന്‌ ഒരു അവസരം ഒരുക്കി കൊടുക്കുന്ന ഭാഗം. ഭഗവത്‌ ഗീതയുടെ ഒന്നാം അദ്ധ്യായം മുഴുവനും , രണ്ടാം അദ്ധ്യായത്തിലെ ആദ്യത്തേ 11 ശ്ലോകങ്ങളും ചെയ്യുന്നത്‌ അതാണ്‌. ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ അതിശക്തനായ ഒരു മനുഷ്യന്‍ ഇതികര്‍ത്തവ്യഥാമൂഢനായി നില്‍ക്കുമ്പോള്‍ ആ അവസ്ഥയില്‍ നിന്നും കരകയറ്റി - അതായത്‌ - ഇന്നത്തെ ലോകത്തില്‍ എന്നെ പോലെയുള്ള വൈദ്യന്മാര്‍ നേരിടുന്ന depression ന്റെ അനേകായിരം മടങ്ങു ശക്തിയുള്ള ഒരു സന്ദര്‍ഭത്തില്‍ എന്താണ്‌ ഭഗവാന്‍ കൃഷ്ണന്‍ ഉപദേശിച്ചത്‌- അത്‌ പഠിക്കുവാന്‍ യോഗ്യമാണോ?
നമുക്കു മുന്നോട്ടു കാണാം

സിദ്ധാര്‍ത്ഥന്‍ said...

പ്രിയ ഡോ. പണിക്കര്‍,
എന്റെ രണ്ടുപൈസ ഇടുന്നതില്‍ സന്തോഷമേയുള്ളൂ. വിവരക്കുറവു് നല്ലതുപോലെയുള്ളതുകൊണ്ടും, നെറ്റ് പ്രാപ്യത വളരെ കുറഞ്ഞിരിക്കുന്ന സാഹചര്യമായതുകൊണ്ടും, വാഗ്ദാനമൊന്നും നടത്തുന്നില്ല.
ഗീത ഒരു സിദ്ധാന്തമവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥമായാണു് യതി പരിചയപ്പെടുത്തുന്നതു്. അതിനവലംബിച്ചിട്ടുള്ള രീതിവിധാനം ഡയലറ്റിക്സാണത്രേ. അതുകൊണ്ടു തന്നെ പൂര്‍വ്വപക്ഷം വളരെവ്യക്തമായി മനസിലാക്കണമെന്നദ്ദേഹം ആവശ്യപ്പെടുന്നു. ഏതു തരം സന്ദേഹമാണു്, വിഷാദമാണു് അര്‍ജ്ജുനനുണ്ടായതെന്നു് തിരിച്ചറിയേണ്ടതുണ്ട്(ത്രേ).
സംരഭത്തിനു് എല്ലാ വിധ ആശംസകളും നേരുന്നു.

PS:(ഷിജു അലക്സിനു് ഫില്‍ട്ടറുണ്ടോ ആവോ?)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...


സിദ്ധാര്‍ത്ഥന്‍ said...
അതുകൊണ്ടു തന്നെ പൂര്‍വ്വപക്ഷം വളരെവ്യക്തമായി മനസിലാക്കണമെന്നദ്ദേഹം ആവശ്യപ്പെടുന്നു. ഏതു തരം സന്ദേഹമാണു്, വിഷാദമാണു് അര്‍ജ്ജുനനുണ്ടായതെന്നു് തിരിച്ചറിയേണ്ടതുണ്ട്(ത്രേ).


പ്രിയ സിദ്ധാര്‍ഥന്‍,

അര്‍ജ്ജുനന്റെ വിഷാദം എന്താണെന്നും അതിനുള്ള ചികില്‍സ എനതാണെന്നും മനസ്സിലായാല്‍ ഗീത മനസ്സിലായി.

അര്‍ജ്ജുനന്റെ വിഷാദത്തില്‍ ഇന്നത്തെ ഹിന്ദുത്വത്തിലെ ദുഷിച്ച അനാചാരങ്ങളെല്ലാം ഉണ്ട്‌- അഥവാ ഒരു ശുദ്ധ അനാചാരിയായ ഹിന്ദു ആണ്‌ വിഷാദമുള്ള അര്‍ജ്ജുനന്‍.

അതു ദൂരീകരിക്കാനുള്ള ഉപദേശമാന്‌ ശ്രീകൃഷ്ണന്‍ നല്‍കുന്നത്‌.
നമുക്ക്‌ മുന്നോട്ട്‌ കാണാം
നന്ദി